വിപുലീകരണത്തിന്റെ പാതയില്‍ ഡെല്‍ഹി മെട്രോ

വിപുലീകരണത്തിന്റെ പാതയില്‍ ഡെല്‍ഹി മെട്രോ

അടുത്ത മാര്‍ച്ച് മുതല്‍ 45% അധിക ട്രെയ്‌നുകള്‍

ന്യൂഡെല്‍ഹി: മൂന്നാം ഘട്ട പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങവേ വന്‍തോതിലുള്ള വിപുലീകരണത്തിന്റെ പാതയിലാണ് ഡെല്‍ഹി മെട്രോ. അടുത്ത മാര്‍ച്ചോടെ നെറ്റ്‌വര്‍ക്ക് 218 കിലോമീറ്ററില്‍ നിന്ന് 348 കിലോമീറ്ററിലേക്ക് വര്‍ധിപ്പിക്കുന്നതിനൊപ്പം ട്രെയ്‌നുകളുടെ എണ്ണം നിലവിലെ 227 ട്രെയ്‌നുകളില്‍ നിന്ന് 45 ശതമാനം വര്‍ധിപ്പിച്ച 328 ആക്കും. ഒക്‌റ്റോബര്‍ ആദ്യത്തില്‍ വരാനിരിക്കുന്ന രണ്ട് ഇടനാഴികളുടെ കമ്മീഷനിംഗ് ഡെല്‍ഹി മെട്രോ റെയ്ല്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ആരംഭിക്കും. മജന്ത ലൈന്‍ (ജനക്പുരി വെസ്റ്റ്-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍), പിങ്ക് ലൈന്‍ (മജ്‌ലിസ് പാര്‍ക്-ശിവ് വിഹാര്‍) എന്നിവയാണ് വരാനിരിക്കുന്ന രണ്ട് ഇടനാഴികള്‍. 2018 മാര്‍ച്ചിനകം രണ്ട് ലൈനുകളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാല്, ആറ്, എട്ട് എന്നിങ്ങനെ റാക്കുകളുള്ള 227 ട്രെയ്‌നുകളാണ് നിലവില്‍ ഡിഎംആര്‍സി പ്രവര്‍ത്തിപ്പിക്കുന്നത്. മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് 328 ആകും. കോച്ചുകളുടെ എണ്ണം 1468ല്‍ നിന്ന് 2158 ആയി ഉയരും. 690 പുതിയ കോച്ചുകളില്‍ മജന്ത, പിങ്ക് ലൈനുകള്‍ക്കായി 504 എണ്ണം ഉപയോഗിക്കും. നിലവിലെ ഇടനാഴികളിലൂടെയുള്ള ട്രെയ്‌നുകളുടെ എണ്ണം 227 ല്‍ നിന്നും 244 ആയി വര്‍ധിപ്പിക്കും. ഇതില്‍ ഭൂരിഭാഗവും 8 കോച്ചുകളുടെതാണ്. കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യത്തിനായി 6- കോച്ച് ട്രെയ്‌നുകളെ 8- കോച്ചാക്കി മാറ്റും.

ഏറ്റവും തിരക്കേറിയ പാതയായ ബ്ലൂ ലൈനില്‍ (ദ്വാരക സെക്റ്റര്‍ 21-നോയ്ഡ സിറ്റി സെന്റര്‍/വൈശാലി) കൂടുതല്‍ ട്രെയ്‌നുകള്‍ ഉടന്‍ അനുവദിക്കും. ഈ ലൈനില്‍ 8- കോച്ച് ട്രെയ്‌നുകളുടെ എണ്ണം 56 ല്‍ നിന്ന് 65 ആയി ഉയര്‍ത്തും. രണ്ടാമത്തെ തിരക്കേറിയ ഇടനാഴിയായ യെല്ലോ ലൈനില്‍ (സമയ്പുര്‍-ഹുഡ സിറ്റി സെന്റര്‍) 8- കോച്ച് ട്രെയ്‌നുകളുടെ എണ്ണം 38ല്‍ നിന്നും 52 ആക്കി വര്‍ധിപ്പിക്കും.

പുതുതായി തുറന്ന വയലറ്റ് ലൈനി (കശ്മിരി ഗേറ്റ്-എസ്‌കോര്‍ട്‌സ് മുജീസര്‍) നൊപ്പം പിങ്ക്, മജന്ത ലൈനുകളിലും 6-കോച്ച് ട്രെയ്‌നുകളാണ് ഓടുക. ബ്ലൂ, യെല്ലോ ഇടനാഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഇടനാഴികളില്‍ യാത്രികരുടെ എണ്ണം കുറവായതിനാലാണിത്. ഡിഎംആര്‍സിയുടെ ആദ്യത്തെ പ്രവര്‍ത്തന ഇടനാഴിയായ റെഡ് ലൈനി (ദില്‍ഷാദ് ഗാര്‍ഡന്‍-റിഹ്തല) ലെ 4-കോച്ച് ട്രെയ്‌നുകളെ 6-കോച്ച് ട്രെയ്‌നുകളായി പരിവര്‍ത്തനം ചെയ്യും. പത്ത് 6-കോച്ച് ട്രെയ്‌നുകളെ 39ലേക്ക് ഉയര്‍ത്തും.

കൂടുതല്‍ ട്രെയ്‌നുകളോടൊപ്പം കൂടുതല്‍ ജീവനക്കാരെയും ഡിഎംആര്‍സി വിന്യസിക്കും. ട്രെയ്ന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍, കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവുകള്‍ എന്നീ വിഭാഗങ്ങളിലായി 3,000 ജീവനക്കാരെ കൂടി കൂട്ടിച്ചേര്‍ക്കും. നിലവില്‍ 9,000 ജീവനക്കാരാണ് ഡിഎംആര്‍സിക്കുള്ളത്.

Comments

comments

Categories: More, Slider