ഒപെല്‍, വോക്‌സ്ഹാള്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ പിഎസ്എ ഗ്രൂപ്പ് തീരുമാനിച്ചു

ഒപെല്‍, വോക്‌സ്ഹാള്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ പിഎസ്എ ഗ്രൂപ്പ് തീരുമാനിച്ചു

2.5 ബില്യണ്‍ ഡോളറിനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നത്

ഫ്രാങ്ക്ഫര്‍ട്ട് : ജനറല്‍ മോട്ടോഴ്‌സില്‍നിന്ന് ഒപെല്‍, വോക്‌സ്ഹാള്‍ ബ്രാന്‍ഡുകള്‍ പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കും. 2.5 ബില്യണ്‍ ഡോളറിനാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ ഒപെല്‍, വോക്‌സ്ഹാള്‍ എന്നീ യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നത്. ഏറ്റെടുക്കല്‍ പ്രക്രിയ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് പിഎസ്എ ഗ്രൂപ്പ് പുതിയ മാനേജ്‌മെന്റിനെ നിയോഗിച്ചു. നൂറ് ദിവസത്തിനുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇതോടെ വില്‍പ്പന കണക്കുകളില്‍ ഫ്രഞ്ച് എതിരാളിയായ റെനോയെ പിന്തള്ളി യൂറോപ്പിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായി ഫ്രാന്‍സ് ആസ്ഥാനമായ പിഎസ്എ ഗ്രൂപ്പ് മാറും. ഒന്നാം സ്ഥാനം ഫോക്‌സ്‌വാഗണാണ്. പ്യൂഷോ, സിട്രോയിന്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത് പിഎസ്എ ഗ്രൂപ്പ് ആണ്.

യഥാര്‍ത്ഥ യൂറോപ്യന്‍ ചാമ്പ്യന്റെ പിറവിക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പിഎസ്എ ചെയര്‍മാന്‍ കാര്‍ലോസ് ടവറെസ് പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു. ലാഭ മാര്‍ഗ്ഗത്തിലേക്ക് തിരികെ വരാന്‍ ഒപെലിനെയും വോക്‌സ്ഹാളിനെയും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപെല്‍ ബ്രാന്‍ഡ് വാങ്ങാനുള്ള തീരുമാനം മാര്‍ച്ച് മാസത്തിലാണ് പിഎസ്എ വെളിപ്പെടുത്തിയത്.

ഏറ്റെടുക്കുന്നതോടെ ഇരു ബ്രാന്‍ഡുകളുടെയും പ്രവര്‍ത്തന ചെലവുകള്‍ പ്രതിവര്‍ഷം 1.7 ബില്യണ്‍ യൂറോ വരെ (രണ്ട് ബില്യണ്‍ ഡോളര്‍) കുറയ്ക്കാമെന്നാണ് പിഎസ്എ ഗ്രൂപ്പ് കണക്കുകൂട്ടുന്നത്. പര്‍ച്ചെയ്‌സിംഗ്, ഗവേഷണ-വികസന വിഭാഗങ്ങളില്‍ ചെലവ് ചുരുക്കാനാണ് ആലോചിക്കുന്നത്.

2020 ഓടെ നഷ്ടത്തില്‍നിന്ന് കര കയറുകയും രണ്ട് ശതമാനം ലാഭം കൈവരിക്കുകയുമാണ് ഒപെലിന്റെ ലക്ഷ്യം. 2026 ഓടെ പ്രവര്‍ത്തന ലാഭം ആറ് ശതമാനമായി വര്‍ധിപ്പിക്കുകയാണ് പിന്നീടുള്ള ലക്ഷ്യമെന്ന് ഒപെല്‍ അറിയിച്ചു. ഒപെല്‍ ജര്‍മ്മനായും വോക്‌സ്ഹാള്‍ ബ്രിട്ടീഷ് ആയും തുടരുമെന്ന് പിഎസ്എ ചെയര്‍മാന്‍ വ്യക്തമാക്കി.

Comments

comments

Categories: Auto