ബിഎസ് 4 വാഹനങ്ങളേക്കാള്‍ മലിനീകരണം സൃഷ്ടിക്കുന്നത് ഇ-കാറുകളെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മേധാവി

ബിഎസ് 4 വാഹനങ്ങളേക്കാള്‍ മലിനീകരണം സൃഷ്ടിക്കുന്നത് ഇ-കാറുകളെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മേധാവി

ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും ഉല്‍പ്പാദിപ്പിക്കുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍നിന്നാണെന്ന് റോളണ്ട് ഫോള്‍ഗര്‍

ന്യൂ ഡെല്‍ഹി : 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മേധാവി റോളണ്ട് ഫോള്‍ഗര്‍. ഇലക്ട്രിക് കാറുകള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണം ബിഎസ് 4 വാഹനങ്ങളേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഫോള്‍ഗര്‍ പ്രസ്താവിച്ചു. ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും ഉല്‍പ്പാദിപ്പിക്കുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍നിന്നാണ്. അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിന് ഇത്തരം വൈദ്യുതോല്‍പ്പാദനം കാരണമാകുമെന്ന് റോളണ്ട് ഫോള്‍ഗര്‍ ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് വാഹനങ്ങള്‍ ഭാരത് സ്‌റ്റേജ് 4 വാഹനങ്ങളേക്കാള്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുമെന്ന വാദത്തെ ഖണ്ഡിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഫോള്‍ഗര്‍ പറഞ്ഞു. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി ഇന്ത്യയെ മാറ്റുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്ത് മുപ്പത് ശതമാനം വീതം പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കേന്ദ്ര സര്‍ക്കാരിന് അനുവര്‍ത്തിക്കാവുന്ന മാര്‍ഗ്ഗം ഇതാണെന്നും റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏകദേശം 65 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് പ്രകൃതി വാതകങ്ങള്‍, പെട്രോളിയം, കല്‍ക്കരി എന്നിവയില്‍നിന്നാണ്. ഈ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണം ചില്ലറയല്ല. അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഈ വൈദ്യുത നിലയങ്ങള്‍ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എല്ലാം അന്തരീക്ഷത്തിലേക്ക് പറത്തിവിടുകയാണെന്നും അതുകൊണ്ടാണ് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നതെന്നും റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു.

വാഹന ഉടമകള്‍ കൂടുതലായി ഉപയോഗിക്കുന്നതോടെ അധിക കാലം കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയില്ല. അതേസമയം ഉപയോഗം കുറയുന്നതോടെ ഡീസലിന്റെയും മറ്റ് ഇന്ധനങ്ങളുടെയും വില ലോകമെങ്ങും കുറയാനാണ് സാധ്യത. അത്തരമൊരു സാഹചര്യത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും അഭികാമ്യവുമായിത്തീരുമെന്ന് റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു.

പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിക്ഷേപം നടത്തുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ ചെലവ് വരുന്ന കാര്യമാണ്. വൈദ്യുതി ആവശ്യകതയ്ക്കനുസരിച്ച് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതും കേന്ദ്ര സര്‍ക്കാരിന് ബുദ്ധിമുട്ടാകും.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ മാത്രമേ ആണവോര്‍ജ്ജ നിലയത്തിലും കാറ്റ്, ജലം, സൂര്യന്‍ മുതലായ പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസ്സുകളിലും നിക്ഷേപം നടത്തുന്നത് തിരിച്ചുപിടിക്കാന്‍ കഴിയൂ. വൈദ്യുതി നിരക്ക് ഡീസലിനേക്കാള്‍ വര്‍ധിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ പോകുന്നത്.

ജര്‍മ്മനി പോലുള്ള വികസിത രാജ്യങ്ങള്‍ക്കുപോലും ഈ പരിവര്‍ത്തനം താങ്ങാന്‍ കഴിയില്ല. സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന യൂറോപ്പ് എന്ന സ്വപ്‌നം അവിടെ നടക്കില്ല. സമ്പൂര്‍ണ്ണ വൈദ്യുത വാഹന യൂറോപ്പ് ആകണമെങ്കില്‍ ടണ്‍ കണക്കിന് പണം വേണം. അതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ല. ചരക്ക് സേവന നികുതി നടപ്പാക്കിയശേഷവും സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറാനുള്ള ബജറ്റ് ഇന്ത്യയ്ക്കില്ലെന്ന് റോളണ്ട് ഫോള്‍ഗര്‍ പ്രസ്താവിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററികള്‍ നിര്‍മ്മിക്കുന്ന സമയത്ത് വലിയ തോതില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനം നടക്കുന്ന കാര്യവും മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മേധാവി ചൂണ്ടിക്കാട്ടി. ഉപയോഗശൂന്യമായ ബാറ്ററികള്‍ സുരക്ഷിതമായി നശിപ്പിക്കുന്നത് മറ്റൊരു തലവേദനയായിത്തീരുമെന്നും റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു.

Comments

comments

Categories: Auto