ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിനെ തടഞ്ഞ് ഇന്ത്യ

ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിനെ തടഞ്ഞ് ഇന്ത്യ

അതിര്‍ത്തി സംഘര്‍ഷം വ്യാപാരബന്ധങ്ങളിലും പ്രതിഫലിക്കുന്നുവെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയെ 1.3 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനുള്ള ചൈനീസ് ഔഷധ നിര്‍മാണ-വിതരണ കമ്പനിയായ ഫോസണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ നീക്കത്തിന് ചുവപ്പ്‌കൊടിയുമായി ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ ചൈനീസ് ഏറ്റെടുക്കല്‍ പദ്ധതിയാണ് ഇതുവഴി റദ്ദാക്കപ്പെടുന്നതെന്നാണ് സംഭവവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഗ്ലാന്‍ഡ് ഫാര്‍മ ലിമിറ്റഡിലെ 86 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള ചൈനീസ് കമ്പനിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കാന്‍ തീരുമാനിച്ചത്.

തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ അടുത്തിടെയായി ഗുരുതര സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഏറ്റെടുക്കലില്‍ ഇപ്പോള്‍ നേരിട്ട പരാജയം ഫോസണ്‍ ഫാര്‍മയ്ക്ക് വന്‍ തിരിച്ചടിയായാണ് കണക്കാക്കുന്നത്. യുഎസ് മരുന്ന് വിപണിക്കാവശ്യമായ ജനറിക് മരുന്നുകളാണ് ഗ്ലാന്‍ഡ് ഫാര്‍മ പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്. ഇടപാട് വഴി ലോകത്തിലെ ഏറ്റവും വലിയ ഔഷധമരുന്ന് വിപണിയായ യുഎസില്‍ ചുവടുറപ്പിക്കാമെന്നതായിരുന്നു ചൈനീസ് കമ്പനിയുടെ ലക്ഷ്യം.
ഇത്തരത്തില്‍ ഒരു വലിയ ഇടപാട് തള്ളിക്കളയുന്നത് കൃത്യമായ സൂചനയാണെന്നാണ് വ്യവസായ, നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈനീസ് ബിസിനസുകള്‍ക്ക് ശക്തമായ നിയന്ത്രണം ഉണ്ടാകുമെന്ന സന്ദേശം ഇതിനുണ്ടെന്നാണ് നിരീക്ഷണം. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രൂപംകൊണ്ട് സംഘര്‍ഷാവസ്ഥ വ്യാപാരതലത്തിലേക്കും എത്തുന്നുവെന്നും ചൈനയില്‍ നിന്നും ഇത്തരം നടപടികള്‍ ഉണ്ടാകാമെന്നുമാണ് വ്യവസായ സമൂഹം നിരീക്ഷിക്കുന്നത്.

ചൈനിസ് കോടിശ്വരനായ ഗുവ ഗ്വാന്‍ഷാംഗ് പിന്തുണയ്ക്കുന്ന കമ്പനിയാണ് ഫോസണ്‍ ഫാര്‍മ. ഏറ്റെടുക്കല്‍ അവലോകനം സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ച ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ഫോസണ്‍ ഫാര്‍മ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കെകെആര്‍ ആന്‍ഡ് കമ്പനിയടക്കമുള്ള ഇന്‍വെസ്റ്റര്‍ ഗ്രൂപ്പില്‍ നിന്ന് ഗ്ലാന്‍ഡ് ഫാര്‍മയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഫോസണ്‍ ഫാര്‍മ സമ്മതിച്ചത്.

‘ചൈനയുമായുള്ള ഇന്ത്യയുടെ ഇടപെടല്‍ ബഹുമുഖമാണ്. പൊതുവായ കാഴ്ചപ്പാടുള്ള കാര്യങ്ങളില്‍ സമീപവര്‍ഷങ്ങളില്‍ ഇടപെടല്‍ വ്യാപിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു’ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വികെ സിംഗ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നുു. മുന്‍പ് അംഗീകരിച്ച തത്ത്വങ്ങളില്‍ ഇരുപക്ഷവും നീങ്ങണം. ഇന്ത്യയും ചൈനയും അവരുടെ ബന്ധത്തിലെ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories