മങ്കി ബൈക്കുകള്‍ ഉള്‍പ്പെടെ 50 സിസി ബൈക്കുകള്‍ ചരിത്രമാകുന്നു

മങ്കി ബൈക്കുകള്‍ ഉള്‍പ്പെടെ 50 സിസി ബൈക്കുകള്‍ ചരിത്രമാകുന്നു

കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് 50 സിസി മോട്ടോര്‍ബൈക്കുകള്‍ക്ക് ഭീഷണിയായത്

ടോക്കിയോ : ജപ്പാനിലെ നിരത്തുകള്‍ക്ക് ചിരപരിചിതമായ മങ്കി ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള 50 സിസി ബൈക്കുള്‍ നാമാവശേഷമാകുന്നു. കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് 50 സിസി മോട്ടോര്‍ബൈക്കുകള്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. മങ്കി അഥവാ ഗൊറില്ലാ ബൈക്കുകളെന്ന് അറിയപ്പെടുന്ന ഹോണ്ടയുടെ ഇസഡ് സീരീസ് മിനി മോട്ടോര്‍സൈക്കിളുകള്‍ 50 സിസി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. ഇസഡ് സീരീസ് മിനി മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നവരെ കണ്ടാല്‍ കുരങ്ങന്‍മാരെ പോലെ തോന്നിപ്പിക്കുമെന്നതുകൊണ്ടാണ് ഈ 50 സിസി ബൈക്കുകള്‍ക്ക് മങ്കി ബൈക്ക് എന്ന പേര് വീണത്. 50 സിസി എന്‍ജിന്‍ മോട്ടോര്‍സൈക്കിളുകളില്‍നിന്നാണ് ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായി ഹോണ്ട മോട്ടോര്‍ കമ്പനി വളര്‍ന്നത്.

വളരെയെളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ സ്‌കൂട്ടറുകളുടെ നിലനില്‍പ്പ് ഇപ്പോള്‍ ഭീഷണിയിലാണ്. 2020 മുതല്‍ നടപ്പാക്കുന്ന കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് ഈ ബൈക്കുകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നത്.

ഹോണ്ട, യമഹ, സുസുകി എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം ഒരു കൂട്ടം 50 സിസി മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. പുതിയ മാനദണ്ഡങ്ങളനുസരിച്ച് 50 സിസി മോഡലുകള്‍ പുറത്തിറക്കുന്നത് ഒട്ടും ലാഭകരമാകില്ലെന്നതിനാല്‍ ഈ കമ്പനികള്‍ ഇക്കാര്യത്തില്‍ ഇനി വീണ്ടുവിചാരം നടത്താനിടയില്ല. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം, അവസാന മങ്കി മോഡലുകള്‍ ഈ മാസം ഫാക്ടറികളില്‍നിന്ന് പുറത്തിറങ്ങും.

എന്തൊക്കെയായാലും, മങ്കി ബൈക്കുകളുടെ കാര്യത്തില്‍ ഇതുവരെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ചീഫ് ഓഫീസര്‍ നോറിയാക്കി ആബെ പറഞ്ഞു. എന്നാല്‍ ഇതിനപ്പുറം കഴിയില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു.

50 സിസി മോട്ടോര്‍ബൈക്ക് ഇപ്പോഴും വില്‍ക്കുന്ന ഒരേയൊരു രാജ്യമാണ് ജപ്പാന്‍. ജപ്പാന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷന്റ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ജപ്പാനിലെ 50 സിസി ബൈക്കുകളുടെ വില്‍പ്പന 94 ശതമാനം ഇടിഞ്ഞ് 1,62,130 യൂണിറ്റുകളായി കൂപ്പുകുത്തിയിരുന്നു. 2.8 മില്യണ്‍ 50 സിസി ബൈക്കുകള്‍ വിറ്റ 1982 ആണ് സുവര്‍ണ വര്‍ഷം. കഴിഞ്ഞ വര്‍ഷം വിറ്റ 50 സിസി ബൈക്കുകളില്‍ 60 ശതമാനം ഹോണ്ട ഫാക്ടറികളില്‍നിന്ന് പുറത്തിറക്കിയതായിരുന്നു. ബാക്കി യമഹ, സുസുകി കമ്പനികളുടേതും.

2020 മുതല്‍ പ്രാബല്യത്തിലാകുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് ഇപ്പോള്‍ 50 സിസി ബൈക്കുകള്‍ക്ക് ചരമഗീതമെഴുതുന്നത്. മറ്റ് രാജ്യങ്ങളെപ്പോലെ യൂറോപ്യന്‍ യൂണിയന്റെ വാഹന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് ജപ്പാന്‍ പിന്തുടരുന്നത്. പുതിയ മാനദണ്ഡങ്ങള്‍ ഹോണ്ടയുടെ ഇസഡ് സീരീസ്, ലിറ്റില്‍ കബ് മോഡലുകളെ നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമാക്കും.

2020 ഓടെ 50 സിസി ബൈക്കുകള്‍ നിര്‍മ്മിക്കുന്നത് തീരെ ലാഭകരമാകില്ലെന്ന് യമഹ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹിരോയുകി യനഗി പറഞ്ഞു. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ജാപ്പനീസ് പരിസ്ഥിതി മന്ത്രാലയം കാര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 100 സിസി, 50 സിസി ബൈക്കുകള്‍ അന്യം നിന്നേക്കുമെന്ന് സുസുകിയുടെ 87 കാരനായ ചെയര്‍മാന്‍ ഒസാമു സുസുകി നേരത്തെ വ്യക്തമാക്കുകയുണ്ടായി. 125 സിസി, 150 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ളതായിരിക്കും ഇനി ചെറിയ വാഹനങ്ങള്‍.

50 സിസി മോട്ടോര്‍ബൈക്കുകള്‍ ആറ് ദശാബ്ദത്തോളമായി ജപ്പാനിലെ ഗതാഗത സംസ്‌കാരത്തിന്റെ ഭാഗമാണ്. 2-സ്‌ട്രോക്, 50 സിസി എ-ടൈപ്പ് ഓക്‌സിലറി ബൈസൈക്കിള്‍ എന്‍ജിനുമായാണ് ഹോണ്ട 1948 ല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം വമ്പന്‍ ഹിറ്റായ സൂപ്പര്‍ കബ് എന്ന മോട്ടോര്‍സൈക്കിള്‍ ഹോണ്ട വിപണിയിലെത്തിച്ചു. ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മിച്ച മോട്ടോര്‍ വാഹനമാണ് സൂപ്പര്‍ കബ്. ഈ വര്‍ഷം 100 മില്യണ്‍ യൂണിറ്റെന്ന നാഴികക്കല്ല് താണ്ടാനിരിക്കുകയാണ് സൂപ്പര്‍ കബ്. തുടക്കത്തില്‍ 4-സ്‌ട്രോക്, 50 സിസി എന്‍ജിനില്‍ പുറത്തിറക്കിയ സൂപ്പര്‍ കബ് ഇപ്പോള്‍ വിവിധ എന്‍ജിന്‍ ശേഷികളില്‍ ലോകമാകെ 160 ലധികം രാജ്യങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ 50 സിസി വേര്‍ഷന്‍ ജപ്പാനില്‍ മാത്രമേ ലഭിക്കൂ. 50 സിസി എന്‍ജിന്‍ വാഹനങ്ങളുടെ ഗാലപ്പഗോസ് ദ്വീപാണ് ജപ്പാനെന്ന് സ്‌കൂട്ടര്‍ ഡെയ്‌സ് മാസികയുടെ എഡിറ്റര്‍ മസയോഷി ഇവസാക്കി വിശേഷിപ്പിക്കുന്നു.

വൈദ്യുതീകരണത്തിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യമഹയുടെയും സുസുകിയുടെയും 50 സിസി ബാറ്ററി-ഇലക്ട്രിക് മോപഡുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ഹോണ്ട തീരുമാനിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിള്‍-ഷെയറിംഗ് പ്രോഗ്രാമിനായി ഹോണ്ടയും യമഹയും അടുത്ത മാസം ടോക്കിയോ നഗരപ്രാന്തത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പരീക്ഷിക്കും.

 

 

Comments

comments

Categories: Auto