ഐആര്‍ഡിഐ ഉത്തരവിനെതിരെ സഹാറ ഗ്രൂപ്പ് കോടതിയിലേക്ക്

ഐആര്‍ഡിഐ ഉത്തരവിനെതിരെ സഹാറ ഗ്രൂപ്പ് കോടതിയിലേക്ക്

സഹാറ ഗ്രൂപ്പ് മേധാവിയായ സുബ്രതോ റോയ് ജയിലിലായതിനാല്‍ ലെഫ് ഇന്‍ഷുറന്‍സ് സംരംഭത്തിന്റെ പ്രമോട്ടര്‍ കമ്പനി കൂടുതല്‍ അനുയോജ്യമായതല്ലെന്നാണ് ഐആര്‍ഡിഎഐ വിലയിരുത്തുന്നത്

ന്യൂഡെല്‍ഹി: തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിനെ ഐസിഐസിഐ പ്രുഡെന്‍ഷ്യലിനു കൈമാറ്റം ചെയ്യുന്നതിനുള്ള ഐആര്‍ഡിഎഐ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹാറ ഗ്രൂപ്പ്. 78 കോടിയോളം രൂപ വഴിമാറ്റി ചെലവഴിച്ചുവെന്നും പ്രമോട്ടര്‍ പ്രാപ്തിയുള്ളതല്ലെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ തെറ്റായി നിഗമനം നടത്തുകയായിരുന്നുവെന്നാണ് സഹാറ ഗ്രൂപ്പ് ആരോപിക്കുന്നത്.

2004 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സഹാറ ലൈഫ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലും തുടര്‍ച്ചയായി ലാഭം നേടിയിരുന്നുവെന്നും ഐആര്‍ഡിഎഐ പുറപ്പെടുവിച്ച എല്ലാ റെഗുലേറ്ററി വ്യവസ്ഥകളും നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുവെന്നും കമ്പനി പറഞ്ഞു.

സഹാറ ലൈഫിന്റെ ആസ്തി അതിന്റെ ബാധ്യതയേക്കാള്‍ കൂടുതലാണ്. ഏതെങ്കിലും പോളിസി ഹോള്‍ഡര്‍ക്ക് പണം നല്‍കാത്തത് സംബന്ധമായ ഒരു പരാതി പോലുമില്ല. എന്നാല്‍ സഹാറ ലൈഫ് ബിസിനസിനെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യലിന് ഐആര്‍ഡിഎഐ കൈമാറിയത് നിര്‍ഭാഗ്യകരമാണെന്നും ഗ്രൂപ്പ് ആരോപിച്ചു.

നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് സഹാറ ഗ്രൂപ്പ് മേധാവിയായ സുബ്രതോ റോയ് ജയിലിലായതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് സംരംഭത്തിന്റെ പ്രമോട്ടര്‍ കമ്പനി കൂടുതല്‍ അനുയോജ്യമായതല്ലെന്നാണ് ഐആര്‍ഡിഎഐ വിലയിരുത്തുന്നത്. സഹാറ മ്യൂച്വല്‍ ഫണ്ടിനെതിരെ മറ്റൊരു റെഗുലേറ്ററായ സെബി നടപടിയെടുത്തതും ഈ കാരണം മുന്‍നിര്‍ത്തിയാണ്. സെബി ഉത്തരവിനെതിരെ സെക്യുരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിനെ സഹാറ ഗ്രൂപ്പ് സമീപിച്ചിരുന്നു. എന്നാല്‍ റെഗുലേറ്ററിന്റെ ഉത്തരവ് ട്രിബ്യൂണല്‍ ശരിവച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് കമ്പനിക്ക് ആറാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy, More