പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ലോധ ഡെവലപ്പേഴ്‌സ് വീണ്ടും ഒരുങ്ങുന്നു

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ലോധ ഡെവലപ്പേഴ്‌സ് വീണ്ടും ഒരുങ്ങുന്നു

ലണ്ടന്‍, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ലോധ ഗ്രൂപ്പിന് 30 ഓളം റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകളുണ്ട്

മുംബൈ : പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ലോധ ഡെവലപ്പേഴ്‌സ് ഐപിഒ നീക്കം പുനരുജ്ജീവിപ്പിക്കുന്നു. അടുത്ത 6-9 മാസങ്ങള്‍ക്കുള്ളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിക്കുമെന്ന് ഉന്നത കമ്പനി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2,800 കോടി രൂപ സമാഹരിക്കുന്നതിന് മുംബൈ ആസ്ഥാനമായ കമ്പനി 2009 സെപ്റ്റംബറില്‍ സെബി മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്റ്റസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തിരുന്നു. 2010 ജനുവരിയില്‍ ഇതുസംബന്ധിച്ച് സെബി അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുള്ള മോശം വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രാഥമിക ഓഹരി വില്‍പ്പന തല്‍ക്കാലം വേണ്ടെന്നുവെയ്ക്കുകയായിരുന്നു ലോധ ഡെവലപ്പേഴ്‌സ്.

2018 കലണ്ടര്‍ വര്‍ഷത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലോധ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അഭിഷേക് ലോധ വ്യക്തമാക്കി. അടുത്ത 6-9 മാസങ്ങള്‍ക്കുള്ളില്‍ സെബിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐപിഒ മുഖേന എത്ര മാത്രം ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ലെന്ന് അഭിഷേക് ലോധ പ്രതികരിച്ചു.

ലണ്ടന്‍, മുംബൈ മെട്രോപൊളിറ്റന്‍, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ലോധ ഗ്രൂപ്പിന് 30 ഓളം റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകളുണ്ട്. ഇത്രയും പ്രോജക്റ്റുകളിലായി ആകെ 40 മില്യണ്‍ ചതുരശ്ര അടി സ്‌പേസ്. ഭാവി പ്രോജക്റ്റുകള്‍ക്കായി 350 മില്യണ്‍ ചതുരശ്ര അടി ഭൂമിയുടെ ഉടമ കൂടിയാണ് ലോധ ഗ്രൂപ്പ്.

റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ തളര്‍ച്ച നിലനില്‍ക്കുമ്പോഴും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വിപണിയില്‍നിന്നും ലണ്ടന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍നിന്നുമായി 8,500 കോടി രൂപയുടെ സെയ്ല്‍സ് ബുക്കിംഗ് നേടിയെടുക്കാന്‍ ലോധ ഗ്രൂപ്പിന് സാധിച്ചിരുന്നു. 2017-18 ആദ്യ പാദത്തില്‍ 2,300 കോടി രൂപയുടെ റെക്കോഡ് സെയ്ല്‍സ് ബുക്കിംഗും 2,600 കോടി രൂപയുടെ കളക്ഷനും കരസ്ഥമാക്കാന്‍ ലോധ ഗ്രൂപ്പിന് കഴിഞ്ഞു.

ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ കമ്പനി രണ്ട് പ്രോജക്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. 2018 മാര്‍ച്ച് മാസത്തോടെ 8-10 പ്രോജക്റ്റുകള്‍ കൂടി പ്രഖ്യാപിക്കാനാണ് ലോധ ഗ്രൂപ്പിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിലവിലെ പ്രോജക്റ്റുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ലോധ ഡെവലപ്പേഴ്‌സ് 1,100 കോടി രൂപയാണ് നിക്ഷേപിച്ചത്. അടുത്ത മൂന്ന് പാദങ്ങളില്‍ 3,000 കോടി രൂപ കൂടി ചെലവഴിക്കും. ലണ്ടനില്‍ ലിങ്കണ്‍ സ്‌ക്വയര്‍, ഗ്രോവ്‌നര്‍ സ്‌ക്വയര്‍ എന്നീ രണ്ട് പ്രോജക്റ്റുകളാണ് ലോധ ഗ്രൂപ്പിനുള്ളത്.

 

Comments

comments

Categories: Business & Economy