സംരംഭകത്വ സംസ്‌കാരത്തില്‍  കേരളം വളര്‍ത്തുദോഷമുള്ള കുട്ടി

സംരംഭകത്വ സംസ്‌കാരത്തില്‍  കേരളം വളര്‍ത്തുദോഷമുള്ള കുട്ടി

2012ല്‍ സ്റ്റാര്‍ട്ടപ്പ് വില്ലെജ് ആരംഭിച്ചതു മുതല്‍ സ്റ്റാര്‍ട്ടപ്പ് സമ്പദ് വ്യവസ്ഥ എന്ന വിപ്ലവകരമായ ആശയത്തിലാണ് ഇനി ശ്രദ്ധയൂന്നേണ്ടതെന്ന യാഥാര്‍ഥ്യത്തിലേക്ക് കേരളം ഉണര്‍ന്നിരുന്നു. സമ്പദ് വ്യവസ്ഥയുടെ ചാലകശക്തി സംരംഭകത്വമാണെന്നാണ് കേരളം തീരുമാനിക്കുന്നതെങ്കില്‍ ഒരു സംരംഭകത്വാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു.

കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രകടനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യാ ടുഡെ നടത്തിയ ഒരു അഭിമുഖം അടുത്തിടെ വായിക്കുകയുണ്ടായി. അതില്‍ അഭിമുഖം നടത്തിയയാള്‍ ഏറ്റവുമാദ്യം ചോദിച്ച ചോദ്യങ്ങളിലൊന്ന് എന്റെ ശ്രദ്ധയെ പിടിച്ചുനിര്‍ത്തി. കേരളം നിക്ഷേപ സൗഹൃദാന്തരീക്ഷമില്ലാത്ത സംസ്ഥാനമാണ്. നിങ്ങളുടെ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ എന്താണ് ചെയ്തത് എന്നായിരുന്നു ചോദ്യം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. പക്ഷേ, വലിയതോതിലുള്ള ബിസിനസ് നിക്ഷേപം കേരളത്തില്‍ നിന്ന് ഒഴിഞ്ഞു മാറിപ്പോകുകയാണ് എന്നതാണ് കണ്‍മുന്നിലുള്ള സത്യം. ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രം എന്ന നിലയില്‍ കേരളം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ബിസിനസിന്റെ കാര്യത്തില്‍ പുറത്തു നിന്നുള്ള നിക്ഷേപകര്‍ സംശയാലുക്കളാണ്.

വലിയ കമ്പനികളുടെ സാന്നിധ്യമില്ലാതെ തന്നെ ഒരു സ്റ്റാര്‍ട്ടപ്പ് എക്കോണമിക്ക് സ്വയം പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. തൊണ്ണൂറുകളിലെ വംശീയഹത്യകളെത്തുടര്‍ന്ന് സമ്പദ്ഘടന താറുമാറായ കിഴക്കന്‍ ആഫ്രിക്കയിലെ റുവാണ്ട എന്ന ചെറു രാജ്യത്തിന്റെ കാര്യം ഒരു ഉദാഹരണമായി എടുക്കാം. എത്ര ചെറിയ കാലയളവിനുള്ളിലാണ് റുവാണ്ട അതിന്റെ സമ്പദ് വ്യവസ്ഥയില്‍ അത്ഭുതകരമായ പരിവര്‍ത്തനമുണ്ടാക്കിയത്. ബിസിനസ് സൗഹൃദാന്തരീക്ഷത്തിന്റെ കാര്യത്തില്‍ ലോക ബാങ്കിന്റെ റാങ്കിങ്ങില്‍ 2015ല്‍ 142ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2017 ആയപ്പോള്‍ 130ാം സ്ഥാനത്തെത്തിയെങ്കില്‍ റുവാണ്ട 2010ലെ 142ാം സ്ഥാനത്ത് നിന്ന് 67ാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത് വെറും ഒരു വര്‍ഷം കൊണ്ടാണ്. പുതുതായി ബിസിനസ് തുടങ്ങുന്നതിനുള്ള സൗഹൃദാന്തരീക്ഷത്തിന്റെ സബ് ഇന്‍ഡക്‌സില്‍ റുവാണ്ട ആ വര്‍ഷം 11ാം സ്ഥാനത്തെത്തിയെന്നതാണ് വലിയ അത്ഭുതം. ആ രാജ്യം നടത്തിയ പരിശ്രമത്തിന്റെ ഫലമായി 72,000 പുതിയ സംരംഭങ്ങളാണ് തുടങ്ങിയത്. ഇതില്‍ മിക്കവാറും എല്ലാം തന്നെ 23 പേരുള്ള സ്ഥാപനങ്ങളായിരുന്നു. കയറ്റുമതി മൂന്നിരട്ടിയാകുകയും ദാരിദ്ര്യം 25 ശതമാനം കണ്ട് കുറയുകയും ചെയ്തു. പ്രതിശീര്‍ഷ വളര്‍ച്ചാ നിരക്ക് 1995 മുതല്‍ നാലിരട്ടിയായാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. വന്‍കിട നിക്ഷേപങ്ങള്‍ കൂടാതെ തന്നെ വ്യവസായ സംരംഭകത്വത്തിലൂടെ എത്രവലിയ മാറ്റമാണ് സമ്പദ് ഘടനയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് നോക്കുക.

2012ല്‍ സ്റ്റാര്‍ട്ടപ്പ് വില്ലെജ് ആരംഭിച്ചതു മുതല്‍ സ്റ്റാര്‍ട്ടപ്പ് സമ്പദ് വ്യവസ്ഥ എന്ന വിപ്ലവകരമായ ആശയത്തിലാണ് ഇനി ശ്രദ്ധയൂന്നേണ്ടതെന്ന യാഥാര്‍ഥ്യത്തിലേക്ക് കേരളം ഉണര്‍ന്നിരുന്നു. സമ്പദ് വ്യവസ്ഥയുടെ ചാലകശക്തി സംരംഭകത്വമാണെന്നാണ് കേരളം തീരുമാനിക്കുന്നതെങ്കില്‍ ഒരു സംരംഭകത്വാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് നയമുള്ള ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് അനുകൂലാന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗതയേറി. അമേരിക്ക ഇപ്പോഴും മറ്റെല്ലാ വലിയ രാജ്യങ്ങളേക്കാളും സമ്പന്നമാകുന്നത് എന്തുകൊണ്ട് എന്ന തലക്കെട്ടില്‍ ഹാര്‍വാഡ് ബിസിനസ് റിവ്യൂവില്‍ മാര്‍ട്ടിന്‍ ഫെല്‍ഡ്സ്റ്റീന്‍ എഴുതിയ ഒരു ലേഖനത്തില്‍ ബിസിനസും സംരംഭകത്വവും വികസിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ജനസംഖ്യ, പ്രകൃതി വിഭവങ്ങള്‍, ഊര്‍ജ്ജ വിതരണം, സാമ്പത്തിക ക്രമവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് നയങ്ങളും നിയമങ്ങളും, വിദ്യാഭ്യാസം, തൊഴില്‍ നിയമങ്ങള്‍, നികുതി തുടങ്ങിയവയാണവ. പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജ വിതരണത്തിന്റെയും ജനസംഖ്യയുടെയും കാര്യത്തില്‍ കേരളത്തില്‍ അനുകൂലാന്തരീക്ഷമുണ്ട്. 100 ശതമാനം വൈദ്യുതിയും വിദ്യാസമ്പന്നരായ ജനങ്ങളും മറ്റ് പല നേട്ടങ്ങളുമുണ്ട്. പക്ഷേ, നിയമനിര്‍വഹണാന്തരീക്ഷവും ഗവണ്‍മെന്റ് നയങ്ങളുമാണ് ഇക്കാര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നത് എന്നതിനാല്‍ സംരംഭകത്വ സംസ്‌കാരമാണ് സ്റ്റാര്‍ട്ടപ്പ് അനുകൂലാന്തരീക്ഷം വളര്‍ത്തുന്നതില്‍ ഒരു മുഖ്യ സംഭാവന നല്‍കുന്നത്.

അമേരിക്ക ഇപ്പോഴും മറ്റെല്ലാ വലിയ രാജ്യങ്ങളേക്കാളും സമ്പന്നമാകുന്നത് എന്തുകൊണ്ട് എന്ന തലക്കെട്ടില്‍ ഹാര്‍വാഡ് ബിസിനസ് റിവ്യൂവില്‍ മാര്‍ട്ടിന്‍ ഫെല്‍ഡ്സ്റ്റീന്‍ എഴുതിയ ഒരു ലേഖനത്തില്‍ ബിസിനസും സംരംഭകത്വവും വികസിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ജനസംഖ്യ, പ്രകൃതി വിഭവങ്ങള്‍, ഊര്‍ജ്ജ വിതരണം, സാമ്പത്തിക ക്രമവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് നയങ്ങളും നിയമങ്ങളും, വിദ്യാഭ്യാസം, തൊഴില്‍ നിയമങ്ങള്‍, നികുതി തുടങ്ങിയവയാണവ. പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജ വിതരണത്തിന്റെയും ജനസംഖ്യയുടെയും കാര്യത്തില്‍ കേരളത്തില്‍ അനുകൂലാന്തരീക്ഷമുണ്ട്

സംരംഭകത്വ സംസ്‌കാരത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് സംരംഭകത്വ മനോഭാവം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇതിന് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ബിസിനസ് ചെയ്യുന്നതിനുള്ള ആഗ്രഹവും പണത്തിന് വിലകല്‍പ്പിക്കലും. രണ്ടാമതായി റിസ്‌ക് എടുക്കാനുള്ള സന്നദ്ധത. കേരളത്തിന് പാരമ്പര്യമായി തന്നെ ഇതു രണ്ടുമില്ല. ഇതിനെ ഞാന്‍ വിളിക്കുക വളര്‍ത്തുദോഷമുള്ള കുട്ടിയുടെ ദുസ്വഭാവമെന്നാണ്. കേരളത്തില്‍ പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ പ്രതിശീര്‍ഷ ഉപഭോഗം കൂടുതലാണെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. മാത്രവുമല്ല കേരളീയ സമൂഹം ചരിത്രപരമായി തന്നെ സുരക്ഷിതമാണ്. അമിതലാളനയില്‍ വളര്‍ന്ന കുട്ടിക്ക് പണത്തിന് വിലയുണ്ടാകില്ലെന്നാണല്ലോ പറയാറ്.

അന്യദേശക്കാരനായ എനിക്ക് ഉത്തര കേരളത്തിലുണ്ടായ വ്യക്തിപരമായ അനുഭവങ്ങള്‍ എന്റെ കാഴ്ചപ്പാട് ശരിവെക്കുന്നതായിരുന്നു. ആദ്യം ബിസിനസ് നടത്താനുള്ള മലയാളിയുടെ താല്‍പര്യം നോക്കാം. 2005ലാണ് ഞാന്‍ കേരളത്തില്‍ വന്നത്. കോഴിക്കോട്ടെ എന്റെ ആദ്യ അനുഭവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ തെങ്ങുകളില്‍ തേങ്ങ വിളഞ്ഞുകിടക്കുന്നതു നോക്കി നില്‍ക്കാനല്ലാതെ വാങ്ങാന്‍ എനിക്ക് കഴിഞ്ഞില്ല. നാളികേരം വില്‍ക്കാന്‍ കഴിയുമെന്ന് ആരും ചിന്തിക്കുന്നില്ലെന്നതാണ് കാരണം. ഒരുപക്ഷേ ആരും നാളികേരം വാങ്ങുന്നില്ലായിരിക്കാം. അങ്ങനെയാണെങ്കില്‍ സ്വാശ്രയ സമ്പദ് വ്യവസ്ഥയിലാണ് കേരളം വളര്‍ന്നതെന്ന് വിശ്വസിക്കേണ്ടിവരും. മൂന്നു തെങ്ങും രണ്ട് വാഴയും മതിയാകും ഒരു വീട്ടില്‍ ജീവിക്കാന്‍. പിന്നെ എന്തു ബിസിനസ്. വിദ്യാഭ്യാസം ജീവിതസന്ധാരണത്തിനുള്ള മാര്‍ഗമല്ല, പഠിച്ചത് അതോടെ അവസാനിക്കുകയാണ്. ജോലി ആവശ്യമുള്ളവര്‍ക്ക് ഗവണ്‍മെന്റ് ജോലി തന്നെ വേണം. ഭൂപരിഷ്‌കരണത്തിലൂടെ ലഭിച്ച സ്വത്തവകാശം മാത്രമല്ല, വിദേശത്തു നിന്നുള്ള പണത്തിന്റെ വരവും കേരളത്തില്‍ താമസിക്കുന്നവരെ കഷ്ടപ്പെടേണ്ടാത്തവരാക്കി. ഇത്തരം ‘രക്ഷിതാക്കള്‍’ കേരളത്തോട് വളരെയധികം കരുണയും ഔദാര്യവും വര്‍ഷങ്ങളോളം കാണിച്ചു. ഫലമോ ശരാശരി മലയാളിക്ക് റിസ്‌ക് ഏറ്റെടുക്കാനുള്ള ശീലം നഷ്ടമായി. കേരളത്തിന്റെ സാമ്പത്തിക പ്രകൃതി ദൃശ്യം അതിവേഗം മാറുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ നിലയ്ക്കാത്ത വരവ്, ജി എസ് ടി, മധ്യപൂര്‍വേഷ്യയിലെ പ്രതിസന്ധി, ഉപഭോഗ സംസ്‌കാരം- കേരളത്തിന്റെ സംരംഭകത്വ സംസ്‌കാരത്തിന്റെ മാറ്റവുമായി മുഖാമുഖം നില്‍ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്.

കേരളത്തിന്റെ ഈ മനോഭാവം മാറ്റാന്‍ കഴിയുമോ? ചിലി, അയര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ സംരംഭകത്വ സംസ്‌കാരത്തിന്റെ പരിവര്‍ത്തനം സാധ്യമാണെന്നും അതിന് വളരെ കുറച്ച് വര്‍ഷങ്ങള്‍ മതിയെന്നും കാണിച്ചു തരുന്നു. സംരംഭകര്‍ അത്യാഗ്രഹികളായ ചൂഷകരെന്ന നിഷേധാത്മക പ്രതിച്ഛായ കുറഞ്ഞ സമയത്തിനുള്ളില്‍ മാറ്റാന്‍ സാധിച്ചത് എങ്ങനെയാണെന്ന് മിനിസോട്ട യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റേച്ചല്‍ ഷുര്‍മാന്റെ പഠനങ്ങള്‍ വിവരിക്കുന്നുണ്ട്. സാധാരണയായി അനുകൂലമായ സംരംഭകത്വ പരിസരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാമ്പത്തിക സഹായത്തെക്കുറിച്ചും ഫണ്ടിംഗിനെക്കുറിച്ചും നിക്ഷേപ പിന്തുണയെക്കുറിച്ചുമൊക്കെയാണ് ചിലര്‍ പറയുന്നത്. ശരാശരി മലയാളിയുടെ മനോഭാവത്തെക്കുറിച്ചുള്ള നേരത്തെ പറഞ്ഞ വിശകലനത്തോട് ഒരാള്‍ യോജിക്കുമെങ്കില്‍ കേരളത്തിന്റെ ആവശ്യകത നേരെ വിപരീതമാണെന്ന് ഞാന്‍ പറയും. വൈന്‍ കൃഷിയിലെ സ്‌ട്രെസ് ദി റൂട്ട്‌സ് എന്ന രീതിയെക്കുറിച്ച് പറയുന്നതു പോലെയാണത്. വെള്ളം കെട്ടിനിര്‍ത്തുന്നതിലൂടെ വേരുകള്‍ ആഴത്തില്‍ വളരാനും മികച്ച മുന്തിരി വിളവ് ലഭിക്കാനും വഴിയൊരുക്കുന്നതാണ് ഈ രീതി. 2006ല്‍ മലേഷ്യയിലെ സംരംഭകത്വ മന്ത്രാലയം സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളര്‍ത്തിയെടുക്കുന്നതിന് 21000 അപേക്ഷകരില്‍ 90 ശതമാനത്തിനും ബിസിനസ് പിന്തുണയായി 5000 ഡോളര്‍ വീതം അനുവദിച്ചു. സര്‍ക്കാര്‍ പ്രതിബദ്ധത കാട്ടിയെങ്കിലും ഫലം നിരാശാജനകമായിരുന്നു. ഈസി ഫണ്ടിംഗ് പ്രോഗ്രാം തിരിച്ചടിച്ചു. റിസ്‌ക് എടുക്കാനുള്ള കഴിവില്ലായ്മയെ കൂടുതല്‍ ഊട്ടിയുറപ്പിച്ചതിലൂടെ സംരംഭകത്വത്തെ പിന്നോട്ടുവലിച്ചെന്ന വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. പണത്തിന് മൂല്യം കല്‍പ്പിക്കാത്ത, റിസ്‌ക് എടുക്കാന്‍ തയാറില്ലാത്ത ഒരു ജനതയുടെ സംരംഭകത്വ പരിസ്ഥിതിക്ക് ‘ഈസി മണി’ ഗുണം ചെയ്യില്ല. പകരം കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കുന്നതിന് സംരംഭകത്വത്തിലെ വിജയകഥകള്‍ മാധ്യമങ്ങളടക്കമുള്ള വേദികളിലൂടെ പങ്കുവെക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്.

(കോഴിക്കോട് ഐ ഐ എമ്മിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിലെ ബിസിനസ് ഇന്‍ക്യുബേറ്ററായ ഐ ഐ എം കെ ലൈവിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special, Slider