എളുപ്പത്തില്‍ നടപ്പാക്കാവുന്ന പരിഷ്‌കരണമല്ല ജിഎസ്ടിയെന്ന് ജയ്റ്റ്‌ലി

എളുപ്പത്തില്‍ നടപ്പാക്കാവുന്ന പരിഷ്‌കരണമല്ല ജിഎസ്ടിയെന്ന് ജയ്റ്റ്‌ലി

ജമ്മു കശ്മീരില്‍ ജിഎസ്ടി സംബന്ധിച്ച് നടന്നത് ഉപഭോക്താക്കളും വിഘടനവാദികളും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ വാദപ്രതിവാദം

ന്യൂഡെല്‍ഹി: എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന നികുതിപരിഷ്‌കരണമായിരുന്നില്ല ചരക്കു സേവന നികുതിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഎസ്ടിക്ക് വലിയ തോതില്‍ ജനപിന്തുണ നേടാനായത് എതിര്‍പ്പുകളെ മറികടന്ന് മുന്നോട്ടു പോകാന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഐഐ, എഫ്‌ഐസിസിഐ തുടങ്ങിയ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച ജിഎസ്ടി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി.
ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ നാമിന്ന് എത്തിയിരിക്കുകയാണ്.

ഇന്ത്യക്ക് അതിന്റെ സാധ്യതകളില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സംതൃപ്തരാകാന്‍ ജനങ്ങള്‍ തയാറല്ല. അതിനാല്‍ പരിഷ്‌കരണങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ വളരെ വലിയതാണ്. ഒരു പരിഷ്‌കരണം ദേശീയ താല്‍പ്പര്യത്തിലുള്ളതാണെങ്കില്‍ ആരും അതിന് നേരെ കണ്ണടയ്ക്കില്ലെന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. പരിഷ്‌കരണം താല്‍ക്കാലികമായി നിര്‍ത്തുകയോ, അതിന് നേരെ കണ്ണടയ്ക്കുകയോ, പുനഃപരിശോാധനയ്ക്ക് വിധേയമാക്കുകയോ ചെയ്താല്‍ പരിഷ്‌കരണങ്ങള്‍ ഒരിക്കലും ശരിയായ രീതിയില്‍ നടത്താന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളും കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് ചേര്‍ന്നാണ് ജിഎസ്ടി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി സംബന്ധിച്ച് ഉയര്‍ന്ന് വരുന്ന നിരവധി പ്രശ്‌നങ്ങളെ സംബന്ധിച്ച് കേന്ദ്രത്തിന് ബോധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ ജിഎസ്ടിയില്‍ നിരന്തര ഇടപെടലുകള്‍ നടത്തുകയാണ്. സ്വതന്ത ഇന്ത്യയിലെ പ്രധാന സാമ്പത്തിക പരിഷ്‌കരണമാണ് ജിഎസ്ടി. ജിഎസ്ടി നടപ്പാക്കുന്നതിനുമുന്‍പ് നിലവിലുണ്ടായിരുന്ന പരോക്ഷ നികുതിസംവിധാനത്തെക്കുറിച്ച് അടുത്ത തലമുറ അദ്ഭുതപ്പെടും. ജിഎസ്ടി രാജ്യത്തുടനീളം ചരക്കുകളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുകയും, ഇന്ധനം, പണം, മനുഷ്യ സമയം എന്നിവയെ പരിരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരസേനയ്ക്കാവശ്യമായ ആയുധങ്ങളും യുദ്ധസാമഗ്രികളും വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി രാജ്യത്തിന് കൂടുതല്‍ വരുമാനം ആവശ്യമാണ്. ആധുനിക യുദ്ധമുഖത്ത് കരസേനയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം യുദ്ധം നടക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നുംക ട്ടിച്ചേര്‍ത്തു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജിഎസ്ടി മൂലമുണ്ടാകാവുന്ന വരുമാന നഷ്ടത്തെക്കുറിച്ച് ആശങ്കയുയര്‍ത്തിയപ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ ജിഎസ്ടിയുടെ കാര്യത്തില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണ് സാമ്പത്തിക സംയോജനം എന്ന വാദമുയര്‍ത്തി ജമ്മു കാശ്മീരിലെ വിഘടനവാദികള്‍ ജിഎസ്ടിയെ ചോദ്യം ചെയ്തു. എന്നാല്‍ ജിഎസ്ടിയില്‍ നിങ്ങള്‍ സമന്വയിക്കുന്നില്ലെങ്കില്‍ ഇന്‍പുട്ട് ക്രെഡിറ്റിന്റെ പ്രയോജംന ലഭിക്കില്ലെന്നും രണ്ടുവട്ടം നികുതി അടയ്‌ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ രംഗത്ത് വന്നു. അതിനാല്‍ തന്നെ അത് ഉപഭോക്താക്കളും വിഘടനവാദികളും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ വാദപ്രതിവാദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories