എട്ട് വയസുകാരന്റെ കുട്ടിസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ദുബായ് പൊലീസ്

എട്ട് വയസുകാരന്റെ കുട്ടിസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ദുബായ് പൊലീസ്

സമൂഹത്തില്‍, പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ സന്തോഷം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി

ദുബായ്: പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്ന എട്ട് വയസുകാരന്റെ ആഗ്രഹം പൂര്‍ത്തിയാക്കി ദുബായ് പൊലീസ്. തന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച അബ്ദുളളയ്ക്ക് പാകത്തിനുള്ള കുട്ടി പൊലീസ് യൂണിഫോം തന്നെ സേന തുന്നിനല്‍കി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തിയാണ് കുട്ടിക്ക് യൂണിഫോം സമ്മാനിച്ചത്. ഒപ്പം അവിടത്തെ കെട്ടിടങ്ങള്‍ ചുറ്റിക്കാണാനുള്ള അവസരവും അബ്ദുള്ളയ്ക്ക് ലഭിച്ചു.

ദുബായ് പൊലീസിന്റെ യൂണിഫോം വേണമെന്ന തന്റെ ആഗ്രഹം പൂര്‍ത്തിയാക്കിത്തരുമോയെന്ന് പൊലീസിനോട് ചോദിക്കുന്ന അബ്ദുള്ളയുടെ വീഡിയോ കുട്ടിയുടെ അച്ഛന്‍ എയ്‌സ അലി അല്‍ ബെലൗഷിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സേന ബെലൗഷിയുമായി ബന്ധപ്പെടുകയായിരുന്നു. യൂണിഫോം തുന്നുന്നതിനായി കുട്ടിയുടെ അളവെടുക്കാന്‍ തയ്യല്‍കാരന്‍ എത്തിയത് ആശ്ചര്യപ്പെടുത്തിയെന്ന് ബെലൗഷി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ പുതിയ യൂണിഫോം വാങ്ങാന്‍ ദുബായ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് വരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

മേജര്‍ ജനറല്‍ അബ്ദുളള ഖലിഫ അല്‍ മെറി കുട്ടിക്ക് പുതിയ യൂണിഫോം കൈമാറി. അബ്ദുള്ളയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കണമെന്ന മേജര്‍ ജനറല്‍ അല്‍ മെറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും സമൂഹത്തില്‍ പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ സന്തോഷം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇതെന്നും ദുബായ് പൊലീസിന്റെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ അംന അല്‍ ബന്ന പറഞ്ഞു. കുട്ടിക്ക് ആദ്യ ഉപസേനാപതിയുടെ പദവിയുലുള്ള യൂണിഫോമാണ് നല്‍കിയിരിക്കുന്നത്.

റാസ് അല്‍ ഖൈമ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അബ്ദുള്ള. യൂണിഫോമുമിട്ട് പൊലീസ് ഹെഡ്ക്വാര്‍ട്ടേിസിലൂടെ നടക്കുന്ന മകന്റെ വീഡിയോയും ബെലൗഷി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Comments

comments

Categories: Arabia, Slider