ലോകത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി സ്‌കൂള്‍ ഇഎഎച്ച്എം

ലോകത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി സ്‌കൂള്‍ ഇഎഎച്ച്എം

15 വര്‍ഷം പഴക്കമുള്ള ഇഎഎച്ച്എം, യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഭീമനായ ജുമൈറ ഗ്രൂപ്പിന്റ ഭാഗമാണ്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഹോസ്പിറ്റാലിറ്റി സ്‌കൂളുകളില്‍ എമിറേറ്റ്‌സ് അക്കാഡമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഇഎഎച്ച്എം) ഇടം പിടിച്ചു. ആഗോള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എജുക്കേഷന്‍ ഡോട്ട് കോം ആണ് പട്ടിക തയാറാക്കിയത്.

ദുബായ് ഹോള്‍ഡിംഗില്‍ അംഗമായ യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഭീമനായ ജുമൈറ ഗ്രൂപ്പിന്റെ ഭാഗമാണ് ഇഎഎച്ച്എം. സ്വിറ്റ്‌സര്‍ലന്‍ഡിലെ എകോളെ ഹോട്ടേലിയര്‍ ഡി ലോസന്നെ (ഇഎച്ച്എല്‍), യുഎസ്സിന്റെ കോര്‍നെല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ ഒന്‍പത് പ്രമുഖ ഹോട്ടല്‍ സ്‌കൂളുകള്‍ക്കൊപ്പമാണ് ബിസിനസ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഇടം പിടിച്ചത്.

അര്‍ഹിക്കുന്ന അംഗീകാരമാണ് സ്‌കൂളിന് ലഭിച്ചതെന്ന് ഇഎഎച്ച്എം ഡയറക്റ്റര്‍ ജൂഡി ഹൗ പറഞ്ഞു. വിദ്യാര്‍ഥികള്‍ മികച്ച രീതിയിലേക്ക് എത്തുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും അക്കാഡമി അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അക്കാഡമിക് പ്രോഗ്രാമുകള്‍ കൂടാതെ കോ-കരിക്കുലര്‍ ആക്റ്റിവിറ്റികളും നല്‍കി വിദ്യാര്‍ഥികളെ മികച്ച രീതിയിലാണ് വളര്‍ത്തിയെടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. അവരുടെ എല്ലാ കഴിവുകളും സാംസ്‌കാരിക ബോധവും വളര്‍ത്തിയെടുത്ത് യഥാര്‍ഥ ആഗോള പൗരനാക്കി മാറ്റുമെന്നും ജൂഡി.

പുതിയ റാങ്കിംഗിലൂടെ ഗള്‍ഫിലേയും മിഡില്‍ ഈസ്റ്റിലേയും ഏറ്റവും പ്രമുഖ ഹോസ്പിറ്റാലിറ്റി സ്‌കൂളായിരിക്കുകയാണ് ഇഎഎച്ച്എം. നീണ്ട 15 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ 600 ബിരുദധാരികളെയാണ് അക്കാഡമി സമ്മാനിച്ചത്. ഇതില്‍ കൂടുതല്‍ പേരും ജുമൈറ ഗ്രൂപ്പ്, ഏര്‍നെസ്റ്റ് ആന്‍ഡ് യങ്, ലോവ്‌റെ ഹോട്ടല്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയാണ്.

യൂണിവേഴ്‌സിറ്റി നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസ് വിദ്യാഭ്യാസമാണ് സ്‌കൂള്‍ നല്‍കുന്നത്. അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രികളാണ് അക്കാഡമിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എകോളെ ഹോട്ടേലിയര്‍ ഡി ലോസന്നെയുമായി സഹകരിച്ചാണ് അക്കാഡമിക് പ്രോഗ്രാമുകള്‍ തയാറാക്കുന്നത്. യുഎഇയിലെ മിനിസ്ട്രി ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്‍ഡ് സയന്റിഫിക് റിസര്‍ച്ച്, യുകെയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോസ്പിറ്റാലിറ്റി, ഓസ്‌ട്രേലിയയിലെ ദി ഐസ് എന്നിവയുടെ അംഗീകാരവും ഇവിടത്തെ പ്രോഗ്രാമുകള്‍ക്കുണ്ട്.

Comments

comments

Categories: Arabia