ഇരുണ്ട കാലം സിനിമയാകുമ്പോള്‍

ഇരുണ്ട കാലം സിനിമയാകുമ്പോള്‍

വിവാദക്കൊടുങ്കാറ്റുയര്‍ത്തി മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഇന്ദുസര്‍ക്കാര്‍

റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ വിവാദങ്ങള്‍ കൊണ്ടും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പബ്ലിസിറ്റി കൊണ്ടും നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമയാണു മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഇന്ദു സര്‍ക്കാര്‍.വെള്ളിയാഴ്ചയാണ് ഈ ചിത്രം റിലീസ് ചെയ്തത്. 1975ലെ രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലുള്ളതാണ് ഇന്ദു സര്‍ക്കാര്‍.

സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായി ഇരുണ്ട ദിനങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ ഇന്ത്യയിലെ സാധാരണ ജനം അനുഭവിച്ച ക്ലേശങ്ങളും പരീക്ഷണങ്ങളുമാണു ചിത്രീകരിച്ചിരിക്കുന്നത്.

റേഡിയോയിലൂടെയും പത്രത്തിലൂടെയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചു കൊണ്ടാണ് ഇന്ദു സര്‍ക്കാര്‍ സിനിമ ആരംഭിക്കുന്നത്. പിന്നീട് ഡല്‍ഹി-ഹരിയാന അതിര്‍ത്തിപ്രദേശത്തുള്ള മുഭിപ്പുര എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലേക്കു കഥ കേന്ദ്രീകരിക്കുകയാണ്. ഗ്രാമത്തില്‍ ഒരു വിവാഹചടങ്ങില്‍ ആളുകള്‍ ഒത്തുകൂടിയിരിക്കുന്നു. അവിടേക്ക് പൊലീസ് എത്തുകയാണ്. അടിയന്തരാവസ്ഥക്കാലത്തു നിര്‍ബന്ധിച്ചു വന്ധ്യകരണം നടത്തുകയും, ഡല്‍ഹിയില്‍ ചെറുവീടുകള്‍ ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു. മുഭിപ്പുര ഗ്രാമത്തില്‍ പൊലീസ് എത്തിയതും വന്ധ്യം കരിക്കാനാണ്.

പിന്നീട് ചിത്രം കേന്ദ്രകഥാപാത്രമായ ഇന്ദുവിലേക്കു(കൃതി കുല്‍ക്കര്‍ണി) നീങ്ങുകയാണ്. അനാഥയായ ഇന്ദുവിന്റെ ആഗ്രഹം ഒരു കവിയാകണമെന്നാണ്. എന്നാല്‍ നല്ലൊരു ഗൃഹനാഥയായി കുടുംബജീവിതം നയിക്കണമെന്നാണ് ഇന്ദുവിനെ എല്ലാവരും ഉപദേശിക്കുന്നത്. ഒടുവില്‍ ഇന്ദു നവീന്‍ സര്‍ക്കാറിനെ(ടോട്ട റോയ് ചൗധരി) വിവാഹം ചെയ്യുന്നു. ധനം, അധികാരം, പ്രശസ്തി തുടങ്ങിയവ ആര്‍ജ്ജിക്കുകയാണു നവീന്റെ സ്വപ്നം. ഇന്ദുവിന്റെ സ്വപ്‌നമാകട്ടെ ഒരു നല്ല ഭാര്യയാകുകയെന്നതും.ചിത്രത്തിന്റെ പകുതിയോളം ഭാഗം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്കു വിധേയപ്പെട്ടു ജീവിക്കുന്ന ഭാര്യയുടെ കഥയാണ്. ഒരു ദിവസം ചേരിയില്‍ പൊലീസ് റെയ്ഡിനെ തുടര്‍ന്നു പീഢനമേറ്റുവാങ്ങിയവര്‍ക്കു വേണ്ടി പൊരുതാന്‍ ഇന്ദു തീരുമാനിക്കുന്നിടത്താണു കഥ ചിറകുവിരിക്കുന്നത്.

അടിയന്തരാവസ്ഥയെ കുറിച്ചുള്ള ചിത്രമാണെന്നാണ് ഇന്ദു സര്‍ക്കാരിനെ വിശേഷിപ്പിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഈ ചിത്രം പൊളിറ്റിക്കല്‍ ഡ്രാമയ്ക്കും ദമ്പതികളുടെ കഥ പറയുന്ന പതിവ് ബോളിവുഡ് സിനിമയ്ക്കും ഇടയില്‍ ചുറ്റിത്തിരിയുകയാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പൊളിറ്റിക്കല്‍ ഡ്രാമയില്‍നിന്നും ദമ്പതികളുടെ കഥയിലേക്കും തിരിച്ചുമുള്ള പരിവര്‍ത്തനം സുഗമമല്ല. പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നില്ല.

വളരെ ഉച്ചത്തിലുള്ള പശ്ചാത്തല സംഗീതം (bgm) അസ്ഥാനത്ത് ഉള്ളതു പോലെയായി. വൈകാരികമായൊരു രംഗം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന് കേള്‍ക്കുന്നത് ഉച്ചത്തിലുള്ള സ്‌തോഭജനകമായ അഥവാ അതിഭാവുകത്വം നിറഞ്ഞൊരു ശബ്ദമാണ്. സാധാരണയായി ഇത്തരം മ്യൂസിക് കേള്‍ക്കുന്നത് ബോളിവുഡിലെ സസ്‌പെന്‍സ് ഡ്രാമകളിലാണ്.

വിലമതിക്കുന്ന, കഴിവുറ്റ ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ടെങ്കിലും അവരെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ മധുര്‍ ഭണ്ഡാര്‍ക്കറിനു സാധിച്ചിട്ടില്ല. നീല്‍ നിതിന്‍ മുകേഷിന്റെ കഴിവ് ചിത്രത്തില്‍ പാഴാക്കി. അനുപം ഖേറും കൃതി കുല്‍ക്കര്‍ണിയും കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. ഷീബ ചദ്ദ, അങ്കുര്‍ വികാല്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരുടെ സഹകഥാപാത്രങ്ങളും തിളങ്ങി.

സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
നടീനടന്മാര്‍: കൃതി കുലാരി, നീല്‍ നിതിന്‍ മുകേഷ്, അനുപം ഖേര്‍, ടോട്ട റോയ് ചൗധരി

റേറ്റിംഗ്: 2/5

Comments

comments

Categories: FK Special