5ജിക്കായ് 700 മെഗാഹെട്‌സ് ബാന്‍ഡ് സ്‌പെക്ട്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിഎസ്എന്‍എല്‍

5ജിക്കായ് 700 മെഗാഹെട്‌സ് ബാന്‍ഡ് സ്‌പെക്ട്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിഎസ്എന്‍എല്‍

5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി ഇസഡ്ടിഇയുമായി ഉടന്‍ തന്നെ ധാരണാപത്രത്തില്‍ ഒപ്പുവെക്കും

ന്യൂഡെല്‍ഹി: 4ജി, 5ജി സേവനങ്ങള്‍ക്കായി 700 മെഗാഹെട്‌സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് പൊതുമേഖല ടെലികോം സേവനദാതാവായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി (ബിഎസ്എന്‍എല്‍)ന് ഉടന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ. 4ജി സേവനം ലഭ്യമാക്കാന്‍ 700 മെഗാഹെട്‌സ് ബാന്‍ഡില്‍ എയര്‍വേവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടെലികോം വകുപ്പിന് ബിഎസ്എന്‍എല്‍ കത്തയച്ചിട്ടുണ്ട്.

‘700 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5 മെഗാഹെട്‌സിന്റെ 6 സ്ലോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഒരു സ്ലോട്ട് കൂടി അനുവദിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ വളരെ വേഗതയുള്ള 5 ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ ശ്രീവാസ്തവ പറഞ്ഞു.5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി പങ്കാളിത്തതിലേര്‍പ്പെട്ടതിനൊപ്പം ചൈനീസ് നിര്‍മാതാക്കളായ ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടുന്നുണ്ട്.

5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി ഇസഡ്ടിഇയുമായി ഉടന്‍ തന്നെ ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ബിഎസ്എന്‍എല്ലിന് ഇതുവഴി നവീന സാങ്കേതിക വിദ്യകളും ആശയങ്ങളും ലഭിക്കും. ഇസഡ്ടിഇയുമായുള്ള സഖ്യം നിയമബാധ്യതകളില്ലാത്തതും വാണിജ്യേതരമാണെന്നും അറിവ് പങ്കുവെക്കലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ശ്രീവാസ്തവ പറഞ്ഞു.

തങ്ങളുടെ 5ജി ഗവേഷണങ്ങളില്‍ വാര്‍ഷിക നിക്ഷേപം ഇരട്ടിയാക്കുമെന്നും മുന്‍വര്‍ഷത്തെ 1 ബില്യണ്‍ യുവാനില്‍ നിന്ന് 2 ബില്യണ്‍ യുവാനായി (295.5 മില്യണ്‍ ഡോളര്‍) ഉയര്‍ത്തുമെന്നും ഇസഡ്ടിഇ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചിലാണ് നോക്കിയയുമായി ബിഎസ്എന്‍എല്‍ സമാന പങ്കാളിത്തം സ്ഥാപിച്ചത്. 5ജി മേഖലയില്‍ തങ്ങളുടെ ആഗോള അനുഭവം വര്‍ധിപ്പിക്കുന്നതിനായാണ് ബിഎസ്എന്‍എല്‍ ഇതുവഴി ലക്ഷ്യമിട്ടത്.

ഇന്ത്യയില്‍, 5ജി സാങ്കേതികവിദ്യയുടെ ഉപയോഗം യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഇന്ത്യന്‍ നഗരങ്ങളില്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്‌ (ഐഒടി) മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech