ഇവിടെ താമസക്കാരേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍

ഇവിടെ താമസക്കാരേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ നഗരമാണ് ദുബായ്. പാരീസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്

ദുബായ്: ജനസംഖ്യയേക്കാള്‍ കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ലോകത്തിലെ പ്രധാന മൂന്ന് നഗരങ്ങളില്‍ ദുബായും. 2.7 മില്യണ്‍ ആളുകള്‍ താമസിക്കുന്ന ദുബായ് 13.3 മില്യണ്‍ അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്. ഓണ്‍ ഗോ ടൂര്‍സ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 459 ശതമാനം വര്‍ധനവാണ് നഗരത്തില്‍ ഉണ്ടാകുന്നത്.

പാരീസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2.2 മില്യണ്‍ പൗരന്‍മാര്‍ താമസിക്കുന്ന പാരീസില്‍ 18 മില്യണ്‍ വിദേശികളാണ് എത്തുന്നത്. ഓരോ വര്‍ഷവും 704 ശതമാനത്തിന്റെ വര്‍ധനവാണ് വിദേശികളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. രണ്ടാം സ്ഥാനത്തുള്ള കോലാലംപൂരില്‍ 1.7 മില്യണ്‍ താമസക്കാരാണുള്ളത്. 12 മില്യണ്‍ ടൂറിസ്റ്റുകള്‍ എത്തുന്ന നഗരത്തില്‍ പ്രതിവര്‍ഷം 595 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാകുന്നത്.

ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് 30 പുതിയ വിനോദസഞ്ചാരികള്‍ എത്തുമ്പോള്‍ അവിടെ പുതിയ ഒരു തൊഴില്‍ രൂപപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. മിലന്‍, ബാര്‍സിലോണ, പ്രാഗ്, വിയന്ന, ആംസ്റ്റര്‍ഡാം, തായ്‌പെയ്, ഒസാക എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ് നഗരങ്ങള്‍. അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തിന്റ അടിസ്ഥാനത്തില്‍ മാസ്റ്റര്‍കാര്‍ഡ്‌സിന്റെ ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്‌സില്‍ ഇടം പിടിച്ച 132 സിറ്റികളെ ഉള്‍പ്പെടുത്തിയാണ് ഏറ്റവും പ്രശസ്തമായ 20 നഗരങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

മറ്റ് പ്രധാന നഗരങ്ങളായ റോം, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവ യഥാക്രമം 12,13,19 സ്ഥാനങ്ങളിലാണ്. 8.5 മില്യണ്‍ ജനസംഖ്യയുള്ള ന്യൂയോര്‍ക്കില്‍ 12.8 മില്യണ്‍ ടൂറിസ്റ്റുകളാണ് എത്തുന്നത്. 49 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതിവര്‍ഷം ഇവിടെയുണ്ടാകുന്നത്. 129 ശതമാനത്തിന്റെ വര്‍ധനവാണ് ലണ്ടനില്‍ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടാകുന്നത്. 8.7 മില്യണ്‍ താമസക്കാരും 19.9 മില്യണ്‍ സന്ദര്‍ശകരുമാണ് ഇവിടെയുള്ളത്. 2.9 മില്യണ്‍ താമസക്കാരുളള റോമില്‍ 7.1 മില്യണ്‍ ടൂറിസ്റ്റുകളാണുളളത്. പ്രതിവര്‍ഷം 148 ശതമാനത്തിന്റെ വര്‍ധനവാണ് ഇവിടെയുള്ളത്.

Comments

comments

Categories: Arabia