‘ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം 850 മില്യണ്‍ കടക്കും’

‘ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം 850 മില്യണ്‍ കടക്കും’

2025ഓടെ ഡിജിറ്റല്‍ സ്വാധീനത്തിലുള്ള ചെലവിടല്‍ 500-550 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: 2025 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ എണ്ണം 850 മില്യണില്‍ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. അതിവേഗ കണക്ഷനുകളുടെ സ്വീകാര്യതയും ലഭ്യതയും വര്‍ധിക്കുന്നതും കൂടുതല്‍ ശേഷിയുള്ള ഡിവൈസുകളുമാണ് ഇതിന് സഹായിക്കുന്നതെന്ന് ബോസ്‌റ്റോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഡിജിറ്റലി കൂടുതല്‍ പക്വത നേടിയവര്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സജീവമാകുമെന്നും, തത്ഫലമായി ഉപഭോഗത്തിലും ഡിജിറ്റല്‍ കൊമേഴ്‌സിലും വളര്‍ച്ച പ്രകടമാകുമെന്നും ബോസ്‌റ്റോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് പറഞ്ഞു.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം ഏഴ് മടങ്ങ് വര്‍ധിച്ച് ഏകദേശം 90 മില്യണിലെത്തിയിരുന്നു. ഡിജിറ്റല്‍ സ്വാധീനത്താലുള്ള പ്രതിവര്‍ഷ ചെലവിടല്‍ നിലവില്‍ 45 ബില്യണ്‍ മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെയാണ്. 2025ഓടെ ഇത് പത്ത് മടങ്ങ് വര്‍ധിച്ച് 500-550 ബില്യണ്‍ ഡോളറിലെത്തുമെന്നും, രാജ്യത്തെ മൊത്തം റീട്ടെയ്ല്‍ വില്‍പ്പനയുടെ 30-35 ശതമാനത്തോളം പങ്കുവഹിക്കുമെന്നുമാണ് ബോസ്‌റ്റോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ നിഗമനം.

250 മില്യണ്‍ 3ജി ഉപയോക്താക്കളെ നേടാന്‍ ഇന്ത്യന്‍ മൊബീല്‍ വിപണി എട്ട് വര്‍ഷത്തിനടുത്ത് സമയമെടുത്തു. പക്ഷെ റിലയന്‍സ് ജിയോയുടെ 4ജി നെറ്റ്‌വര്‍ക്ക് വെറും ഏഴ് മാസത്തിനുള്ളിലാണ് 100 മില്യണ്‍ വരിക്കാരെ നേടിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2020 ആകുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പകുതിയോളം ഗ്രാമപ്രദേശങ്ങളില്‍ നിന്നാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ 33 ശതമാനത്തോളം പേര്‍ 35ഓ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കുമെന്നാണ് ബോസ്‌റ്റോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍.
എല്ലാ ഉപഭോക്തൃ വിഭാഗങ്ങളിലും ഡിജിറ്റല്‍ സ്വാധീനം വ്യാപകമാകുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ പുരുഷന്മാരും, യുവാക്കളും മെട്രോ നഗരങ്ങളില്‍ നിന്നുള്ളവരും ആയിരുന്നു. ഡിജിറ്റലിന്റെ ഭാവി ഇതില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കുമെന്നാണ് നിരീക്ഷണം. ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെയും 3ജിയോ അതിനു മുകളിലോ ഉള്ള സാങ്കേതിക വിദ്യയോടെയാണ് എത്തുന്നതെന്നും ഫീച്ചര്‍ ഫോണുകളിലും 2ജി കണക്ഷനുകള്‍ ഉണ്ടെന്നും ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. അതിവേഗ കണക്ഷനുകളിലേക്കും കൂടുതല്‍ ഉയര്‍ന്ന ശേഷിയുള്ള ഡിവൈസുകളിലേക്കും മാറുന്നതിനുള്ള പ്രവണത പ്രകടമാണെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു.

Comments

comments

Categories: Business & Economy