4ജി ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ഇന്ത്യ രണ്ടാമതെത്തുമെന്ന് കൗണ്ടര്‍പോയ്ന്റ് റിപ്പോര്‍ട്ട്

4ജി ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ഇന്ത്യ രണ്ടാമതെത്തുമെന്ന് കൗണ്ടര്‍പോയ്ന്റ് റിപ്പോര്‍ട്ട്

780 മില്യണ്‍ 4ജി ഡിവൈസുകളിലേക്ക് വളര്‍ന്ന് ഈ രംഗത്ത് ചൈന ആധിപത്യം തുടരും

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ 4ജി ഹാന്‍ഡ്‌സെറ്റ് വിപണിയെന്ന നേട്ടം കൈവരിക്കാന്‍ ഇന്ത്യക്കാകുമെന്ന് കൗണ്ടര്‍പോയ്ന്റ് തയാറാക്കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. റിലയന്‍സ് ജിയോ, എയര്‍ടെല്‍ തുടങ്ങിയ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ആകര്‍ഷക ഓഫറുകളാണ് ഇന്ത്യയില്‍ ഡാറ്റ ഉപയോഗത്തില്‍ വന്‍ കുതിപ്പിനിടയാക്കിയത്. 340 മില്യണ്‍ 4ജി ഡിവൈസുകളിലേക്കു വളര്‍ന്ന് ഇന്ത്യ യുഎസിനെ പിന്നിലാക്കുമെന്നാണ് നിരീക്ഷമം. 150 മില്യണ്‍ 4ജി ഉപയോക്താക്കളുമായി ചൈനയ്ക്കും അമേരിക്കയും പിന്നിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. നിലവില്‍ 225 മില്യണ്‍ 4 ജി ഇന്‍സ്റ്റാള്‍ഡ് ഡിവൈസുകളാണ് യുഎസിലുള്ളത്. ഇത് 245 മില്യണാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

മൊബീല്‍ ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച് വരുന്ന സ്വീകാര്യത മൂലം ഇന്ത്യന്‍ 4ജി വിപണി അതിവേഗത്തില്‍ വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ 740 മില്യണ്‍ 4ജി ഡിവൈസുകളില്‍ നിന്നും അടുത്ത വര്‍ഷം 780 മില്യണ്‍ 4ജി ഡിവൈസുകളിലേക്ക് വളര്‍ന്ന് ഈ രംഗത്ത് ചൈന ആധിപത്യം തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017ന്റെ രണ്ടാംപാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തിന്റെ 96 ശതമാനവും എല്‍ടിഇ ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് സംഭാവന ചെയ്തത്. എന്നിരുന്നാലും ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ പകുതിയും ഇപ്പോഴും 3 ജി അല്ലെങ്കില്‍ 2 ജി ശേഷിയുള്ളവയാണ്. ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ എല്‍ടിഇ ഹാര്‍ഡ്‌സെറ്റുകള്‍ 150 മില്യണ്‍ യൂണിറ്റാണെന്നും അത് ചൈനയ്ക്കും യുഎസിനും പിന്നില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചെന്നും കൗണ്ടര്‍പോയ്ന്റ് ചൂണ്ടിക്കാട്ടുന്നു.

4ജി വോള്‍ട്ടി ഫീച്ചര്‍ ഫോണുകള്‍ കുറഞ്ഞ നിരക്കില്‍ എത്തുന്നതോടെ കൂടുതല്‍ ഉപയോക്താക്കളെ കുറഞ്ഞ സമയത്തിനുള്ളില്‍ നേടി അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ അമേരിക്കയെ മറികടക്കാമെന്നാണ് വിലയിരുത്തല്‍. 1500 രൂപയുടെ റീഫണ്ട് ഡെപ്പോസിറ്റില്‍ 4ജി ഫോണ്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനം അടുത്തിടെയാണ് റിലയന്‍സ് ജിയോ നടത്തിയത്. 24 രൂപ മുതലുള്ള പ്ലാനുകള്‍ ജിയോ ഫോണില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ ആപ്പുകളെല്ലാം ഈ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ മൊബീല്‍ ഫോണ്‍ ചരക്കുനീക്കം മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ധിച്ചു. 2017ന്റെ രണ്ടാംപാദത്തില്‍ ഏകദേശം 30.4 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകളും 35.3 മില്യണ്‍ യൂണിറ്റ് ഫീച്ചര്‍ഫോണുകളുമാണ് കയറ്റി അയക്കപ്പെട്ടത്. ‘ജിഎസ്ടി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ മൂലം ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ ചരക്കുനീക്കമാണ് നടന്നത്. ജൂണ്‍ മാസത്തില്‍ പുതിയ സ്റ്റോക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ റീട്ടെയ്‌ലര്‍മാര്‍ വിമുഖത കാണിച്ചു’ കൗണ്ടര്‍പോയ്ന്റിലെ റിസര്‍ച്ച് അനലിസ്റ്റായ ശോഭിത് ശ്രീവാസ്തവ പറഞ്ഞു. 2017ന്റെ രണ്ടാം പകുതിയില്‍ ഉത്സവസീസണിന് മുന്നോടിയായി ഇരട്ട അക്ക വളര്‍ച്ചയിലേക്ക് തിരികെ പോകാനാവുമെന്നാണ് രാജ്യത്തെ മൊബീല്‍ഫോണ്‍ വിപണി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy