ആദ്യ പാദത്തില്‍ ഐഡിയയ്ക്ക് വന്‍ നഷ്ടം: വരുമാനം 14 ശതമാനം ഇടിഞ്ഞു

ആദ്യ പാദത്തില്‍ ഐഡിയയ്ക്ക് വന്‍ നഷ്ടം: വരുമാനം 14 ശതമാനം ഇടിഞ്ഞു

നഷ്ടത്തിന്റെ തോത് കഴിഞ്ഞ പാദത്തിന്റെ ഇരട്ടിയിലധികമായി

മുംബൈ: സൗജന്യ ഡാറ്റ, വോയിസ് സേവനങ്ങളിലൂടെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ ഉണ്ടാക്കിയ ആഘാതങ്ങള്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഐഡിയ സെല്ലുലാറിന്റെ ഏപ്രില്‍-ജൂണ്‍ പ്രവര്‍ത്തന ഫലം. എയര്‍ടെല്‍ തങ്ങളുടെ ലാഭത്തില്‍ ഉണ്ടായ കനത്ത ഇടിവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആദ്യ പാദത്തിലെ നഷ്ടക്കണക്ക് ഐഡിയ സെല്ലുലാറും പുറത്തുവിട്ടത്. തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലാണ് കമ്പനി അറ്റനഷ്ടം രേഖപ്പെടുത്തുന്നത്. ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസ പാദത്തില്‍ 815 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടമാണ് കമ്പനിക്കുണ്ടായത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 327.7 കോടി രൂപയുടെ നഷ്ടമാണ് ഐഡിയ റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തിന്റെ തോത് കഴിഞ്ഞ പാദത്തില്‍ ഇരട്ടിയിലധികമായിട്ടുണ്ട്.

മുന്‍ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 220.4 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കുറി ഐഡിയ കനത്ത നഷ്ടം കുറിച്ചത്. ബിര്‍ള ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ഐഡിയ സെല്ലുലാര്‍ ആദ്യ പാദത്തില്‍ 657.3 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുമെന്നായിരുന്നു അനലിസ്റ്റുകളുടെ പ്രവചനം. മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തില്‍ 14 ശതമാനം കുറവാണ് കാണിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഐഡിയ 8166.5 കോടി രൂപ വരുമാനം നേടി. മാര്‍ച്ച് പാദത്തില്‍ 8126.1 കോടി രൂപയുടെ വരുമാനമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

ജിയോ ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിന് ഐഡിയ അവതരിപ്പിച്ച ഓഫറുകളും കുറഞ്ഞ നിരക്കിലുള്ള വോയ്‌സ്, ഡാറ്റ സേവനങ്ങളും കമ്പനിയുടെ വരുമാനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. അതേ സമയം, ഇത്തരം ഓഫറുകള്‍ ഡാറ്റ ഉപയോഗത്തിലും കോളുകളുടെ എണ്ണത്തിലും ശക്തമായ വളര്‍ച്ച പ്രകടമാക്കുന്നതിനും കമ്പനിക്ക് സഹായകമായിട്ടുണ്ടെന്നാണ് നിരീക്ഷണം. ഇത് കമ്പനിയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചതെന്ന് ഐഡിയ പറയുന്നു.
ഏപ്രില്‍ മുതല്‍ ജിയോ നിരക്കടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചെങ്കിലും ഡാറ്റ, വോയ്‌സ് സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുന്നതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷവും ഇന്ത്യന്‍ വയര്‍ലെസ് വ്യാവസായിക രംഗത്ത് ഇടിവ് തുടരുമെന്നും ഐഡിയ വിലയിരുത്തുന്നു.

മികച്ച സേവനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ജിയോയെ എതിരിടുന്നതിന് അടുത്ത വര്‍ഷാരംഭം തന്നെ വോള്‍ട്ടി സേവനം ആരംഭിക്കുമെന്നും ഐഡിയ അറിയിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം തങ്ങളുടെ 4ജി ശൃംഖല വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 189 മില്യണ്‍ വരിക്കാരുമായാണ് കമ്പനി ആദ്യ പാദം അവസാനിപ്പിച്ചത്. ബോംബെ സൂചികയില്‍ കമ്പനിയുടെ ഓഹരികള്‍ വ്യാഴാഴ്ച 2.1 ശതമാനം ഇടിഞ്ഞ് 92.65 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഇതിനു പിന്നാലെയാണ് നഷ്ടം വ്യക്തമാക്കി ആദ്യ പാദ ഫലം പുറത്തുവന്നത്.

Comments

comments

Categories: Business & Economy