ബിഎംഡബ്ല്യു ഇലക്ട്രിക് കാര്‍ പദ്ധതി പ്രഖ്യാപിച്ചു

ബിഎംഡബ്ല്യു ഇലക്ട്രിക് കാര്‍ പദ്ധതി പ്രഖ്യാപിച്ചു

കാറുകളുടെ വൈദ്യുതീകരണമാണ് ഭാവിയിലെ പ്രധാന പദ്ധതിയെന്ന് ബിഎംഡബ്ല്യു

മ്യൂണിക്ക് : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇലക്ട്രിക് കാര്‍ പദ്ധതി പ്രഖ്യാപിച്ചു. കാറുകളുടെ വൈദ്യുതീകരണമാണ് ഭാവിയിലെ പ്രധാന പദ്ധതിയെന്ന് കമ്പനി വ്യക്തമാക്കുന്നു. ആന്തരിക ദഹന എന്‍ജിന്‍ മോഡലുകള്‍ക്കൊപ്പം എല്ലാ ബ്രാന്‍ഡുകളുടെയും മോഡലുകളുടെയും ഫുള്‍ ഇലക്ട്രിക് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഡ്രൈവ്‌ട്രെയ്ന്‍ ഓപ്ഷന്‍ കൂടി ലഭ്യമാക്കുമെന്നാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്. 2020 ന് മുമ്പ് കമ്പനി ചില ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കും. മാത്രമല്ല, ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും കമ്പനിയുടെ പുതിയ ഓട്ടോമൊബീല്‍ ആര്‍ക്കിടെക്ച്ചര്‍.

ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതിയനുസരിച്ച് ആദ്യം നിര്‍മ്മിക്കുന്ന മോഡല്‍ ഇലക്ട്രിക് മിനി കൂപ്പര്‍ ആയിരിക്കും. ജനപ്രീതിയാര്‍ജ്ജിച്ച ത്രീ ഡോര്‍ ഹാച്ച്ബാക്കിന്റെ ഫുള്ളി ഇലക്ട്രിക് വേര്‍ഷന്റെ നിര്‍മ്മാണം 2019 ല്‍ ആരംഭിക്കും. ബിഎംഡബ്ല്യുവിന്റെ ജര്‍മ്മനിയിലെ ഇ-മൊബിലിറ്റി പ്ലാന്റിലാണ് ഇലക്ട്രിക് പവര്‍ട്രെയ്ന്‍ നിര്‍മ്മിക്കുന്നത്. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് പ്ലാന്റില്‍വെച്ച് ഇലക്ട്രിക് മിനി കൂപ്പറിനായി ഫിറ്റ് ചെയ്യും.

ബിഎംഡബ്ല്യുവിന്റെ ഉല്‍പ്പാദന സംവിധാനം നൂതനമാണെന്ന് മാനേജ്‌മെന്റ് ബോര്‍ഡ് അംഗം ഒളിവര്‍ സിപ്‌സെ പറഞ്ഞു. ആവശ്യമെങ്കില്‍ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ മോട്ടോര്‍ കംപോണന്റുകളുടെ ഉല്‍പ്പാദനം അതിവേഗം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2025 ഓടെ ആകെ വില്‍പ്പനയുടെ 15-25 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്നാണ് ബിഎംഡബ്ല്യുവിന്റെ ലക്ഷ്യം. ആന്തരിക ദഹന എന്‍ജിനുകളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് അടിസ്ഥാനസൗകര്യങ്ങളുടെയും മറ്റും കാര്യത്തില്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ വേണമെന്ന് മനസ്സിലാക്കുന്നതായി ബിഎംഡബ്ല്യു അധികൃതര്‍ പറഞ്ഞു. ഓരോ വിപണിയിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ വെല്ലുവിളികള്‍ നേരിടാന്‍ കമ്പനി തയ്യാറാണ്.

നിലവില്‍ ബിഎംഡബ്ല്യുവിന്റെ പത്ത് പ്ലാന്റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇലക്ട്രിക് മൊബിലിറ്റിക്കായി ബിഎംഡബ്ല്യു ഇതുവരെ ഏകദേശം 100 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ബിഎംഡബ്ല്യു ഐ8 റോഡ്‌സ്റ്റര്‍ ആയിരിക്കും കമ്പനിയുടെ അടുത്ത ഇലക്ട്രിക് മോഡല്‍. മറ്റ് ഇലക്ട്രിക് മോഡലുകള്‍ക്കൊപ്പം ഫുള്ളി ഇലക്ട്രിക് ബിഎംഡബ്ല്യു എക്‌സ്3 2020 ല്‍ നിരത്തുകളിലെത്തും. ഈ കലണ്ടര്‍ വര്‍ഷം കുറഞ്ഞത് ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുകയാണ് ബിഎംഡബ്ല്യുവിന്റെ ലക്ഷ്യം. 2018 ലെ ലക്ഷ്യവും ഇതുതന്നെ.

Comments

comments

Categories: Auto