വാട്‌സാപ്പ് ആഘോഷിക്കുന്നു പ്രതിദിനം ഒരു ബില്ല്യണ്‍ ഉപഭോക്താക്കള്‍

വാട്‌സാപ്പ് ആഘോഷിക്കുന്നു പ്രതിദിനം ഒരു ബില്ല്യണ്‍ ഉപഭോക്താക്കള്‍

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്ല്യണും പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 1.3 ബില്ല്യണും എത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിന്റെ ‘സ്‌നാപ്ചാറ്റ് സ്റ്റോറീസി’നു സമാനമായി ആറുമാസങ്ങള്‍ക്കു മുമ്പ് വാട്‌സാപ്പ് ആരംഭിച്ച ‘വാട്‌സാപ്പ് സ്റ്റാറ്റസി’ന് ആഗോളതലത്തില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വാട്‌സാപ്പ് സ്റ്റാറ്റസിന് ദിവസേന 250 ദശലക്ഷം സജീവ ഉപഭോക്താക്കളാണുള്ളത്. സ്‌നാപ്ചാറ്റിന് പ്രൈവറ്റ് മെസേജിംഗ് ഫീച്ചറിന് ആകെ 166 ദശലക്ഷം പ്രതിദിന ഉപഭോക്താക്കളാണുള്ളത്.

ടെസ്റ്റ് മെസേജുകള്‍, സ്റ്റോറീസ്, വോയിസ്, ഓഡിയോ കോളുകള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്ന വാട്‌സാപ്പിന്റെ പ്രതിമാസ ഉപഭോക്താക്കളില്‍ 76 ശതമാനം പേരും ആപ്ലിക്കേഷന്റെ പ്രതിദിന ഉപഭോക്താക്കളായി മാറുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ ഒരു ദിവസം 4.5 ബില്ല്യണ്‍ ഫോട്ടോകളും ഒരു ബില്ല്യണ്‍ വിഡിയോകളും ഉള്‍പ്പെടെ 55 ബില്ല്യണ്‍ മെസേജുകള്‍ വാട്‌സാപ്പ് പ്ലാറ്റ്‌ഫോം വഴി അയക്കുന്നുണ്ട്.

‘വാട്‌സാപ്പ് തങ്ങളുടെ നേട്ടം ആഘോഷിക്കുകയാണ്. ഉപഭോക്താക്കളുടെ ആനന്ദത്തിനായി കൂടുതല്‍ ഉപകാരപ്രദമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. വാട്‌സാപ്പില്‍ നിന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ലാളിത്യവും സുരക്ഷയും ഉറപ്പാക്കും’- വാട്‌സാപ്പ് സിഇഒ ജാന്‍ കോം പറഞ്ഞു.

2014 ഫെബ്രുവരിയില്‍ ഫേസ്ബുക്ക് ഏറ്റെടുക്കുമ്പോള്‍ 450 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കളും 350 ദശലക്ഷം പ്രതിദിന ഉപഭോക്താക്കളുമാണ് വാട്‌സാപ്പിനുണ്ടായിരുന്നത്. 2016 ഫെബ്രുവരില്‍ ആപ്ലിക്കേഷന്റെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്ല്യണായി വര്‍ധിച്ചിരുന്നു. വാട്‌സപ്പ് ലാഭകരമാക്കുന്നതിനായി മൂന്നു പുതിയ തസ്തികകള്‍ സൃഷ്ടിച്ചതടക്കം അടുത്തിടെ ടീമില്‍ പല പരിഷ്‌കരണങ്ങളും ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. വാട്‌സാപ്പ് ആപ്ലിക്കേഷന് വലിയ പ്രചാരമുള്ള ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വിപണികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വര്‍ഷമവസാനത്തോടെ യുപിഐ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷനോട് ഏകീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ച ബിസിനസ് ചാറ്റിന് സമാനമായി ഉപഭോക്താക്കള്‍ക്ക് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഒരു സൗകര്യം ആരംഭിക്കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്.

Comments

comments

Categories: Tech