രണ്ടാം പാദത്തില്‍ അറ്റാദായം റെക്കോഡ് തലത്തിലെത്തിയെന്ന് സാംസംഗ്

രണ്ടാം പാദത്തില്‍ അറ്റാദായം റെക്കോഡ് തലത്തിലെത്തിയെന്ന് സാംസംഗ്

ആപ്പിളിനെ പിന്തള്ളി ആഗോളതലത്തില്‍ ഏറ്റവും ലാഭകരമായ ടെക് കമ്പനിയായി സാംസംഗ് മാറി

സിയൂള്‍: ദക്ഷിണകൊറിയന്‍ ടെക് ഭീമന്‍ സാംസംഗിന്റെ രണ്ടാം പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ധിച്ച് 11 ട്രില്യണ്‍ വോണ്‍ (9 ബില്യണ്‍ ഡോളര്‍) ആയി. കമ്പനിയുടെ പ്രവര്‍ത്തനലാഭം 72.7 ശതമാനം ഉയര്‍ന്ന് 14.1 ട്രില്യണ്‍ വോണ്‍ എന്ന റെക്കോഡ് തലത്തിലെത്തിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ ആകെ വിറ്റുവരവ് 19.76 ശതമാനം വര്‍ധിച്ച് 61 ട്രില്യണ്‍ വോണ്‍ എന്ന റെക്കോഡിട്ടു.

ജൂലൈ 7 ന് സാംസംഗ് പുറത്തുവിട്ട പ്രതീക്ഷിത ലാഭം സംബന്ധിച്ച റിപ്പോര്‍ട്ടുമായി ഒത്തുപോകുന്നതാണ് ഈ കണക്കുകള്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്‍കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും ലാഭകരമായ ടെക് കമ്പനിയായി മാറുന്നതിന് ഈ നേട്ടം സാംസംഗിനെ സഹായിക്കും.

സെമി കണ്ടക്റ്ററുകളും ഘടകഭാഗങ്ങളും ന ഉല്‍പാദിപ്പിക്കുന്ന ഡിവിഷനുകള്‍ സംയോജിതമായി 42.43 ട്രില്യണ്‍ വോണാണ് രണ്ടാം പാദത്തില്‍ നേടിയത്. 2016ലെ ഇതേപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 40.7 ശതമാനത്തിലധികം വര്‍ധനവാണ്. ഡിആര്‍എഎമ്മുകളുടെയും എസ്എസ്എഡികളുടെയും ആവശ്യകത ഉയര്‍ന്നത് ചിപ്പ് യൂണിറ്റിന്റെ പ്രകടനത്തെ വളരെ മെച്ചപ്പെടുത്തി.

കമ്പനിയുടെ മൊബില്‍ ഡിവിഷനില്‍ നിന്നുള്ള വില്‍പ്പന വരുമാനം 13 ശതമാനം ഉയര്‍ന്ന് 30 ട്രില്യണ്‍ വോണായി. പുതിയ ഗാലക്‌സി എസ്8, എസ്8 പ്ലസ് തുടങ്ങിയ ഹൈ എന്‍ഡ് മോഡലുകളുടെ പൊതു സ്വീകാര്യത ഈ നേട്ടത്തിന് പ്രധാന കാരണമായി. എന്നാല്‍ ഘടകഭാഗങ്ങള്‍ക്കായുള്ള ചെലവുകളിലെ വര്‍ധന കാരണം ഈ ഡിവിഷനില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം കുറഞ്ഞു.
ഹൈ-എന്‍ഡ് സമാര്‍ട്ട്‌ഫോണുകള്‍ക്കും വലിയ രൂപത്തിലുള്ള ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ (എല്‍സിഡി)കള്‍ക്കും വേണ്ടിയുള്ള ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് (ഒഎല്‍ഇഡി) സ്‌ക്രീനുകളുടെ വന്‍തോതിലുള്ള വില്‍പ്പന സാംസംഗ് സ്‌ക്രീന്‍ ഡിവിഷന്റെ വരുമാനം 20 ശതമാനം വര്‍ധിപ്പിച്ച് 7.71 ട്രില്യണ്‍ വോണ്‍ നേടിക്കൊടുത്തു.

Comments

comments