റിയാദ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ ഇടിവ് തുടരുന്നു

റിയാദ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ ഇടിവ് തുടരുന്നു

റസിഡന്‍ഷ്യല്‍, ഓഫീസ്, റീട്ടെയ്ല്‍ മേഖലകളില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയെന്ന് ജെഎല്‍എല്ലിന്റെ റിപ്പോര്‍ട്ട്

റിയാദ്: റിയാദിന്റെ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റില്‍ രണ്ടാം പാദത്തിലും ഇടിവ് തുടരുന്നു. നഗരത്തിന്റെ റസിഡന്‍ഷ്യല്‍, ഓഫീസ്, റീട്ടെയ്ല്‍ മേഖലകളില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയതായി റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ ജെഎല്‍എല്ലിന്റെ ക്യു2 2017 റിയാദ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം പാദത്തില്‍ ഇടിവുണ്ടായെങ്കിലും ഷോപ്പിംഗ് സെന്റര്‍ ഉടമകള്‍ മികച്ച പ്രതീക്ഷയിലാണ്. ‘ഷോപ്പര്‍ടെയ്ന്‍മെന്റ്’ല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് ഇവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്കായുള്ള സിനിമ കൊണ്ടുവരുന്നവരെ ചില ഉടമകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ മാളുകളിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നതിനായി കോമണ്‍ ഏരിയകള്‍ ഒരുക്കുകയാണ് മറ്റുചിലര്‍.

മികച്ച നയങ്ങളിലൂടെ ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മേഖലകളെ ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും മാര്‍ക്കറ്റ് രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയെന്ന് ജെഎല്‍എല്ലിന്റെ സൗദി മേധാവി എം ജമില്‍ ഗസ്‌നാവി പറഞ്ഞു. ഗവണ്‍മെന്റിന്റെ നിര്‍ണ്ണായകമായ മാറ്റങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച വാണിജ്യ കരാറിലൂടെ ലഭിക്കുന്ന വിദേശ നിക്ഷേപവും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മാര്‍ക്കറ്റിനെ മികവിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം.

എലഗന്‍സ് ടവറിന്റേയും ഗിര്‍നാട സ്‌ക്വയറിന്റേയും നിര്‍മാണം പൂര്‍ണമായതോടെ റിയാദിന്റെ ഓഫീസ് സ്‌പേയ്‌സ് 3.8 മില്യണ്‍ സ്‌ക്വയര്‍ മീറ്ററിലേക്കെത്തി. ഡിമാന്‍ഡ് കുറഞ്ഞതോടെ ഓഫീസ് മേഖലയുടെ വേക്കന്‍സികളില്‍ വര്‍ധനവുണ്ടായി ഇത് രണ്ടാം പാദത്തില്‍ വാടക നിരക്ക് കുറയാന്‍ കാരണമായി.

റസിഡന്‍ഷ്യല്‍ മേഖലയില്‍ വില്‍പ്പന, വാടക നിരക്കുകളില്‍ ചെറിയ രീതിയില്‍ ഇടിവുണ്ടായി. റിയാദിലെ മൊത്തത്തിലുള്ള റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ ആകെ സ്റ്റോക്കുകള്‍ 1,170,000 യൂണിറ്റുകളാണ്. കുറഞ്ഞ ചെലവിലുള്ള വീടുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ സപ്ലൈ വര്‍ധിപ്പിക്കുന്നതിനായി ആറ് സ്വകാര്യ നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് പാര്‍പ്പിട മന്ത്രാലയം. അടുത്ത മൂന്ന് വര്‍ഷത്തില്‍ സപ്ലൈ നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അപ്പാര്‍ട്ട്‌മെന്റുകളുടേയും വില്ലകളുടേയും ഇടപാടുകളുടെ എണ്ണത്തെ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ യഥാക്രമം 19 ശതമാനത്തിന്റേയും 41 ശതമാനത്തിന്റേയും ഇടിവാണുണ്ടായതെന്ന് ജെഎല്‍എല്‍ പറയുന്നു. രണ്ടാം പാദത്തില്‍ വില്ലകളുടേയും അപ്പാര്‍ട്ട്‌മെന്റുകളുടേയും വാടക, വില്‍പ്പന വിലയിലും ഇടിവുണ്ടായി.

മാള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയാദിലെ റീട്ടെയ്ല്‍ സ്റ്റോക്ക് 1.7 മില്യണ്‍ സ്‌ക്വയര്‍ മീറ്ററാണ്. പദ്ധതികളിലെ കാലതാമസം അടുത്ത മൂന്ന് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട മൂന്നില്‍ ഒന്ന് പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാദിലെ റീട്ടെയ്ല്‍ മാര്‍ക്കറ്റിലും രണ്ടാംപാദത്തില്‍ ചെറിയ ഇടിവുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വേക്കന്‍സി രണ്ട് ശതമാനം വര്‍ധിച്ച് 9 ശതമാനത്തിലെത്തി. അടുത്ത 12 മാസത്തില്‍ വേക്കന്‍സിയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തില്‍ വാടക നിരക്കില്‍ കാര്യമായ മാറ്റമുണ്ടായില്ല.

Comments

comments

Categories: Arabia, Slider

Related Articles