ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇ-വിസ സംവിധാനവുമായി ഒമാന്‍

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇ-വിസ സംവിധാനവുമായി ഒമാന്‍

www.evisa.rop.gov.om എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്

മസ്‌കറ്റ്: ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഒമാന്‍ ഇ-വിസ സേവനം പുറത്തിറക്കി. ഒമാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ ഇനി വിസ ലഭിക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കാന്‍ സാധിക്കും. ഇതിനായി www.evisa.rop.gov.om എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇ-വിസ സംവിധാനത്തിലൂടെ പ്രധാന മാര്‍ക്കറ്റുകളായ ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ ടൂറിസ്റ്റുകള്‍ ഒമാനിലേക്ക് എത്തുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നോണ്‍ സ്‌പോണ്‍സേര്‍ഡ് ടൂറിസ്റ്റ് വിസയ്ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്ന 67 രാജ്യങ്ങളില്‍ നിന്നുള്ളവരേയും ജിസിസി രാജ്യങ്ങളിലെ 116 തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്നവരേയുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇ-വിസ സംവിധാനത്തിലൂടെ ഒമാന്റെ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും സന്ദര്‍ശകരുടെ വിസയ്ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കുക. ഇതിനായി ടൂറിസ്റ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന ഫോം പൂരിപ്പിച്ച്, അവശ്യമായ രേഖകളും ചേര്‍ത്ത് അയക്കണം. ഒമാന്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ആഗോള പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അപേക്ഷയ്ക്കുള്ള പണം അടയ്ക്കാനാവും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ-മെയില്‍ വഴിയായിരിക്കും അപേക്ഷകരെ അറിയിക്കുക.

വരും വര്‍ഷങ്ങളില്‍ ഒമാനിന്റെ ടൂറിസം മേഖലയിലെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിനായാണ് ഇ-വിസ സംവിധാനം രാജ്യം കൊണ്ടുവന്നതെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയത്തിന്റെ ടൂറിസം പ്രൊമോഷന്‍ ഡയറക്റ്റര്‍ ജനറല്‍ സലിം അദി അല്‍ മമരി പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് മാത്രമായിരിക്കില്ല നിക്ഷേപകര്‍, വ്യവസായികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഇതിലൂടെ എളുപ്പത്തില്‍ വിസ ലഭിക്കുമെന്നും അദ്ദേഹം. കഴിഞ്ഞ വര്‍ഷം മൂന്ന് മില്യണ്‍ വിനോദസഞ്ചാരികളാണ് രാജ്യത്ത് എത്തിയത്. ഇത് 2020 ആകുമ്പോഴേക്കും നാല് മില്യണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia