യുഎസ് തപാല്‍ വകുപ്പിന്റെ ആറ് ബില്യണ്‍ ഡോളര്‍ കരാര്‍ നേടിയെടുക്കാന്‍ മഹീന്ദ്ര

യുഎസ് തപാല്‍ വകുപ്പിന്റെ ആറ് ബില്യണ്‍ ഡോളര്‍ കരാര്‍ നേടിയെടുക്കാന്‍ മഹീന്ദ്ര

റോഡ് ടെസ്റ്റിംഗിനായി ഒരു ഡസനിലധികം വാഹന മാതൃകകള്‍ യുഎസ് തപാല്‍ വകുപ്പിന് നല്‍കും

ഡിട്രോയിറ്റ് : യുഎസ് സര്‍ക്കാരില്‍നിന്ന് ആറ് ബില്യണ്‍ ഡോളറിന്റെ തപാല്‍ വിതരണ വാഹന ഓര്‍ഡര്‍ നേടിയെടുക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ശ്രമം. റോഡ് ടെസ്റ്റിംഗിനായി ഈ വരുന്ന സെപ്റ്റംബറിനും നവംബറിനുമിടയില്‍ ഒരു ഡസനിലധികം വാഹന മാതൃകകള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യുഎസ് തപാല്‍ വകുപ്പ് മുമ്പാകെ വെയ്ക്കും. യുഎസ് സര്‍ക്കാരില്‍നിന്ന് 11 മില്യണ്‍ ഡോളറിന്റെ പ്രോട്ടോടൈപ്പ് കരാര്‍ ലഭിച്ചതായി മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക (എംഎഎന്‍എ) പ്രസിഡന്റ് ആന്‍ഡ് സിഇഒ റിക്ക് ഹാസ് പറഞ്ഞു. ഈ വാഹന മാതൃകകള്‍ ഡിട്രോയിറ്റില്‍ നിര്‍മ്മിക്കും. സെപ്റ്റംബറില്‍ എട്ട് പ്രോട്ടോടൈപ്പുകള്‍ കൈമാറുമെന്നും മറ്റൊരു ആറെണ്ണം നവംബറില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വമ്പന്‍ കരാറിനായി മറ്റ് നാല് കമ്പനികളും രംഗത്തുണ്ട്. ഹൈ ക്വാളിറ്റി മിലിട്ടറി, കൊമേഴ്‌സ്യല്‍ സ്‌പെഷലൈസ്ഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന യുഎസ് കമ്പനിയായ എഎം ജനറല്‍, സ്‌പെഷലൈസ്ഡ് ട്രക്ക് ബോഡികളും ട്രെയ്‌ലറുകളും നിര്‍മ്മിക്കുന്ന വിടി ഹാക്ക്‌നി, തുര്‍ക്കിയിലെ കൊമേഴ്‌സ്യല്‍ വാഹന നിര്‍മ്മാതാക്കളായ കര്‍സാന്‍, സ്‌പെഷാലിറ്റി ട്രക്കുകളും മിലിട്ടറി വാഹനങ്ങളും നിര്‍മ്മിക്കുന്ന യുഎസ് കമ്പനിയായ ഓഷ്‌കോഷ് കോര്‍പ്പറേഷന്‍ എന്നിവയാണ് കരാര്‍ നേടിയെടുക്കുന്നതിന് ശ്രമിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എതിരാളികള്‍.[/blockquote]

തെരഞ്ഞെടുക്കപ്പെട്ടാല്‍ ആറ് വര്‍ഷ കാലയളവില്‍ യുഎസ് തപാല്‍ വകുപ്പിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1.8 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ചുനല്‍കേണ്ടിവരും. പഴയ വാഹനങ്ങള്‍ക്ക് പകരമായാണ് യുഎസ് തപാല്‍ വകുപ്പ് പുതിയ കരാര്‍ നല്‍കുന്നത്. വാഹനമോരോന്നിനും 35,000 ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉള്‍പ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന് യുഎസ്സില്‍ രണ്ട് ബില്യണിലധികം ഡോളറിന്റെ ബിസിനസ്സുണ്ട്. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് യുഎസ്സിലായിരിക്കും വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

കരാര്‍ ആര്‍ക്കെന്നത് വ്യക്തമാകുന്നതിന് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവരും. കരാര്‍ ലഭിച്ചാല്‍ 2019 മുതലോ 2020 ഓടെയോ വാഹനങ്ങള്‍ കൈമാറുമെന്ന് റിക്ക് ഹാസ് വ്യക്തമാക്കി. തുടക്കത്തില്‍ ഫോര്‍ഡ്, നിസ്സാന്‍, മെഴ്‌സിഡസ് കമ്പനികള്‍ മത്സരംരഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ഇവര്‍ പിന്‍മാറുകയായിരുന്നു.

Comments

comments

Categories: Auto