യുബര്‍ ഇന്ത്യയുടെ വിപണി വിഹിതം 50 ശതമാനം വര്‍ധിച്ചു

യുബര്‍ ഇന്ത്യയുടെ വിപണി വിഹിതം 50 ശതമാനം വര്‍ധിച്ചു

വിപണി വിഹിതത്തിനായി ഒലയുമായി കടുത്ത പോരാട്ടം

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പ് ആധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബറിന്റെ ഇന്ത്യയിലെ വിപണിവിഹിതം ജനുവരി മുല്‍ ജൂണ്‍ വരെയുള്ള ആറ് മാസക്കാലയളവില്‍ 50 ശതമാനം ഉയര്‍ന്നു. ഇക്കാലയളവില്‍ യുബറിന്റെ മുഖ്യഎതിരാളിയായ ഒലയുടെ വിപണി വിഹിതം 44.2 ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്. ഒന്നാം നിര, രണ്ടാം നിര നഗരങ്ങളും 10 മെട്രോകളും ഉള്‍പ്പടെ 60 നഗരങ്ങളിലെ ആപ്പ് ഡൗണ്‍ലോഡിന്റെ അടിസ്ഥാനത്തിലാണ് വിപണി വിഹിതം കണക്കാക്കിയിട്ടുള്ളത്. ഐക്‌സിഗോ കാബ്‌സ് 4.5 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തപ്പോള്‍ മെരു കാബ്‌സിന് 1.3 ശതമാനം വിപണി വിഹിതം മാത്രമാണ് നേടാനായത്.

ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 51.8 ശതമാനം, 48.1 ശതമാനം വിപണിവിഹിതം സ്വന്തമാക്കാന്‍ ഒലയ്ക്കായി. എന്നാല്‍ മാര്‍ച്ചില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഒലയ്ക്ക് യുബറുമായുള്ള പോരാട്ടത്തില്‍ വിപണി വിഹിതത്തില്‍ ഇടിവ് നേരിട്ടു. മാര്‍ച്ചില്‍ യുബറിന്റെ വിപണിവിഹിതം 48.9 ശതമാനവും ഒലയുടെത് 45.2 ശതമാനവുമായിരുന്നു. ഇക്കാലയളവില്‍ ഒരു ഉപഭോക്താവിന്റെ ശരാശരി റൈഡുകളുടെ എണ്ണം ഒലയുടെ കാര്യത്തില്‍ 2.95ഉം, യുബറിന്റെ കാര്യത്തില്‍ 4.38ഉം ആയിരുന്നു.

റൈഡ് തുക കണക്കിലെടുത്താല്‍ യുബര്‍ സേവനങ്ങള്‍ ഉപയോഗിച്ച 40.9 ശതമാനം ഉപഭോക്താക്കളും 100 രൂപയില്‍ കുറവുള്ള സേവനം തിരഞ്ഞെടുത്തവരാണ്. 100-150നും ഇടയിലുള്ള തുക അടച്ചത് 22.8 ശതമാനം ഉപഭോക്താക്കളാണ്. 5.4 ശതമാനം ഉപഭോക്താക്കളാണ് 250-300 നുമിടയിലുള്ള റൈഡ് തുക നല്‍കിയത്. 300 രൂപയില്‍ കൂടുതല്‍ കൊടുത്തതാകട്ടെ 12.5 ശതമാനം യുബര്‍ ഉപഭോക്താക്കളാണ്. ഒലയുടെ കാര്യത്തില്‍ 31.4 ശതമാനം ഉപഭോക്താക്കള്‍ 100 രൂപയില്‍ താഴെ റൈഡ് തുക നല്‍കിയപ്പോള്‍ 15.8 ശതമാനം 300 രൂപയില്‍ കൂടുതല്‍ തുക അടച്ചു. 150-200 രൂപയ്ക്ക് ഇടയിലുള്ള തുക നല്‍കിയത് 15 ശതമാനം ഉപഭോക്താക്കളാണ്.

Comments

comments

Categories: Business & Economy