ഇന്ത്യന്‍ വിപണി പ്രവേശനത്തിന് കിയ മോട്ടോഴ്‌സ് ഒരുക്കങ്ങള്‍ തുടങ്ങുന്നു

ഇന്ത്യന്‍ വിപണി പ്രവേശനത്തിന് കിയ മോട്ടോഴ്‌സ് ഒരുക്കങ്ങള്‍ തുടങ്ങുന്നു

ഡീലര്‍ പാര്‍ട്ണര്‍മാരെ കണ്ടെത്തുന്നതിന് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ റോഡ് ഷോകള്‍ നടത്തും

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാാതാക്കളായ കിയ മോട്ടോഴ്‌സ് ഒരുക്കങ്ങള്‍ തുടങ്ങുന്നു. 2019 ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഡീലര്‍ പാര്‍ട്ണര്‍മാരെ കണ്ടെത്തുന്നതിനായി കമ്പനി ഈ വരുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ റോഡ് ഷോകള്‍ നടത്തും. റോഡ് ഷോയിലെ ഓരോ പരിപാടിയിലും പങ്കെടുക്കുന്ന ഡീലര്‍മാര്‍ക്ക് കമ്പനിയുടെ ബിസിനസ് തന്ത്രം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് കിയ മോട്ടോഴ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഡീലര്‍മാരുടെ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നത്.

സവിശേഷമായ ഇന്ത്യന്‍ വിപണി തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യാ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി യോങ് എസ് കിം പറഞ്ഞു. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് നവ്യാനുഭവം പകരാന്‍ കിയ മോട്ടോഴ്‌സിന് കഴിയുമെന്നും ഇക്കാര്യത്തില്‍ ഡീലര്‍ പാര്‍ട്ണര്‍മാര്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ന്യൂ ഡെല്‍ഹി എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ സംബന്ധിച്ച വിവരങ്ങളാണ് നിലവില്‍ വെബ്‌സൈറ്റിലുള്ളത്.

അനന്തപുര്‍ ജില്ലയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ആന്ധ്രാ പ്രദേശ് സര്‍ക്കാരുമായി ഏപ്രില്‍ മാസത്തില്‍ കിയ മോട്ടോഴ്‌സ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിനായി 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്. ഡിസംബര്‍ പാദത്തില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇന്ത്യന്‍ വിപണിയിലേക്ക് പ്രത്യേകമായി കോംപാക്റ്റ് സെഡാനും കോംപാക്റ്റ് എസ്‌യുവിയും നിര്‍മ്മിക്കാനാണ് കിയ മോട്ടോഴ്‌സ് ആലോചിക്കുന്നത്.

പ്രതിവര്‍ഷം മൂന്ന് ലക്ഷം വരെ കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ പ്ലാന്റ്. കിയ കാറുകള്‍ക്ക് ലോകമെമ്പാടും ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്ന് കിം പറഞ്ഞു. ഇന്ത്യയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുകയും വില്‍പ്പന തുടങ്ങുകയും ചെയ്യുന്നതോടെ പ്രമുഖ ആഗോള കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയിലേക്ക് കിയ മോട്ടോഴ്‌സ് പ്രവേശിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

23 മില്യണ്‍ ചതുരശ്ര അടിയിലാണ് കാര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നത്. സ്റ്റാമ്പിംഗ്, വെല്‍ഡിംഗ്, പെയിന്റിംഗ്, അസ്സംബ്ലിംഗ് സൗകര്യങ്ങള്‍ പ്ലാന്റിലുണ്ടാകും. നിരവധി വാഹനഘടക നിര്‍മ്മാണ കമ്പനികള്‍ക്ക് ഇവിടെ ഉല്‍പ്പാദനം നടത്താന്‍ കഴിയും.

 

Comments

comments

Categories: Auto