2019 മുതല്‍ സാമ്പത്തിക വര്‍ഷം ജനുവരി-ഡിസംബര്‍ ആകും

2019 മുതല്‍ സാമ്പത്തിക വര്‍ഷം ജനുവരി-ഡിസംബര്‍ ആകും

ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മാറ്റം അനിവാര്യമല്ലെന്നാണ് ശങ്കര്‍ ആചാര്യ സമിതിയുടെ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഇന്ത്യ കഴിഞ്ഞ 150 വര്‍ഷകാലമായി പിന്തുടരുന്ന സാമ്പത്തിക വര്‍ഷ സംവിധാനം 2019 ജനുവരി മുതല്‍ മാറും. ഇതോടെ കലണ്ടര്‍ വര്‍ഷവും സാമ്പത്തിക വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെയായിരിക്കും. നിലവില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. പരിഷ്‌കരണം നടപ്പില്‍ വരുന്നതോടെ പഴയ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച സാമ്പത്തിക വര്‍ഷ സംവിധാനം ഉപേക്ഷിക്കും.

രാജ്യത്തെ സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയാക്കാനുള്ള തീരുമാനം നിതി ആയോഗിന്റെ മൂന്നാം ഭരണസമിതി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.

അടല്‍ ബിഹാരി വായ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും ഇത്തരത്തില്‍ ബ്രിട്ടീഷ് കാലം മുതല്‍ തുടരുന്ന ബജറ്റ് സംവിധാനത്തിന് മാറ്റം വരുത്തിയിരുന്നു. യുകെയിലെ പകല്‍ സമയം കണക്കാക്കി ഇന്ത്യയില്‍ ബജറ്റ് അവതരണം വൈകീട്ട് അഞ്ച് മണിക്കായിരുന്നു നടന്നിരുന്നത്. ഇത് രാവിലെ 11 മണിയിലേക്ക് മാറ്റുകയായിരുന്നു. നിലവിലെ മോദി സര്‍ക്കാര്‍ റെയ്ല്‍വേ ബജറ്റ് പൊതുബജറ്റില്‍ നിന്നും വേര്‍തിരിച്ചു. പദ്ധതി ചെലവിടല്‍ സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ സുഗമമാക്കുന്നത് കണക്കാക്കിലെടുത്ത് ഇത്തവണത്തെ കേന്ദ്ര ബജറ്റവതരണവും ഒരു മാസം നേരത്തേ ആയിരുന്നു.

2018 ഫെബ്രുവരി ഒന്നിനാണ് അടുത്ത കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ഇതില്‍ 9 മാസത്തേക്കുള്ള വകയിരുത്തലായിരിക്കും അവതരിപ്പിക്കുക. 2019 ജനുവരിയില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റവതരണം 2018 നവംബറിലാകാനാണ് സാധ്യത. ഇതിനിടെ, പുതിയ സാമ്പത്തിക വര്‍ഷം (ജനുവരി-ഡിസംബര്‍) അനുസരിച്ച് എല്ലാ സാമ്പത്തിക വിവരങ്ങളും സര്‍ക്കാര്‍ ക്രമീകരിക്കും. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മാറ്റം അതിനാവശ്യമായ പ്രയത്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത്ര പ്രാധാന്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു സാമ്പത്തിക വര്‍ഷം പുനഃക്രമീകരിക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ശങ്കര്‍ ആചാര്യ സമിതി വിലയിരുത്തിയത്. എന്നാല്‍, കലണ്ടര്‍ വര്‍ഷത്തിലേക്ക് സാമ്പത്തിക വര്‍ഷം മാറുന്നന്നിലൂടെ ബജറ്റിനു മുമ്പ് സമ്പദ്‌വ്യവസ്ഥയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് മികച്ച ധാരണ ലഭിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.

സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ മാസത്തോടെ ഖാരിഫ് മഴയുടെ സ്വഭാവം വ്യക്തമാവുമെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ റാബി വിളയുടെ കാര്യത്തില്‍ ന്യായമായ അനുമാനത്തിലെത്താമെന്നും സര്‍ക്കാര്‍ പറയുന്നു. മണ്ണിലെ ഈര്‍പ്പം റാബി വിളയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇതിനനുസരിച്ച് ബജറ്റിലെ വകയിരുത്തല്‍ നടത്താനാകും. കാലവര്‍ഷം കണക്കാക്കി ബജറ്റ് തയാറാക്കുന്നതിന് പകരം ഇതില്‍ നിന്നും എങ്ങനെ നേട്ടമുണ്ടാക്കാം എന്നതിനനുസരിച്ച പദ്ധതിയാണ് വേണ്ടതെന്നാണ് ചില വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Slider, Top Stories