കേന്ദ്ര സര്‍വീസുകള്‍ പ്രൊഫഷണല്‍വല്‍ക്കരിക്കാം

കേന്ദ്ര സര്‍വീസുകള്‍ പ്രൊഫഷണല്‍വല്‍ക്കരിക്കാം

സ്വകാര്യ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച പ്രൊഫഷണലുകളെ കേന്ദ്ര സര്‍വീസുകളുടെ തലപ്പത്തേക്ക് എത്തിക്കാനുള്ള നിതി ആയോഗിന്റെ ശുപാര്‍ശ സ്വാഗതാര്‍ഹമാണ്

മെല്ലെപ്പോക്കും മത്സരക്ഷമത ഇല്ലായ്മയുമാണ് പലപ്പോഴും നമ്മുടെ ഗവണ്‍മെന്റ് സര്‍വീസുകളെ പിന്നോട്ടുവലിക്കുന്നത്. സ്വകാര്യ മേഖലയിലെ സമാന സംരംഭങ്ങള്‍ അതിവേഗം മുന്നേറുമ്പോഴും പല സര്‍ക്കാര്‍ മേഖലകളും ഒച്ചിഴയുംപോലെയാകും നീങ്ങുക. ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയില്ലായ്മയും ഇവിടെ ഇങ്ങനെയെല്ലാം മതിയെന്നുള്ള പിന്തിരിപ്പന്‍ കാഴ്ച്ചപ്പാടുമാണ് ഇതിന് പ്രധാന കാരണം.

ഇതിനൊരു മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണതലത്തിലെ വിവിധ സര്‍വീസുകളുടെ തലപ്പത്തേക്ക് സ്വകാര്യ മേഖലയില്‍ കഴിവ് തെളിയിച്ച വിദഗ്ധരെ കൊണ്ടുവരാനുള്ള നിതി ആയോഗിന്റെ സുപ്രധാനമായ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. വളരെ ക്രിയാത്മകവും ഫലവത്തുമായ നടപടിയാണിത്, ഏറെ മുമ്പ് നടപ്പാക്കേണ്ടിയിരുന്നതും. വിവിധ മന്ത്രാലയങ്ങളിലെ ഡയറക്റ്റര്‍, ജോയ്ന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്ന് 50 വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സിവില്‍ സര്‍വീസില്‍ നിന്നുള്ളവരാണ് ഈ തസ്തികകളില്‍ സാധാരണ നിയമിക്കപ്പെടാറുള്ളത്. എന്നാല്‍ ഇതില്‍ അത്ര യുക്തിയുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഒരു രംഗത്ത് മത്സരക്ഷമതയോടെയുള്ള പ്രകടനം കാഴ്ച്ചവെക്കണമെങ്കില്‍ ആ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചവരെ നിയോഗിക്കുന്നതാണ് നല്ലത്. ഇതാണ് നിതി ആയോഗ് ശുപാര്‍ശ ചെയ്തതും.

സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ വരുന്നതോടെ പല സര്‍ക്കാര്‍ സംവിധാനങ്ങളും ആലസ്യം വിട്ട് ഉണരും. നേതൃത്വത്തില്‍ മാറ്റം വരുന്നത് വിവിധ തലങ്ങളിലെ ജീവനക്കാരെയും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാക്കും. യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇതിനുള്ള ശ്രമങ്ങളുണ്ടായിരുന്നു. ഈ പ്രവണത വ്യാപകമാക്കാനാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം. എന്തായാലും മികച്ച തീരുമാനമാണത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങളായിരിക്കും ഇത് സര്‍ക്കാര്‍ സര്‍വീസുകളിലുണ്ടാക്കുക.

Comments

comments

Categories: Editorial, Slider