സൗദിയിലെ ഏറ്റവും മികച്ച ബ്രാന്‍ഡായി അല്‍മറായ്

സൗദിയിലെ ഏറ്റവും മികച്ച ബ്രാന്‍ഡായി അല്‍മറായ്

സൗദിയിലെ ഏറ്റവും മികച്ച 10 ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തയാറാക്കിയ പട്ടികയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊപ്പം തദ്ദേശീയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ അല്‍ ബയ്ക്കും ഇടം പിടിച്ചു

റിയാദ്: പാല്‍ ഉല്‍പ്പാദകരായ അല്‍മറയിനെ സൗദി അറേബ്യയിലെ ഏറ്റവും ആരോഗ്യകരമായ ബ്രാന്‍ഡായി തെരഞ്ഞെടുത്തു. യുഗോവാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സൗദിയിലെ ഏറ്റവും മികച്ച 10 ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തയാറാക്കിയ പട്ടികയില്‍ രണ്ട് സൗദി ബ്രാന്‍ഡുകളാണ് ഇടം പിടിച്ചത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയായ അല്‍ ബയ്ക്കും സൗദി ബ്രാന്‍ഡ് തന്നെയാണ്. ടെക്‌നോളജി ഭീമന്‍മാരാണ് കൂടുതലും പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് ബ്രാന്‍ഡുകളും അഗോള തലത്തില്‍ ഏറ്റവും മികച്ച 10 സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണ്. വാട്ട്‌സാപ്പ്(3), യൂടൂബ് (5), ആപ്പിള്‍ ഐഫോണ്‍ (6), ഗൂഗിള്‍ (7), സാംസംഗ് (8) എന്നീ ആഗോള ബ്രാന്‍ഡുകള്‍ സൗദി ഉപഭോക്താക്കള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തി.

ആഗോളതലത്തിലെ പട്ടികയില്‍ ഉള്‍പ്പെടാത്ത ആപ്പിളാണ് മൂന്നാം സ്ഥാനത്ത്. ഡിജിറ്റല്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന ഹെല്‍ത്ത് സ്‌കോര്‍ ഉള്ളത് ആപ്പിളിനാണ്. ചോക്കളേറ്റ് ബ്രാന്‍ഡുകളില്‍ ഗാലക്‌സിയും വിമാനകമ്പനികളില്‍ എമിറേറ്റ്‌സുമാണ് (10) ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ബ്രാന്‍ഡുകള്‍. കഴിഞ്ഞ വര്‍ഷത്തില്‍ സൗദി അറേബ്യയില്‍ മികവ് കാഴ്ചവെച്ച ബ്രാന്‍ഡുകളുടെ പട്ടികയും യുഗോവ് പുറത്തിറക്കി.

ടെലികോം ബ്രാന്‍ഡുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് മികവ് കൈവരിച്ചത്. മിഡില്‍ ഈസ്റ്റ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ സെയ്ന്‍, ടെലികോം ഉപകരണങ്ങളുടെ വിതരണക്കാരായ ഹ്വാവെയ് എന്നിവയാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്ത് നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്ക് ആയ അല്‍ രജ്ഹി ബാങ്ക് (3), ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ വെസ്റ്റേണ്‍ യൂണിയന്‍ (4) എന്നിവ ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തി. സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകളില്‍ സ്‌നാപ്ചാറ്റ് (5), ഫേയ്‌സ്ബുക്ക് (9), യൂടൂബ്(10) എന്നിവയാണ് ടോപ് 10 ല്‍ ഉള്‍പ്പെട്ടത്. ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സി (6), മക്‌ഡൊണാള്‍ഡ്‌സ് (7) എന്നിവ കഴിഞ്ഞ കുറച്ച് മാസങ്ങള്‍കൊണ്ട് ബ്രാന്‍ഡ് ഹെല്‍ത്ത് മെച്ചപ്പെടുത്തി.

ആഗോള തലത്തില്‍ ഏറ്റവും മികച്ച ബ്രാന്‍ഡായി തെരഞ്ഞെടുത്തിരിക്കുന്നത് ഗൂഗിളിനെയാണ്. യൂടൂബും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേയ്‌സ്ബുക്കുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സാംസംഗ്, വാട്ട്‌സാപ്പ്, ആപ്പിള്‍ ഐ ഫോണ്‍, ആമസോണ്‍, ടൊയോട്ട, അഡിഡാസ്, കോള്‍ഗേറ്റ് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് ബ്രാന്‍ഡുകള്‍.

Comments

comments

Categories: Arabia