ദന്തസംരക്ഷണത്തിന്റെ ഒരു നൂറ്റാണ്ട്

ദന്തസംരക്ഷണത്തിന്റെ ഒരു നൂറ്റാണ്ട്

കേരളത്തിന്റെ ആയുര്‍വേദിക് ടൂത്ത് പൗഡര്‍ വിപണിയില്‍ ഏറ്റവും ശക്തമായ ബ്രാന്‍ഡാണു കെപി നമ്പൂതിരീസിന്റെ ദന്തദാവനചൂര്‍ണം. ദന്തസംരക്ഷണ രംഗത്ത് ഒരു നൂറ്റാണ്ടിലെത്തുകയാണു സ്ഥാപനം. എട്ട് പതിറ്റാണ്ട് കാലം ദന്തദാവന ചൂര്‍ണം മാത്രമായിരുന്നു കമ്പനി ഉത്പാദിപ്പിച്ചിരുന്നത്. 2007-ല്‍ ഉത്പന്ന വൈവിധ്യവുമായി കമ്പനി രംഗത്തുവന്നു. ഇന്നു കെപി നമ്പൂതിരീസ് ഓറല്‍ കെയറില്‍ മാത്രമല്ല സ്‌കിന്‍ കെയറും, ഹെയര്‍ കെയറും വിപണിയിലിറക്കുന്നുണ്ട്. ഇതിനു പുറമേ ദേവരാഗം എന്ന പേരില്‍ ഹോസ്പിറ്റാലിറ്റി രംഗത്തേയ്ക്കും ചുവടുവച്ചു

പല്ലുവേദനയ്ക്കു ശമനമുണ്ടാകാന്‍ വേണ്ടി സ്വന്തമായി തയാറാക്കിയ ഔഷധകൂട്ട് പിന്നീട് വിപണിയുടെ ഇഷ്ട ബ്രാന്‍ഡായി മാറിയ ചരിത്രമാണു കെ പി നമ്പൂതിരീസിന്റേത്. 1925-ല്‍ കെ പൊതയന്‍ നമ്പൂതിരി എന്ന കെപി നമ്പൂതിരി വിവിധ ആയൂര്‍വേദ മൂലികകള്‍ കൂട്ടിച്ചേര്‍ത്ത് ഔഷധ ഗുണമാര്‍ന്ന ദന്തദാവന ചൂര്‍ണം തയാറാക്കിയപ്പോള്‍ അതിനു വാണിജ്യപരമായ സാധ്യതയുണ്ടായിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ നമ്പൂതിരി തയാറാക്കിയ ചൂര്‍ണം ഉപയോഗിച്ച ബന്ധുക്കളും സുഹൃത്തുക്കളും അതിന്റെ ഗുണമേന്മയില്‍ ആകൃഷ്ടരായി. ഇതോടെ ദന്തസംരക്ഷണ രംഗത്ത് ഒരു ബ്രാന്‍ഡ് പിറവിയെടുക്കുകയായിരുന്നു. മടങ്ങാം പ്രകൃതിയിലേക്ക് എന്ന പരസ്യവാചകവുമായിട്ടാണു കെപി നമ്പൂതിരീസിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിയത്. ഉല്‍പന്നത്തിന്റെ നന്മ തിരിച്ചറിഞ്ഞ ഉപഭോക്താക്കള്‍ ഈ ബ്രാന്‍ഡ് നെഞ്ചോട് ചേര്‍ക്കാന്‍ അധിക കാലം വേണ്ടി വന്നില്ല.

”ആഗോള ഭീമന്മാരുടെ ആഢംബര പേസ്റ്റുകള്‍ക്കു പിന്നാലെ പായുമ്പോള്‍ വിലക്കൂടുതലൊന്നും നമുക്കൊരു പ്രശ്‌നമാവുന്നില്ല. കെപി നമ്പൂതിരീസ് പോലെ ഇത്രയും ഗുണപ്രദമായത് നമ്മുടെ മുറ്റത്ത് തന്നെ കിട്ടാനുളളപ്പോഴാണ് അതെല്ലാം അവഗണിച്ചു കാന്‍സര്‍ ദാതാക്കളെ നാം വില കൊടുത്തു വാങ്ങുന്നത്. ഇത് നമ്പൂതിരീസ് പല്‍പ്പൊടിക്കുള്ള പരസ്യമല്ല. അനുഭവമാണ് ഏറ്റവും വലിയ ഗുരു. നിങ്ങള്‍ക്കും പരീക്ഷിച്ചു നോക്കാം,’ കെപി നമ്പൂതിരീസ് എന്ന ആയുര്‍വേദ ബ്രാന്‍ഡിനെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ഒരു അനുഭവസ്ഥന്റെ വാക്കുകളാണിത്.

“കേരളത്തില്‍ ആയുര്‍വേദ മേഖലയ്ക്ക് അനുകൂലമായ സാഹചര്യവും സാധ്യതകളുമാണുള്ളത്. കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് ആയുര്‍വേദ കമ്പനികള്‍ പോകുന്നത് ഇവിടെ പ്രതികൂല സാഹചര്യമായതു കൊണ്ടു മാത്രമാകണമെന്നില്ല. സ്ഥാപനത്തിന്റെ വ്യാപനം എന്ന ലക്ഷ്യവും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ടാകാം”. ഭവദാസന്‍ നമ്പൂതിരി, മാനേജിംഗ് ഡയറക്റ്റര്‍, കെപി നമ്പൂതിരീസ്

ആയുര്‍വേദ മരുന്ന് വ്യാപാരത്തില്‍ ഇന്ത്യയിലെ സുപ്രധാന മേഖലയാണു തൃശൂര്‍. കേരളത്തില്‍ ആയുര്‍വേദ നിര്‍മാണ യുണിറ്റുകളില്‍ ഭൂരിഭാഗവും തൃശൂര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഔഷധി, വൈദ്യരത്‌നം, സീതാറാം, കണ്ടംകുളത്തി, എസ്എന്‍എ തുടങ്ങി ഔഷധശാലകളുടെ ആസ്ഥാനകേന്ദ്രമാണു തൃശൂര്‍. കെപി നമ്പൂതിരീസിന്റെയും ആസ്ഥാനം തൃശൂരാണ്. ദന്തദാവന ചൂര്‍ണത്തില്‍ പേരെടുത്ത കെപി നമ്പൂതിരീസ് ശുദ്ധ ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഓറല്‍ കെയര്‍, സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളും വിപണിയിലേക്കെത്തിക്കുന്നുണ്ട്. ഉന്നത നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരക്കു താങ്ങാവുന്ന വിലയില്‍ വിപണിയിലെത്തിക്കാന്‍ കെപി നമ്പൂതിരീസ് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിലെ വിനോദസഞ്ചാര വികസനത്തിനും ഇവര്‍ പ്രാധാന്യം നല്‍കുന്നു.

ഒരു നൂറ്റാണ്ടിലെത്തുന്ന പ്രതാപം

ആയുര്‍വേദ പാരമ്പര്യം പേറുന്ന കമ്പനിയാണു കെപി നമ്പൂതിരീസ്. ഈ മഹത്തായ ഔഷധ പാരമ്പര്യത്തിന് 1925-ല്‍ കെ പൊതയന്‍ നമ്പൂതിരി എന്ന കെപി നമ്പൂതിരിയാണു തുടക്കമിട്ടത്. 1957-ല്‍ അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നു മകന്‍ കെ. രാമന്‍ നമ്പൂതിരി ചുമതല ഏറ്റെടുത്തു. വിപണിയിലെ ബഹുരാഷ്ട്ര കമ്പനികളോടു മല്‍സരിച്ചു കെപി നമ്പൂതിരീസിനെ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡുകളില്‍ ഒന്നായി മാറ്റുന്നതില്‍ രാമന്‍ നമ്പൂതിരി വഹിച്ച പങ്ക് നിസാരമല്ല.

കെപി നമ്പൂതിരീസ് കുടുംബത്തിലെ മൂന്നാം തലമുറയായ ഭവദാസന്‍ നമ്പൂതിരി, കമ്പനിയുടെ നേതൃസ്ഥാനത്തേക്കു വന്നത് 2000-ത്തിലാണ്. പിതാവ് രാമന്‍ നമ്പൂതിരിയുടെ അവിചാരിത മരണത്തെ തുടര്‍ന്നു 30-ാം വയസിലാണു ഭവദാസന്‍ നമ്പൂതിരി നേതൃസ്ഥാനത്തെത്തിയത്. ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍

വിപണിയിലേക്കെത്തിക്കാന്‍ സ്ഥാപനത്തില്‍ ഓട്ടോമേഷന്‍ നടത്തുക എന്നതായിരുന്നു തനിക്ക് ഏറ്റെടുക്കേണ്ടി വന്ന ആദ്യത്തെ ദൗത്യമെന്നു ഭവദാസന്‍ നമ്പൂതിരി പറയുന്നു. ഭാവിയില്‍ വെല്ലുവിളികള്‍ നേരിടുന്നതിനായി കമ്പ്യൂട്ടര്‍ നിയന്ത്രിത മെഷിനറികളോടു കൂടിയുള്ള ഫാക്റ്ററി സംവിധാനം അദ്ദേഹം ഒരുക്കി. സ്ഥാപനത്തെ അക്ഷരാര്‍ത്ഥത്തില്‍ ആധുനികവല്‍ക്കരിച്ചെന്നു തന്നെ പറയാം. ഇന്ന് ഒരു കോര്‍പ്പറേറ്റ് തലത്തിലേക്കു സ്ഥാപനം വളര്‍ന്നതിനു പിന്നില്‍ മാനേജിംഗ് ഡയറക്റ്ററായ ഭവദാസന്റെ മികച്ച നേതൃത്വമുണ്ട്. ”മല്‍സരാധിഷ്ഠിത വിപണിയില്‍ കെ പി നമ്പൂതിരീസ് എന്ന ബ്രാന്‍ഡിന് പ്രാമുഖ്യം നേടിക്കൊടുത്തത് ഉല്‍പ്പന്നങ്ങളുടെ ഉന്നത നിലവാരമാണ്. അഞ്ചു വര്‍ഷം മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വിറ്റുവരവ് ഇരട്ടിയായിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങളും പദ്ധതികളും അവതരിപ്പിക്കാനും പ്രവര്‍ത്തനപരിധി വിപുലീകരിക്കാനുമാണു കമ്പനി ശ്രമിക്കുന്നത്, ‘ഭവദാസന്‍ നമ്പൂതിരി പറയുന്നു.

വൈവിധ്യം നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍

ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ്, ദന്തദാവന ചൂര്‍ണം എന്നിവ ഉള്‍പ്പെട്ട ഓറല്‍ കെയര്‍, ബാത്ത് സോപ്പ്, ഫെയര്‍നസ് ക്രീം എന്നിവ ഉള്‍പ്പെട്ട സ്‌കിന്‍ കെയര്‍, ഷാംപൂ, ചെമ്പരത്തി താളി എന്നിവ ഉള്‍പ്പെട്ട ഹെയര്‍ കെയര്‍, ദാഹമുക്തി പോലുള്ള ജനറിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണു കെ പി നമ്പൂതിരീസ് വിപണിയിലെത്തിക്കുന്നത്. 82 വര്‍ഷം കമ്പനി ദന്തദാവന ചൂര്‍ണമെന്ന ഒരേയൊരു ഉല്‍പ്പന്നമാണു വിപണിയിലെത്തിച്ചിരുന്നത്.

പിന്നീട് 2007-ലാണു ഉത്പന്ന വൈവിധ്യത്തിലേക്കു കമ്പനി പ്രവേശിച്ചത്. കെപി നമ്പൂതിരീസ് ആയുര്‍വേദിക് ടൂത്ത് പേസ്റ്റ് പുറത്തിറക്കി കൊണ്ടായിരുന്നു ഇത്. ‘മടങ്ങാം പ്രകൃതിയിലേക്ക്’ എന്നതായിരുന്നു പരസ്യവാചകം. പുതുതലമുറയുടെ പള്‍സ് തിരിച്ചറിഞ്ഞു കൊണ്ട് ടൂത്ത്‌പേസ്റ്റ് വിഭാഗത്തില്‍ കെപി നമ്പൂതിരീസ് ആയുര്‍വേദിക് ജെല്‍ എന്ന ഉല്‍പ്പന്നമാണു കമ്പനി പിന്നീട് അവതരിപ്പിച്ചത്. ഈ ഉല്‍പ്പന്നം വിപണിയില്‍ മികച്ച സ്വീകാര്യത നേടിയെടുത്തുവെന്നു ഭവദാസന്‍ സാക്ഷ്യപ്പെടുത്തുന്നു. ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിനു ശേഷിയുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുള്ള കുരുമുളക്, ചുക്ക്, കരയാമ്പൂ, കര്‍പ്പൂരം തുടങ്ങിയ ആയുര്‍വേദ ചേരുവകളോടു കൂടിയ ജെല്‍ ടൂത്ത് പേസ്റ്റ് വേറിട്ട ഉദ്യമമായിരുന്നു.

ദാഹമുക്തി പോലുള്ള ആയുര്‍വേദ ജനറിക് ഉല്‍പ്പന്നങ്ങളും ഇവര്‍ മാര്‍ക്കറ്റിലെത്തിച്ചിട്ടുണ്ട്. 2010-ലാണ് ഇവര്‍ ഹെയര്‍ കെയര്‍ രംഗത്തേക്കു കടന്നത്. ആയുര്‍വേദിക് ആന്റി ഡാന്‍ഡ്രഫ് ഷാംപൂവും ആയുര്‍വേദിക് ഹെയര്‍കെയര്‍ ഷാംപുവും ആയുര്‍വേദിക് ഹെയര്‍ഓയിലുമാണ് അന്നു കെ പി നമ്പൂതിരീസ് മുന്നോട്ട് വച്ചത്. വളരെ പെട്ടെന്നു തന്നെ ഇവ വിപണി കൈയ്യടക്കി. സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലേക്കു കടക്കുക എന്ന കമ്പനിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെട്ടതും 2010ല്‍ തന്നെയായിരുന്നു. ഏദ എന്ന പേരില്‍ സാന്റല്‍, ടര്‍മറിക്, രാമച്ചം തുടങ്ങിയ വേരിയന്റുകളിലുള്ള സോപ്പുകളാണ് അന്ന് അവതരിപ്പിച്ചത്. അതിനുശേഷം ‘ഏദ’ എന്ന പേരില്‍ ഗ്‌ളിസറിന്‍ സോപ്പുകളും വിപണിയിലെത്തിച്ചു. മറ്റു സോപ്പുകളില്‍നിന്നു വിഭിന്നമായി പുതിയ സോപ്പുകളില്‍ അടങ്ങിയിരിക്കുന്ന ഗ്‌ളിസറിന്‍, ഹെര്‍ബല്‍ ഓയില്‍ എന്നിവ ചര്‍മത്തിന് ഈര്‍പ്പവും കുളിര്‍മയും നല്‍കുന്ന തരത്തിലായിരുന്നു ഏദയുടെ ഉല്‍പ്പാദനം.

82 വര്‍ഷം ദന്തദാവന ചൂര്‍ണമെന്ന ഒരേയൊരു ഉല്‍പ്പന്നമാണു കെപി നമ്പൂതിരീസ് വിപണിയിലെത്തിച്ചിരുന്നത്. പിന്നീട് 2007-ല്‍ ഉത്പന്ന വൈവിധ്യത്തിലേക്കു കമ്പനി പ്രവേശിച്ചു. ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ്, ദന്തദാവന ചൂര്‍ണം എന്നിവ ഉള്‍പ്പെട്ട ഓറല്‍ കെയര്‍, ബാത്ത് സോപ്പ്, ഫെയര്‍നസ് ക്രീം എന്നിവ ഉള്‍പ്പെട്ട സ്‌കിന്‍ കെയര്‍, ഷാംപൂ, ചെമ്പരത്തി താളി എന്നിവ ഉള്‍പ്പെട്ട ഹെയര്‍ കെയര്‍, ദാഹമുക്തി പോലുള്ള ജനറിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ കെ പി നമ്പൂതിരീസ് വിപണിയിലെത്തിക്കുന്നുണ്ട്‌

ചെമ്പരത്തി താളി എന്ന പരമ്പാരാഗത ഉല്‍പ്പന്നം അവതരിപ്പിച്ചു പിന്നീട് കമ്പനി ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപുലമാക്കി. ടര്‍മറിക് ഫെയര്‍നസ് ക്രീം, ഏദ നാച്വറല്‍ ഗ്രീന്‍ സോപ്പ്, ഏദ ഗ്ലിസറിന്‍ സോപ്പ് (ക്ലിയര്‍ ആന്‍ഡ് സോഫ്റ്റ്), ഏദ ഗ്ലിസറിന്‍ സോപ്പ് നാച്വറല്‍ ഗ്രീന്‍ എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്‌കിന്‍ കെയറിലും അവതരിപ്പിച്ചു. കെപി നമ്പൂതിരീസ് സാള്‍ട്ട് ടൂത്ത് പേസ്റ്റ്, കെപി നമ്പൂതിരീസ് ഹെര്‍ബല്‍ ഫ്രെഷ് മൗത്ത് വാഷ് എന്നിവ ഓറല്‍ കെയറിലുള്ള മറ്റ് പ്രധാന ഉല്‍പ്പന്നങ്ങളാണ്. ദന്തസംരക്ഷണ, കോസ്‌മെറ്റിക്‌സ് രംഗത്തിനു പുറമേ ഹോസ്പിറ്റാലിറ്റി രംഗത്തും കെപി നമ്പൂതിരീസിന്റെ സാന്നിധ്യമുണ്ട്. 2011ല്‍ ഹോട്ടല്‍ ദേവരാഗം ആരംഭിച്ചുകൊണ്ടാണ് ഇവര്‍ ഈ രംഗത്ത് ചുവടുവച്ചത്. ഗുരുവായൂരിലാണു ദേവരാഗം സ്ഥാപിച്ചത്.

കേരള ആയുര്‍വേദത്തെ ആഗോള ബ്രാന്‍ഡാക്കാന്‍

”കേരള ആയുര്‍വേദത്തെ ആഗോള ബ്രാന്‍ഡാക്കാന്‍ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നായാലും എക്‌സ്‌പോര്‍ട്ടിനു കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. തടസങ്ങളും നൂലാമാലകളുമെല്ലാം നീക്കി കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ ആഗോള ബ്രാന്‍ഡ് എന്നതിലേക്കു കേരള ആയുര്‍വേദം എത്തിച്ചേരുകയുള്ളു,” ഭവദാസന്‍ നമ്പൂതിരി പറയുന്നു. കേരളത്തിലെ ആയുര്‍വേദ ഔഷധ നിര്‍മാണ മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണെന്ന് അദ്ദേഹം പറയുന്നു. ”മുന്‍പ് വനങ്ങളില്‍ നിന്നായിരുന്നു ഭൂരിഭാഗം സസ്യങ്ങളും ശേഖരിച്ചിരുന്നത്. വന നശീകരണം നമ്മുടെ പരമ്പരാഗതമായ പല ഔഷധച്ചെടികളെയും ഇല്ലാതാക്കി. ഇന്ന് ലഭ്യമായ ഔഷധച്ചെടികള്‍ പലതും ഗുണനിലവാരമില്ലാത്തവയുമാകുന്നു,” അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിലവില്‍ ആയുര്‍വേദ മേഖലയ്ക്ക് അനുകൂലമായ സാഹചര്യവും സാധ്യതകളുമാണുള്ളതെന്നും അദ്ദേഹം പറയുന്നു. കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് ആയുര്‍വേദ കമ്പനികള്‍ പോവുന്നത് ഇവിടെ പ്രതികൂല സാഹചര്യമായതു കൊണ്ടു മാത്രമാകണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാപനത്തിന്റെ വ്യാപനം എന്ന ലക്ഷ്യവും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ടൂത്ത് പൗഡര്‍ വിപണിയില്‍ ഏറ്റവും ശക്തമായ ബ്രാന്‍ഡാണു കെപി നമ്പൂതിരീസിന്റെ ദന്തദാവനചൂര്‍ണം. 75 മുതല്‍ 80 ശതമാനം വരെ വിപണി വിഹിതം ഇതിനുണ്ട്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കെപി നമ്പൂതിരീസിന്റെ വിപണി വ്യാപിച്ചു കഴിഞ്ഞു. കൂടാതെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും കെപി നമ്പൂതിരീസ് സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.

Comments

comments