2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന യുകെ നിരോധിക്കും

2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന യുകെ നിരോധിക്കും

2040 മുതല്‍ പുതിയ ഹൈബ്രിഡ് വാഹനങ്ങള്‍ പോലും വില്‍ക്കാന്‍ പാടില്ല

ലണ്ടന്‍ : ബ്രിട്ടീഷ് സര്‍ക്കാര്‍ 2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കും. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2040 ഓടെ എല്ലാ വാഹനങ്ങളും ഫുള്ളി ഇലക്ട്രിക് ആകണമെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കും. ഈ മാസമാദ്യം ഫ്രഞ്ച് സര്‍ക്കാര്‍ സമാന പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്റെ പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നത്.

ബ്രിട്ടന്റെ പദ്ധതിയനുസരിച്ച് 2040 മുതല്‍ പുതിയ ഹൈബ്രിഡ് വാഹനങ്ങള്‍ പോലും വില്‍ക്കാന്‍ പാടില്ലെന്ന് ‘ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോള്‍ എന്‍ജിന്‍-ഇലക്ട്രിക് മോട്ടോര്‍, ഡീസല്‍ എന്‍ജിന്‍-ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങളാണ് ഹൈബ്രിഡ് (സങ്കര ഇന്ധന) വാഹനങ്ങളെന്ന് അറിയപ്പെടുന്നത്.

വായു മലിനീകരണം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെ വിവിധ കാംപെയ്ന്‍ ഗ്രൂപ്പുകള്‍ കോടതികളെ സമീപിച്ചിരുന്നു. കേസുകളില്‍ തോല്‍വി നേരിട്ടതോടെ സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദത്തിലാണ്.

വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടില്ലെങ്കില്‍, 2020 മുതല്‍ ഏറ്റവും മലിനീകരണ പാതകളിലൂടെ ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരില്‍നിന്ന് പിഴ ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടാകും.

ഇംഗ്ലണ്ട് ഓക്‌സ്‌ഫോര്‍ഡിലെ തങ്ങളുടെ പ്ലാന്റില്‍ 2019 മുതല്‍ ഇലക്ട്രിക് ‘മിനി’ നിര്‍മ്മിക്കുമെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു വ്യക്തമാക്കിയിട്ടുണ്ട്. 2019 മുതല്‍ പുറത്തിറക്കുന്ന എല്ലാ കാര്‍ മോഡലുകളും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആയിരിക്കുമെന്ന് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. ഡീസല്‍ എന്‍ജിനുകള്‍ക്ക് എന്തെങ്കിലും ഭാവിയുണ്ടോയെന്ന കാര്യം 2020 ല്‍ തീരുമാനിക്കുമെന്ന് പോര്‍ഷെ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കി.

Comments

comments

Categories: Auto