ടാറ്റ മോട്ടോഴ്‌സ് ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നു ; ടാറ്റ ടിയാഗോ ഇവി 

ടാറ്റ മോട്ടോഴ്‌സ് ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നു ; ടാറ്റ ടിയാഗോ ഇവി 

ടിയാഗോ ഇവി കൂടാതെ നാനോയുടെ ഇലക്ട്രിക് വേര്‍ഷനും ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിക്കും 

ന്യൂ ഡെല്‍ഹി :  ടാറ്റ മോട്ടോഴ്‌സ് ഈ വര്‍ഷം സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കും. ടാറ്റ ടിയാഗോ ഇലക്ട്രിക് ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ടാറ്റ ബോള്‍ട്ടിന്റെ ഇലക്ട്രിക് വേര്‍ഷനായ ബോള്‍ട്ട് ബിഇവി പ്രോട്ടോടൈപ്പില്‍നിന്ന് പ്രോചോദനമുള്‍ക്കൊണ്ടായിരിക്കും ടാറ്റ ടിയാഗോ ഇവി നിര്‍മ്മിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. യുകെ ആസ്ഥാനമായ അനുബന്ധ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററുമായി (ടിഎംഇടിസി) ചേര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് കുറച്ചുകാലമായി  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശ്രമിച്ചുവരികയാണ്. ടാറ്റ ടിയാഗോ ഇവി വിപണിയില്‍ അധികം വൈകാതെ അവതരിപ്പിക്കുമെന്ന് ടിഎംഇടിസി പ്രസ്താവിച്ചിരുന്നു.

താരതമ്യേന ചെലവുകുറഞ്ഞ പ്ലാറ്റ്‌ഫോം എന്ന മേന്‍മയാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനമായി ടിയാഗോ ഹാച്ച്ബാക്കിനെ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സിനെ പ്രേരിപ്പിച്ച ഘടകം. ബാറ്ററിയുടെയും അനുബന്ധ വാഹനഘടകങ്ങളുടെയും വര്‍ധിച്ച വില പരിഗണിച്ചപ്പോഴാണ് ടിയാഗോ പ്ലാറ്റ്‌ഫോമില്‍ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കാമെന്ന് ടാറ്റ മോട്ടോഴ്‌സ് ധാരണയിലെത്തിയത്. 

ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഈയിടെയായി നല്‍കുന്ന പ്രോത്സാഹനം കൂടിയായപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് പിന്നെ ഒട്ടും അമാന്തിച്ചില്ല. ടിയാഗോ ഇവി കൂടാതെ നാനോയുടെ ഇലക്ട്രിക് വേര്‍ഷനും ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിക്കും. കോയമ്പത്തൂരിന് സമീപം ഇലക്ട്രിക് നാനോ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാമറകള്‍ ഒപ്പിയെടുത്തിരുന്നു. ഫുള്ളി ഇലക്ട്രിക് ബസ്സും ടാറ്റ മോട്ടോഴ്‌സ് പരീക്ഷിച്ചുവരികയാണ്. പുണെയില്‍ ഈയിടെ നടന്ന ഊര്‍ജ്ജ ഉത്സവില്‍ കമ്പനി ആദ്യ ബയോ-മീഥെയ്ന്‍ (ബയോ-സിഎന്‍ജി) ബസ് പ്രദര്‍ശിപ്പിച്ചിരുന്നു.

Comments

comments

Categories: Auto