ഭീകരതയ്‌ക്കെതിരെയുള്ള ഖത്തറിന്റെ നടപടി പോരെന്ന് സൗദി

ഭീകരതയ്‌ക്കെതിരെയുള്ള ഖത്തറിന്റെ നടപടി പോരെന്ന് സൗദി

നിരോധനപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കുമെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അറബ് രാജ്യങ്ങള്‍

റിയാദ്: അടുത്തിടെ ഖത്തര്‍ സ്വീകരിച്ച തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന് മേലുള്ള ഉപരോധം അവസാനിപ്പിക്കാനാവില്ലെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം. തീവ്രവാദത്തിനെതിരേ ഖത്തര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ ഖത്തറിന് മേല്‍ ഉപരോധം കൊണ്ടുവന്നത്.

നിരോധനപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കുമെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും പത്രക്കുറിപ്പിലൂടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം വ്യക്തമാക്കി. ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ ഖത്തര്‍ പൂര്‍ണമായി അംഗീകരിക്കുന്നതുവരെ രാജ്യത്തിന് മേലുള്ള ഉപരോധം തുടരുമെന്നും അവര്‍. കഴിഞ്ഞ ദിവസം ഖത്തറുമായി ബന്ധമുണ്ടെന്നാരോപിച്ച് യെമന്‍, ലിബിയ, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലെ വ്യക്തികളേയും സ്ഥാപനങ്ങളേയും അറബ് രാജ്യങ്ങള്‍ ബ്ലാക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

യുഎസുമായുള്ള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ഭീകരവിരുദ്ധ നിയമം ഖത്തര്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഖത്തര്‍ ഭരണാധികാരി ഷേയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി.

പ്രതിസന്ധി അവസാനിപ്പിക്കാന്‍ യുഎസും യുകെയും മുന്നിട്ടിറങ്ങിയതിന്റെ ഭാഗമായാണ് ചര്‍ച്ചയ്ക്ക് സന്നദ്ധരായി ഖത്തര്‍ രംഗത്തുവന്നത്. തീവ്രവാദത്തെ പ്രതിരോധിക്കാന്‍ ഖത്തര്‍ സ്വീകരിച്ച നടപടിയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍.

Comments

comments

Categories: Arabia