ഫണ്ട് സമാഹരിക്കുന്നതിന് പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സ് ഓഹരി വില്‍ക്കും

ഫണ്ട് സമാഹരിക്കുന്നതിന് പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സ് ഓഹരി വില്‍ക്കും

ചില പ്രമുഖ സ്വകാര്യ ഓഹരി നിക്ഷേപ കമ്പനികളുമായി ചര്‍ച്ച നടത്തിയതായി വിവരം

ബെംഗളൂരു/മുംബൈ : ഭാവി പ്രോജക്റ്റുകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സ് ഓഹരി വിറ്റഴിക്കാനൊരുങ്ങുന്നു. തുടക്കത്തില്‍ കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടികളുടെ ഓഹരി വിറ്റഴിക്കാനാണ് ആലോചിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സിന് റീട്ടെയ്ല്‍, കൊമേഴ്‌സ്യല്‍, ഹോട്ടല്‍ മേഖലകളിലാണ് റിയല്‍റ്റി ബിസിനസ്സുള്ളത്. ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പ്രെസ്റ്റീജ് ചില പ്രമുഖ സ്വകാര്യ ഓഹരി നിക്ഷേപ കമ്പനികളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഈ അടുത്ത കാലത്ത് നടക്കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നായിരിക്കും പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സിന്റേത്. ഡിഎല്‍എഫിന്റെ പ്രോമോട്ടര്‍മാര്‍ തങ്ങളുടെ റെന്റല്‍ വിഭാഗമായ ഡിസിസിഡിഎല്ലിന്റെ (ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സ് ലിമിറ്റഡ്) 40 ശതമാനം ഓഹരി വിറ്റഴിക്കുന്നതിന് സമാനമാകും പ്രെസ്റ്റീജിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിംഗപുര്‍ സര്‍ക്കാരിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസിക്ക് ഓഹരി വിറ്റഴിച്ച് 13,000 കോടി രൂപയാണ് ഡിഎല്‍എഫ് സമാഹരിക്കുന്നത്.

വാടകയ്ക്ക് ലഭ്യമാക്കിയതും നിര്‍മ്മാണത്തിലിരിക്കുന്നതും നിര്‍മ്മിക്കാന്‍ പോകുന്ന ഓഫീസ്, റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടികളുമായി പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സിന് ആകെ 24 മില്യണ്‍ ചതുരശ്ര അടിയില്‍ കൂടുതല്‍ സ്‌പേസ് ഉണ്ട്. ഇതില്‍ 4.36 മില്യണ്‍ ചതുരശ്ര അടി വരുന്ന ഓഫീസ്, റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

2016 ല്‍ കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, റസിഡന്‍ഷ്യല്‍ വിഭാഗങ്ങളായി തങ്ങളുടെ ബിസിനസ് പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സ് പുന:സംഘടിപ്പിച്ചിരുന്നു. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഭാവി പ്രോജക്റ്റുകള്‍ക്ക് ഉപയോഗിക്കാനാണ് പ്രെസ്റ്റീജ് ആലോചിക്കുന്നത്. വാടക ലഭിക്കുന്ന ബിസിനസ് വിപുലീകരിക്കുന്നതിനും വിനിയോഗിക്കും. വായ്പാ ഭാരം കുറയ്ക്കുന്നതിനും ഈ പണം ഉപയോഗിക്കും.

നിലവിലെ 750 കോടി രൂപയില്‍നിന്ന് അടുത്ത മൂന്ന്-നാല് വര്‍ഷംകൊണ്ട് റീട്ടെയ്ല്‍, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍നിന്നുള്ള വരുമാനം 1,700 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. ഇതേ കാലയളവില്‍ ഹോസ്പിറ്റാലിറ്റി ബിസിനസ്സില്‍നിന്നുള്ള വരുമാനം 121 കോടി രൂപയില്‍നിന്ന് 333 കോടി രൂപയായി വര്‍ധിക്കുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

നിലവില്‍ ആകെ 70.45 മില്യണ്‍ ചതുരശ്ര അടി വരുന്ന, നിര്‍മ്മാണത്തിലിരിക്കുന്ന 65 റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളും ആകെ 56.94 മില്യണ്‍ ചതുരശ്ര അടി വരുന്ന, നിര്‍മ്മാണത്തിലിരിക്കുന്ന 65 കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകളുമാണ് പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സിനുള്ളത്.

Comments

comments

Categories: Arabia