പാലക്കാട് കോച്ച് ഫാക്റ്ററി കേരളത്തിന് നഷ്ടമായെന്ന് സൂചന

പാലക്കാട് കോച്ച് ഫാക്റ്ററി കേരളത്തിന് നഷ്ടമായെന്ന് സൂചന

എംബി രാജേഷ് എംപിയുടെ ചോദ്യത്തില്‍ നിന്ന് റെയ്ല്‍വേ മന്ത്രി ഒഴിഞ്ഞുമാറി

ന്യൂഡെല്‍ഹി: പാലക്കാട് കോച്ച് ഫാക്റ്ററി പദ്ധതി സംബന്ധിച്ച് കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ എം ബി രാജേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്ര റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു ഒഴിഞ്ഞുമാറി. കോച്ച് ഫാക്റ്ററി പാലക്കാട് നിന്നും ഹരിയാനയിലെ സോനിപത്തിലേക്ക് മാറ്റുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റെയ്ല്‍വേ മന്ത്രിയുടെ ഭാഗത്തുനിന്നും വ്യക്തമായ പ്രതികരണം ലഭിക്കാത്തത് ഇതിനെ ശരിവെക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്നലെ രാവിലെ ലോക്‌സഭയില്‍ എംബി രാജേഷ് ഉന്നയിച്ച ആദ്യ ചോദ്യം റെയ്ല്‍വേ സ്‌റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇതിന്റെ ഉപ ചോദ്യമായാണ് എം ബി രാജേഷ് കോച്ച് ഫാക്റ്ററി പദ്ധതിയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. എന്നാല്‍, റെയ്ല്‍വേ സ്‌റ്റേഷന്‍ നവീകരണവുമായി ബന്ധമില്ലാത്തതിനാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്നായിരുന്നു റെയ്ല്‍വേ മന്ത്രിയുടെ പ്രതികരണം. സാധാരണ ഗതിയില്‍ പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങളോ അല്ലെങ്കില്‍ അടുത്ത സഭയില്‍ അറിയിക്കാമെന്ന ഉറപ്പോ ആണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉണ്ടാകാറുള്ളത്.

2012 ഫെബ്രുവരി 21നാണ് കഞ്ചിക്കോട്ടെ കോച്ച് ഫാക്റ്ററിക്ക് തറക്കല്ലിട്ടത്. ഏതു മാതൃകയില്‍ പദ്ധതി നടപ്പിലാക്കും എന്ന കാര്യത്തിലോ എന്തുതരം കോച്ചുകള്‍ സ്ഥാപിക്കുമെന്ന കാര്യത്തിലോ ഇതുവരെയും വ്യക്തതയായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ 230 ഏക്കര്‍ ഭൂമി റെയില്‍വേക്ക് കൈമാറുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്ത പദ്ധതിയുടെ തുടര്‍നടപടികളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നത് കേരളത്തോടുള്ള കടുത്ത അവഗണനയാണിതെന്ന് എം ബി രാജേഷ് ആരോപിച്ചു.

Comments

comments

Categories: Slider, Top Stories