മെഴ്‌സിഡന്‍സ്-ബെന്‍സ്എഎംജി ജിഎല്‍സി കൂപ്പെ വിപണിയില്‍

മെഴ്‌സിഡന്‍സ്-ബെന്‍സ്എഎംജി ജിഎല്‍സി കൂപ്പെ വിപണിയില്‍

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡന്‍സ്-ബെന്‍സ് ഇന്ത്യ അതിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് കാറായ എഎംജി ജിഎല്‍സി43 4- മാറ്റിക് കൂപ്പെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. മെഴ്‌സിഡന്‍സ് -ബെന്‍സിന്റെ എഎംജി മോഡല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ  മാനേജിംഗ് ഡയറക്റ്റര്‍ റോളാണ്ട് ഫോഗറും വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) മൈക്കിള്‍ ജോപ്പും ചേര്‍ന്നാണ് എഎംജി ജിഎല്‍സി 43 4- മാറ്റിക് കൂപ്പെ വിപണിയിലിറക്കിയത്.

കാറോട്ട മല്‍സര ട്രാക്കില്‍ നിന്നുള്ള സാങ്കേതിക വിദ്യ കാര്‍ നിര്‍മാണത്തിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാറുകള്‍ ലോകത്തിന് ലഭ്യമാക്കാന്‍ എഎംജിയിലൂടെ കഴിഞ്ഞു എന്നതാണ് മെഴ്‌സിഡസ്-ബെന്‍സിന്റെ നേട്ടമെന്ന് ജിഎല്‍സി 43 കൂപ്പെ വിപണിയിലിറക്കിക്കൊണ്ട് റോളാണ്ട് ഫോഗര്‍ പറഞ്ഞു.

74.80 ലക്ഷം രൂപയാണ് മെഴ്‌സിഡസ്-എഎംജി ജിഎല്‍സി കൂപ്പെയുടെ എക്‌സ്-ഷോറൂം വില. ജിഎല്‍സി കൂപ്പെയുടെ 3 ലിറ്റര്‍ വി6 ബൈ-ടര്‍ബോ എന്‍ജിന്‍ 520 എന്‍എം ടോര്‍ക്കില്‍ 367 കുതിരശക്തി കരുത്ത് ലഭ്യമാക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.9 സെക്കന്റ് മാത്രം മതി എന്നത് ഇതിന്റെ സവിശേഷതകളിലൊന്നാണ്. ഇതിന്റെ 9ജി-ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മികച്ച പ്രവര്‍ത്തന ക്ഷമത നല്‍കുന്നു. ഇന്ധന ലാഭത്തിനും ഈ പ്രവര്‍ത്തന ശേഷി സഹായകമാണ്.

ഫൂള്‍സപ്പോര്‍ട് മള്‍ടി-ചേംബര്‍ എയര്‍ സസ്പന്‍ഷന്‍ സിസ്റ്റം, സ്‌പോര്‍ടിംഗ് ബ്രേക് സിസ്റ്റം, അറ്റന്‍ഷന്‍ അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ബ്രേക്കിംഗ്, ഹില്‍-സ്റ്റാര്‍ട് അസിസ്റ്റ്, 7 എയര്‍ ബാഗുകള്‍, 360 ഡിഗ്രി കാമറയോടുകൂടിയുള്ള പാര്‍ക്കിംഗ് പാക്കേജ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍, മെഴ്‌സിഡസിന്റെ വലിയ ലോഗോയോടുകൂടിയ  ക്രോം ഗ്രില്‍, മുന്‍ഭാഗത്ത് നിന്ന് പിന്നിലേക്ക് ഒഴുകി വീഴുന്നതുപോലുള്ള ആകര്‍ഷകമായ രൂപകല്‍പ്പന തുടങ്ങിയവ മെഴ്‌സിഡന്‍സ് -എഎംജി ജിഎല്‍സി 43 4 മാറ്റിക് കൂപ്പെയുടെ പ്രത്യേകതകളാണ്.

Comments

comments

Categories: Auto