‘സ്‌കൂള്‍ തലം മുതല്‍ ആയുര്‍വേദം അഭ്യസിപ്പിക്കണം’

‘സ്‌കൂള്‍ തലം മുതല്‍ ആയുര്‍വേദം അഭ്യസിപ്പിക്കണം’

ഭാരതത്തിന്റെ അമൂല്യ പൈതൃകമായ ആയുര്‍വേദത്തിന്റെ അനുപമമായ കരുത്തും സാധ്യതകളും ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യുന്നതില്‍ ആര്യവൈദ്യ ഫാര്‍മസി ഗ്രൂപ്പിന്റെ സാരഥി ഡോ. പി ആര്‍ കൃഷ്ണകുമാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ലോകാരോഗ്യ സംഘടനയെ തന്നെ ആയുര്‍വേദത്തിലേക്ക് ആകൃഷ്ടരാക്കാന്‍ അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകളിലൂടെ സാധിച്ചു.

ആയുര്‍വേദത്തെ അതിന്റെ മൂല്യസങ്കല്‍പ്പങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു നവീകരിച്ച് ആധുനിക മുഖം നല്‍കുന്നതിനു ധീരമായി നേതൃത്വം നല്‍കിയ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി (എവിപി) ഗ്രൂപ്പിന്റെ സാരഥിയാണ് പി ആര്‍ കൃഷ്ണകുമാര്‍. ഈ ആചാര്യന്റെ വ്യക്തിത്വം തത്വജ്ഞാനിയും ഭിഷഗ്വരനും ഉല്‍പതിഷ്ണുവും സമന്വയിച്ചതാണ്. ഒരു കാലത്തു പാശ്ചാത്യ ചികിത്സകര്‍ പ്രാകൃതമെന്നു വിശേഷിപ്പിച്ചിരുന്ന ഭാരതത്തിന്റെ അമൂല്യ പൈതൃകമായ ആയുര്‍വേദത്തിന്റെ അനുപമമായ കരുത്തും സാധ്യതകളും ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യുന്നതില്‍ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

ലോകാരോഗ്യ സംഘടനയെ തന്നെ ആയുര്‍വേദത്തിലേക്ക് ആകൃഷ്ടരാക്കാന്‍ അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകള്‍ക്കു കഴിഞ്ഞു. ആര്യവൈദ്യ ഫാര്‍മസിയുടെ മാനേജിംഗ് ഡയറക്ടര്‍, ആയുര്‍വേദത്തിനു പ്രോത്സാഹനം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന നിരവധി ഗവണ്‍മെന്റ്- ഗവണ്‍മെന്റിതര സംഘടനകളുടെ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പി ആര്‍ കൃഷ്ണകുമാര്‍, കേരളത്തിന്റെ ആയുര്‍വേദ മേഖലയെ ബില്ല്യന്‍ ഡോളര്‍ ഫ്യൂച്ചര്‍ ബ്രാന്റായി പരിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചു ‘ഫ്യൂച്ചര്‍ കേരള’യോടു സംസാരിക്കുന്നു.

വലിയ ചിന്തകളും അതിനേക്കാള്‍ വലിയ പ്രവര്‍ത്തനങ്ങളുമായി ജീവിക്കുമ്പോഴും അതിന്റെ ഒരു തിരക്കുമില്ലാതെയാണു പി ആര്‍ കൃഷ്ണകുമാര്‍ ഞങ്ങള്‍ക്കു മുന്നില്‍ ശാന്തഗംഭീരനായി ഇരിക്കുന്നത്. ‘ഞാന്‍ തിരക്കുകള്‍ക്ക് നടുവിലാണ്. പക്ഷെ തിരക്കുണ്ടോ എന്ന് ചോദിച്ചാല്‍ ഒരു തിരക്കുമില്ല. അതൊരു മുന്‍കൂര്‍ വ്യവസ്ഥ (ജൃലരീിറശശേീി) ആണ്. ആക്ഷന്‍ ത്രൂ ഇനാക്ഷന്‍. സങ്കല്‍പ ശക്തി കൊണ്ട് പലതും നടത്താം. അതിനു ചാടിയെണീറ്റ് ഓടി നടക്കേണ്ട കാര്യമില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സുഖമായി സഞ്ചരിച്ചു. ഞാന്‍ ഒരു പ്രോഗ്രാം തുടങ്ങിയാല്‍ ഇടക്കുവെച്ച് എണീക്കില്ല. അതൊരു ഫിലോസഫിയാണ്. ഞങ്ങളുടെ പാരമ്പര്യം അതാണ്.’

ആയുര്‍വേദവും ജ്യോതിഷവും തമ്മില്‍ ദൈവികമായ ഒരു ബന്ധമുള്ളതായി കാണുന്നുണ്ടോ?

എന്താണ് സംശയം. ഇന്ത്യയില്‍ 164 കലകളും ശാസ്ത്രങ്ങളുമുണ്ട്. അതില്‍ ഒന്നു മാത്രമാണ് ആയുര്‍വേദം. വേദങ്ങള്‍ പഠിക്കാതെ ഒരു വൈദ്യനു വിജയിക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ സമാധിയായ സ്വാമി നിര്‍മലാനന്ദഗിരി വളരെ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. എന്താണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്കു പോലും സംശയം തോന്നിയിരുന്നു. പക്ഷെ വൈദ്യശാസ്ത്രപഠനത്തിനിടെ വേദത്തിനു വൈദ്യത്തിലുള്ള പ്രാധാന്യം എനിക്കു ബോധ്യമായി. 1970 കളില്‍ ഗുരുകുല ആയുര്‍വേദ കോളജ് ആരംഭിച്ച കാലത്ത്, പത്താം ക്ലാസ് വിദ്യാര്‍ഥിയെ വൈദ്യനാക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് നാലാമത്തെ വയസു മുതല്‍ കുട്ടികളെ വൈദ്യം പഠിപ്പിച്ചുകൂടാ എന്നു ഞാന്‍ ചിന്തിച്ചു.

ജാതകം അടിസ്ഥാനപ്പെടുത്തിയാണു കുട്ടികളെ തെരഞ്ഞെടുക്കുന്നത്. സംസ്‌കൃതം, തന്ത്ര, യന്ത്ര, മന്ത്ര, ജ്യോതിഷം, ജ്യോതിശാസ്ത്രം, വേദഗണിതം തുടങ്ങിയ എല്ലാ വിഷയങ്ങളും പഠിക്കുന്നത് ഒരു മികച്ച വൈദ്യനാകാന്‍ സഹായിക്കും. മാറിയ ലോകത്തില്‍ ഇത് പ്രായോഗികമാണോ എന്നു ചോദിക്കുന്നവരുണ്ട്. സത്യവും ധര്‍മവും ഒരിക്കലും മാറില്ല എന്നാണ് എന്റെ മറുപടി. പരവിദ്യ അപരവിദ്യ എന്നീ രണ്ടു ശാഖകളാണ് ഇന്ത്യന്‍ പാരമ്പര്യത്തിലുള്ളത്. പരവിദ്യ എന്നത് അവനവനെക്കുറിച്ചുള്ള പഠനവും അപരവിദ്യ മറ്റെല്ലാത്തിനെയും കുറിച്ചുള്ള പഠനവുമാണ്. ഇന്നത്തെ വിദ്യാര്‍ഥികള്‍ അപരവിദ്യയില്‍ മിടുക്കന്‍മാരാണ്. എന്നാല്‍ പരവിദ്യയില്‍ ഒന്നുമറിയില്ല. അവനവനെ പഠിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നാണ് ഇന്ത്യന്‍ പൈതൃകം പറയുന്നത്. ഇന്ന് ഇത് എല്ലാവരും അംഗീകരിക്കുന്നുണ്ട്.

ആയുര്‍വേദം പഠിക്കാന്‍ എല്ലാ ഗ്രഹങ്ങളെക്കുറിച്ചും എല്ലാ കല്ലുകളെക്കുറിച്ചും ധാതുക്കളെക്കുറിച്ചും ലോഹങ്ങളെക്കുറിച്ചും സസ്യജാലങ്ങളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും പഠിക്കണം. ഇന്നു പാശ്ചാത്യലോകത്തു നിന്ന് ആയുര്‍വേദത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന പുതിയ ചിന്തകള്‍ വരുന്നുണ്ട്. ഹാര്‍വാഡ് സര്‍വകലാശാല ഇന്റ്യൂറ്റീവ് ഇന്റന്‍ഷന്‍ എന്ന വിഷയത്തില്‍ ഒരു കോഴ്‌സ് നടത്തുന്നു. നമ്മുടെ ജ്യോതിഷം കുറേയധികം ഇന്റ്യൂഷനാണ്. ആറാമിന്ദ്രിയം ഉത്തേജിപ്പിച്ചാണ് ഇതു സാധ്യമാക്കുന്നത്. എംആര്‍ഐ സ്‌കാനിംഗ് നടത്തിയിട്ടു പോലും ഇന്ന് രോഗ നിര്‍ണയം നടത്താന്‍ കഴിയാതെ വരാറുണ്ട്. പക്ഷെ ഒരു എംആര്‍ഐയും ഇല്ലാതെ തന്നെ ഇന്റ്യൂഷന്‍ ഉപയോഗിച്ചു വൈദ്യന്‍ രോഗനിര്‍ണയം നടത്താറുണ്ട്. ഇതിന് ഒരുദാഹരണം പറയാം. നമ്മുടെ ഒരു എംപിയുടെ മകള്‍ അസുഖം മൂലം വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ശരീരത്തില്‍ ചെമ്പിന്റെ അശം അടിഞ്ഞു കൂടുന്നതാണ് പ്രശ്‌നമെന്നു കണ്ടെത്തി. ഈ കുട്ടി കഴിക്കുന്ന ഓരോ ഭക്ഷണത്തില്‍ നിന്നും ചെമ്പ് ശരീരത്തില്‍ എവിടെയോ അടിഞ്ഞു കൂടുകയാണ്. അത് എവിടെയാണെന്നു കണ്ടെത്താന്‍ കഴിയുന്നില്ല. എത്രയും വേഗം വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്കു പോകണം. അതായിരുന്നു ലഭിച്ച ഉപദേശം. ആരോ പറഞ്ഞ് അവര്‍ ചികിത്സക്കായി എന്റെ അരികിലെത്തി. ഞാന്‍ അതിരാവിലെ സമയത്തു ജ്യോത്സ്യന്റെ അടുക്കലെത്തി. അങ്ങയുടെ കൂട്ടുകാരന്റെ പ്രശ്‌നം എളുപ്പമല്ലട്ടോ, അമേരിക്കയില്‍ കൊണ്ടുപോയാല്‍ മരിക്കും-കണ്ട ഉടന്‍ അദ്ദേഹം പറഞ്ഞു. ആര് പറഞ്ഞു എന്ന് ചോദിച്ചപ്പോള്‍ വരവ് കണ്ടാല്‍ അറിയാമല്ലോ എന്നായിരുന്നു മറുപടി. വിശദമായി നോക്കി. കഴിക്കുന്ന ഭക്ഷണമെല്ലാം ചെമ്പാകുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അത് എവിടെയാണ് അടിഞ്ഞുകൂടുന്നതെന്നും കൃത്യമായി പറഞ്ഞു. അവിടെ ചികിത്സിച്ചോളൂ എന്ന് നിര്‍ദേശിച്ചു. വിദേശത്ത് കടല്‍ കടന്നു പോയാല്‍ ശവമേ തിരിച്ചുവരൂ. ഒരു വര്‍ഷം വളരെ മോശം സമയമാണ്. പരിഹാരം ചെയ്യാന്‍ പറഞ്ഞു. ആ കുട്ടി ഇപ്പോള്‍ സുഖമായിരിക്കുന്നു. ഇതാണ് ആയുര്‍വേദ പാരമ്പര്യത്തിന്റെ ശക്തി.

“ഇന്ത്യയില്‍ 164 കലകളും ശാസ്ത്രങ്ങളുമുണ്ട്. അതില്‍ ഒന്നു മാത്രമാണ് ആയുര്‍വേദം. സംസ്‌കൃതം, തന്ത്ര, യന്ത്ര, മന്ത്ര, ജ്യോതിഷം, ജ്യോതിശാസ്ത്രം, വേദഗണിതം തുടങ്ങിയ എല്ലാ വിഷയങ്ങളും പഠിക്കുന്നത് ഒരു മികച്ച വൈദ്യനാകാന്‍ സഹായിക്കും. മാറിയ ലോകത്തില്‍ ഇത് പ്രായോഗികമാണോ എന്നു ചോദിക്കുന്നവരുണ്ട്. സത്യവും ധര്‍മവും ഒരിക്കലും മാറില്ല എന്നാണ് എന്റെ മറുപടി.”

(ഡോ. പി ആര്‍ കൃഷ്ണകുമാര്‍, മാനേജിംഗ് ഡയറക്ടര്‍, ആര്യവൈദ്യ ഫാര്‍മസി.)

ആസ്‌ട്രോളജിക്കല്‍ ഇന്റ്യൂഷന്‍ ആയുര്‍വേദ ചികിത്സയുമായി ഇണക്കിച്ചേര്‍ത്തിട്ടുണ്ടല്ലോ. അതിന്റെ അനുഭവങ്ങള്‍ വിവരിക്കാമോ?

ഇന്നലെ ബ്രെസ്റ്റ് ക്യാന്‍സറുമായി ഒരു സ്ത്രീ വന്നിരുന്നു. അമേരിക്കയിലാണ്. രണ്ടു കുട്ടികളുണ്ട്. അവര്‍ക്കു ചികിത്സ കഴിഞ്ഞ് അമേരിക്കയിലേക്കു തിരിച്ചുപോകണം. ഞാന്‍ പറഞ്ഞു നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കിലല്ലേ പോകാന്‍ കഴിയൂ. നിങ്ങള്‍ നില്‍ക്കൂ. നിങ്ങള്‍ക്ക് ഇതു ചീത്ത സമയമായിരിക്കാം. നമുക്കു ജാതകം ഒന്നു നോക്കാം. അപ്പോ തന്നെ കൊടുത്തു, നോക്കി. സെപ്തംബര്‍ കഴിഞ്ഞാല്‍ നല്ല സമയമാണ്. നിങ്ങള്‍ പത്തുദിവസം ഇവിടെ താമസിച്ചു ചികിത്സയെടുക്കണമെന്നു നിര്‍ദേശിച്ചു. അവരതു സ്വീകരിച്ചു. ഒരു വിശ്വാസം രോഗിയില്‍ ഉണ്ടാക്കാന്‍ കഴിയണം. അവര്‍ കരഞ്ഞു. ആരും എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നു പറഞ്ഞ്. രോഗിയോടു സഹാനൂഭൂതി കാണിക്കുക എന്നതു വൈദ്യന്റെ കടമയാണ്.
മോശം സമയത്തു വിവാഹം കഴിച്ചു ഗര്‍ഭം ധരിച്ച് പ്രസവിച്ച് ഒടുവില്‍ ആ കുടുംബങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്ത കഥകള്‍ ധാരാളമുണ്ട്. കുട്ടി ജനിച്ചാല്‍ ഗുരുതരമായ അസുഖമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അബോര്‍ഷന്‍ നടത്തണമെന്നും വിദേശ ഡോക്ടര്‍മാര്‍ പറഞ്ഞ കേസുകളില്‍ ജ്യോതിഷ പ്രകാരം മിടുക്കന്‍മാരും മിടുക്കികളുമായ കുട്ടികളുണ്ടായ സംഭവങ്ങളുണ്ട്.

ആയുര്‍വേദത്തില്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു സവിസ്തരം പറയുന്നുണ്ട്. ഒരു നല്ല സന്താനം ലഭിക്കാന്‍ എപ്പോള്‍ ഗര്‍ഭം ധരിക്കണം, എന്തെല്ലാം ഭക്ഷണം കഴിക്കണം, എന്തെല്ലാം കഴിക്കാന്‍ പാടില്ല, എന്തെല്ലാം കാണാന്‍ പാടില്ല, ഏതെല്ലാം ശ്ലോകങ്ങള്‍ എപ്പോഴൊക്കെ ചൊല്ലണം ഇങ്ങനെയുള്ള കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കുടുംബത്തില്‍ ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്തു ഗര്‍ഭധാരണം നടത്തുക എന്നത് പ്രധാനമാണ്. ഗര്‍ഭാവസ്ഥയിലെ ജീവിതചര്യകളും അതു പോലെ പ്രധാനം തന്നെ. ഗര്‍ഭാവസ്ഥയിലെ അമ്മയുടെ മനോവ്യാപാരങ്ങള്‍ പോലും കുഞ്ഞിനെ ബാധിക്കും. പ്രൊഫ. എ പി ജെ അബ്ദുള്‍ കലാം ഇവിടെ വന്നപ്പോള്‍ എന്താണ് നിങ്ങള്‍ പുതുതായി ചെയ്യുന്ന പരീക്ഷണമെന്നു ചോദിച്ചു. നല്ല സന്താനത്തെ ലഭിക്കുന്നതിന് ഒരു ഗര്‍ഭിണി വന്നിട്ടുണ്ടെന്നും അവരെ അതിനു സഹായിക്കുകയാണെന്നും പറഞ്ഞു. താന്‍ ജപിച്ചു നല്‍കിയ അരി വേവിച്ചു കഴിച്ചു ഗോസിപ്പുകള്‍ക്കു ചെവി കൊടുക്കാതെ ചര്യകള്‍ പാലിച്ചു ജീവിക്കുന്ന അവരെ ഉടനെ കാണണമെന്നായി കലാം. കോമ്പൗണ്ടിന്റെ മറ്റേ അറ്റത്തെ മുറിയിലാണെന്ന പറഞ്ഞപ്പോള്‍ അദ്ദേഹം അവിടേക്ക് ഓടിച്ചെന്നു. അദ്ദേഹത്തിന് ആയുര്‍വേദത്തിന്റെ ആ സിദ്ധി തിരിച്ചറിയാനുള്ള മനസുണ്ടായിരുന്നു.

ആയുര്‍വേദ പഠനം നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ് ?

ഇന്നത്തെ സിലബസും കരിക്കുലവും മികച്ചത് നല്‍കുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയുര്‍വേദ കോളേജുകളില്‍ വിദ്യാര്‍ഥികളുമായി ഞാന്‍ അടുത്തിടെ ആശയവിനിമയം നടത്തി. കോളേജില്‍ നിന്ന് രോഗികളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിങ്ങള്‍ക്കു കഴിയുമോ എന്ന് അവരെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ചോദിച്ചു. ആരും പ്രതികരിച്ചില്ല. ആയുര്‍വേദം പഠിക്കാനെത്തുന്ന പത്തുപേരെ എടുത്താല്‍ അതില്‍ എട്ടു പേരും ആയുര്‍വേദത്തില്‍ ആകൃഷ്ടരായി തന്നെ വരുന്നവരാണ്. ബാക്കി രണ്ടു പേര്‍ മാത്രമാകും മെഡിക്കല്‍ സീറ്റ് കിട്ടാത്തതുകൊണ്ടു മാത്രം ആയുര്‍വേദം പഠിക്കാനെത്തുന്നവര്‍. പക്ഷെ ആയുര്‍വേദത്തില്‍ ആകൃഷ്ടരായി എത്തുന്നുവെന്നു പറയുമ്പോള്‍ തന്നെ ഇതിന് ഒരു മറുവശമുണ്ട്. പത്തില്‍ എട്ടു പേരും വെജിറ്റേറിയന്‍ ഫുഡ് കഴിക്കുന്നവരാണെങ്കിലും ഹോട്ടലുകളിലെല്ലാം നോണ്‍ വെജിറ്റേറിയനാണ് ലഭിക്കുന്നതെങ്കില്‍ അവര്‍ എന്തു ചെയ്യും.

ശരിയായ രീതിയില്‍ പഠിച്ചിറങ്ങുന്ന പുതിയ തലമുറയിപ്പെട്ട ചികിത്സകര്‍ അധ്യാപകരായി വരണം. സര്‍ക്കാര്‍ തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികളും പ്രതീക്ഷാ ജനകമാണ്. മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചു വിട്ടതാണ് അതില്‍ പ്രധാനം. ആയുര്‍വേദ പ്രാക്ടീസിംഗില്‍ പരാജയമായ കുറെ ആളുകളാണ് അവിടെ ഇരുന്നു കോഴ്‌സ് ഡിസൈന്‍ ചെയ്തിരുന്നത്. ആയുര്‍വേദ കോളേജുകളില്‍ 30 ശതമാനം ആയുര്‍വേദവും 70 ശതമാനം പാശ്ചാത്യ ചികിത്സയുമാണു പഠിപ്പിക്കുന്നത്. ആയുര്‍വേദ വിദ്യാര്‍ഥി എന്തിനാണു പാശ്ചാത്യ ചികിത്സ പഠിക്കുന്നത്. ആയുര്‍വേദ വിദ്യാര്‍ഥി ആദ്യമായി പഠിക്കേണ്ടത് ആയുര്‍വേദം തന്നെയാണ്.

1978ല്‍ ഗുരുകുല കോളേജില്‍ ഞാന്‍ പഠിക്കുമ്പോള്‍ ആയുര്‍വേദത്തെക്കുറിച്ചു ഗഹനമായി പഠിപ്പിച്ച ശേഷമാണു പാശ്ചാത്യ മെഡിസിനെക്കുറിച്ചു പഠിപ്പിക്കുന്നത്. അങ്ങനെ പഠിപ്പിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്നത്. ഒരു മണിക്കൂര്‍ അവരോട് പറഞ്ഞുകൊടുത്താല്‍ അവരുടെ മനസ് മാറും. രോഗങ്ങള്‍ക്കു പാശ്ചാത്യ ചികിത്സകര്‍ ഉപയോഗിക്കുന്ന പേര് ആയുര്‍വേദ ഡോക്ടര്‍മാര്‍ ഉപയോഗിക്കേണ്ട കാര്യമെന്താണ്. വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെ ആയുര്‍വേദത്തില്‍ സങ്കീര്‍ണമായ പേരുള്ള രോഗത്തിന്റെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ പാശ്ചാത്യ മെഡിസിനിലെ പേരാണു കുട്ടികള്‍ പറഞ്ഞത്. എന്തിനാണു മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പേര് ഉപയോഗിക്കുന്നത്. നിങ്ങള്‍ ത്രിദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രോഗനിര്‍ണയം നടത്തുക. ആരെങ്കിലും പറയുന്നതു കേട്ട് ആയുര്‍വേദത്തിലെ പേര് വിഷമം പിടിച്ചതാണെന്നു നിങ്ങള്‍ കരുതുന്നത് എന്തിനാണ്. പാശ്ചാത്യമായ പേരുകളോട് പക്ഷപാതം കാണിക്കരുതെന്നും ആയുര്‍വേദത്തിന്റെ സൗന്ദര്യം നിങ്ങള്‍ കാണണമെന്നും ഉപദേശിച്ചു. കുട്ടികളില്‍ ആയുര്‍വേദത്തെക്കുറിച്ച് ഉല്‍ക്കര്‍ഷ ബോധം വളര്‍ത്തുന്നില്ലെങ്കില്‍ അവര്‍ പാശ്ചാത്യ ചികിത്സക്കു മുന്നില്‍ അപകര്‍ഷത നേരിടേണ്ടിവരും

ആയുര്‍വേദത്തെയും അലോപ്പതിയെയും അങ്ങ് എങ്ങനെ താരതമ്യം ചെയ്യും?

ആയുര്‍വേദവും അലോപ്പതിയും പരസ്പര പൂരകമാകണം. അതൊരിക്കലും പരസ്പര വിരുദ്ധമാകേണ്ടതില്ല. ഡയാലിസിസ് കണ്ടുപിടിച്ച ഡോ. സുഹൈല്‍ അഹമ്മദ് മുമ്പൊരിക്കല്‍ പറഞ്ഞു- എനിക്ക് ആയുര്‍വേദം അറിയില്ല. അതിനെക്കുറിച്ചു സംസാരിക്കണ്ട. അലോപ്പതി മരുന്ന് ഉപയോഗിക്കുമ്പോള്‍ ആയുര്‍വേദ മരുന്ന് ഉപയോഗിച്ചാല്‍ അത് ഉണ്ടാക്കുന്ന രാസമാറ്റങ്ങള്‍ എന്തായിരിക്കുമെന്ന് അറിയില്ല. ആ കാലത്ത് അദ്ദേഹം കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ വന്ന് ഇവിടത്തെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രനെ വെറുതെ കണ്‍സള്‍ട്ട് ചെയ്തു. നിങ്ങള്‍ സൂക്ഷിക്കണം. അഞ്ച് കൊല്ലം കഴിയുമ്പോല്‍ നിങ്ങള്‍ക്ക് ഒരു വ്യാധി വരാന്‍ സാധ്യതയുണ്ട്. രോഗത്തിന്റെ പേരും പറഞ്ഞു. അന്ന് അദ്ദേഹത്തിന് ഒരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അടുത്തിടെ അദ്ദേഹം അമേരിക്കയില്‍ നിന്നും വന്ന ഒരാളോട് പറഞ്ഞയച്ചിരിക്കുന്നു എത്ര അത്ഭുതകരമായ പ്രവചനമായിരുന്നു അത്. നിങ്ങള്‍ പറഞ്ഞ അസുഖത്തിന്റെ ചികിത്സക്കായി ഞാന്‍ ഇന്ത്യയിലേക്കു വരികയാണ് എന്ന്. ആദ്യമായി മരുന്നുകളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്.

ആയുര്‍വേദത്തോടുള്ള അലോപ്പതി ഡോക്ടര്‍മാരുടെ മനോഭാവം ഇന്നു മാറിയിട്ടുണ്ട്. അലോപ്പതിക്കു മാറ്റാന്‍ കഴിയാത്ത രോഗങ്ങള്‍ പലതും ചികിത്സിച്ചു മാറ്റാന്‍ ആയുര്‍വേദത്തിനു കഴിയുമെന്നു തെളിയിച്ചു. രക്തവാതം ആയുര്‍വേദം കൊണ്ടു ചികിത്സിച്ചു മാറ്റാമെന്ന് 1976ല്‍ താന്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചപ്പോള്‍ അതു മാറില്ല ചെയ്യരുത് എന്നാണ് പ്രതികരണം ലഭിച്ചത്. ചികിത്സക്കു പാശ്ചാത്യ ചികിത്സകരുടെ സര്‍ട്ടിഫിക്കേഷന്‍ വേണമെന്നു താന്‍ നിര്‍ദേശിച്ചു. കാരണം അവര്‍ അംഗീകരിച്ചാലേ അത് ലോകം സമ്മതിക്കൂ. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രോട്ടോകോള്‍ പാലിച്ചു ചെയ്യാമെന്നും ഉപാധിവെച്ചു. അത് വേണോ, നശിക്കാന്‍ തീരുമാനിച്ചോ എന്നു പലരും ചോദിച്ചു. ആയുര്‍വേദം ആരുടെയും കുടുംബ സ്വത്തല്ല, ഭാരതത്തിന്റെ സ്വത്താണെന്നാണു ഞാന്‍ മറുപടി കൊടുത്തത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ഐസിഎംആറുമായി ക്ലിനിക്കല്‍ റിസര്‍ച്ചിന് എഗ്രിമെന്റ് ഒപ്പുവെച്ചു. ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി അസുഖം ചികിത്സിച്ചു മാറ്റിയപ്പോള്‍ അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന മൂന്ന് റൂമറ്റോളജിസ്റ്റുകളും പറഞ്ഞത് ഇത് ഒരു പ്രായം കഴിഞ്ഞാല്‍ സ്വയം മാറുന്നതാണ്, അല്ലാതെ മരുന്നുകൊണ്ട് മാറിയതല്ല എന്നാണ്.

പത്തു പേരുടെ അലോപ്പതി ആശുപത്രി തരൂ; ചികിത്സിച്ചു കാണിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഫസ്റ്റ് സ്റ്റേജും ലാസ്റ്റ് സ്റ്റേജുമല്ലാത്ത, സെക്കന്‍ഡ്, തേര്‍ഡ് സ്റ്റേജുകളില്‍ പെട്ട രോഗികളെ തെരഞ്ഞെടുത്താണ് ആയുര്‍വേദ ചികിത്സ നല്‍കിയത്. റിസല്‍ട്ട് വളരെ വേഗത്തിലുണ്ടായി. പക്ഷെ അവര്‍ അത് പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. അക്കാലത്ത് ആയുര്‍വേദത്തിന് ഒരു വിധത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നു സ്ഥിതി അതല്ല. കോയമ്പത്തൂരിലെ ആറ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലുകള്‍ ഇത്തരം കേസുകള്‍ നോക്കാന്‍ ഇങ്ങോട്ട് ക്ഷണിക്കുകയാണ്. ഇതിലൊരു ആശുപത്രിയില്‍ ഒരു ഫ്‌ളോര്‍ ആയുര്‍വേദത്തിനു വിട്ടുതന്നിരിക്കുകയാണ്. ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഞാന്‍ ക്ലാസെടുക്കാറുണ്ട്. നമ്മള്‍ അവര്‍ക്കു നമ്മുടെ ഭാഷയില്‍ വാതപിത്ത കഫങ്ങളെക്കുറിച്ചു വിശദീകരിച്ചാല്‍ മനസിലാകില്ല. ബയോകെമിസ്ട്രിയാണ് അവരുടെ ഭാഷ. ആ ഭാഷയില്‍ വേണം കാര്യങ്ങള്‍ വിശദീകരിക്കാന്‍. സ്വിസ് ഡോക്ടര്‍മാര്‍ക്കും ലാത്വിയന്‍ ഡോക്ടര്‍മാര്‍ക്കും ഇസ്രായേലി ഡോക്ടര്‍മാര്‍ക്കും ഞാന്‍ ക്ലാസെടുക്കുന്നുണ്ട്.

കേരള ആയുര്‍വേദം നേരിടുന്ന ഒരു വെല്ലുവിളി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ്. ഇതിനുള്ള പരിഹാരമെന്താണ്?

പല മരുന്നും കിട്ടാനില്ലെന്നത് എല്ലാ വൈദ്യന്‍മാരുടെയും പാട്ടാണ്. എല്ലാ മരുന്നും ഉണ്ടാക്കിയാല്‍ ലാഭമൊന്നും കിട്ടില്ല. 550 മരുന്നുകളില്‍ 20 ശതമാനം പോലുമില്ല ലാഭം തരുന്ന മരുന്നുകള്‍. മറ്റുള്ളവ ചികിത്സക്ക് ആവശ്യമാണ്. ഇന്ന് അങ്ങനെയുള്ള മരുന്നു കൊണ്ടു ചികിത്സിക്കാന്‍ അറിയുന്ന വൈദ്യനുമില്ല. അത് ഉണ്ടാക്കി വിറ്റാല്‍ ലാഭവുമില്ല. അതുകൊണ്ടാണ് ഇത്തരം ഔഷധങ്ങള്‍ കിട്ടാതാകുന്നത്. ഇതിനു പരിഹാരം കാണുന്നതിനു പച്ചമരുന്നുകള്‍ മാത്രം കളക്ട് ചെയ്ത് എല്ലാ കമ്പനികള്‍ക്കും വിതരണം ചെയ്യുന്ന സ്ഥാപനം തുടങ്ങി. ഇതുവരെ ആരും ചോദിച്ചുവന്നിട്ടില്ല. ചെയ്യേണ്ടത് പ്രതിബദ്ധതയോടു കൂടി ചെയ്യുകയാണ് വേണ്ടത്.

ഞങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ വിജയകരമായി അഭിമുഖീകരിക്കാന്‍ കഴിയുന്നുണ്ട്. നാട്ടില്‍ പോയി മരുന്നിനാവശ്യമായ ചെടികളും മറ്റും ശേഖരിക്കുക പ്രായോഗികമല്ല. ട്രൈബല്‍സുമായി ചേര്‍ന്ന് നടപ്പാക്കുന്ന മദര്‍ നഴ്‌സറി തോട്ടം ഞങ്ങള്‍ ഇവിടെ തുറന്നിട്ടുണ്ട്. നാട്ടില്‍ വേണ്ടത്ര മരുന്നുണ്ട്. അവരോട് തന്നെ അതിന്റെ കഷ്ണങ്ങള്‍ വെട്ടിക്കൊണ്ടുവന്നു നടാന്‍ പറഞ്ഞു. അത് വിപുലീകരിച്ച് കാപ്റ്റീവ് കള്‍ട്ടിവേഷന്‍ ആരംഭിക്കുകയാണ്. ട്രൈബല്‍സുമായി ഞങ്ങള്‍ കരാറുണ്ടാക്കിയിട്ടുണ്ട്. ഇന്നതൊക്കെ തരികയാണെങ്കില്‍ ഇത്ര രൂപ തരാം. വിലകുറഞ്ഞാല്‍ ഞങ്ങള്‍ കുറക്കില്ല. വില കൂടിയാല്‍ കൂട്ടിത്തരാം. ഇങ്ങനെയാണു കരാറൊപ്പിട്ടിരിക്കുന്നത്. സൊസൈറ്റികള്‍ രൂപീകരിച്ചു തോട്ടങ്ങളില്‍ ഷെഡ് നിര്‍മിച്ചു നല്‍കി. ദൗര്‍ലഭ്യമുള്ള പത്തിനങ്ങള്‍ തെരഞ്ഞെടുത്തു നല്‍കി. അവര്‍ തോട്ടങ്ങളില്‍ കൊണ്ടുപോയി നട്ടു വളര്‍ത്തും. അത് അവര്‍ക്ക് അറിയാം. വിളവെടുപ്പിന് ആവശ്യമുള്ള പരിശീലനം നല്‍കിയിട്ടുണ്ട്.

കോയമ്പത്തൂര്‍ ആര്യവൈദ്യശാല എന്ന സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പ്രവര്‍ത്തന രീതി എങ്ങനെയാണ്?

ഞാന്‍ എപ്പോഴും പറയാറുണ്ട്. ഞങ്ങള്‍ക്ക് ആരോടും മത്സരമില്ല. കാരണം പണമോ ബാലന്‍സ് ഷീറ്റോ അല്ല ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ചില മൂല്യങ്ങളുണ്ട്. അത് കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ്മിയും സരസ്വതിയും ഒരുമിച്ച് പോകില്ല എന്ന ഒരു വിശ്വാസമുണ്ട്. പണം വാഴുന്നിടത്ത് മൂല്യങ്ങള്‍ വാഴില്ല എന്നര്‍ഥം. ഞങ്ങള്‍ മൂല്യങ്ങളുടെ പക്ഷത്ത് നില്‍ക്കാനാണു തീരുമാനിച്ചത്. പക്ഷെ 75 കോടി ടേണോവര്‍ കമ്പനിക്കുണ്ട്. വരാനിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനു കൂടുതല്‍ പണം ആവശ്യമുണ്ട്. വലിയ തോതിലുള്ള വിപുലീകരണമാണു ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. 2018 ഓടെ ടേണോവര്‍ 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പേരുകളിലും ഞങ്ങള്‍ മരുന്ന് വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ലീവറിന്റെ ആയുഷ് പ്രോഡക്ടുകള്‍ ഞങ്ങളുടേതാണ്.

കേരളത്തില്‍ ആയുര്‍വേദത്തിനാണ് പ്രാമാണികതയുള്ളതെങ്കില്‍ തമിഴ്‌നാട്ടില്‍ സിദ്ധവൈദ്യമാണ് പ്രചാരത്തിലുള്ളത്. അതുകൊണ്ട് ഇവിടത്തെ സര്‍ക്കാര്‍ പ്രമോട്ട് ചെയ്യുന്നതു സിദ്ധവൈദ്യമാണ്. പക്ഷെ ഒരിക്കലുമത് ആയുര്‍വേദത്തിന് എതിരല്ല. തമിഴ്‌നാട് സര്‍ക്കാരിനെ എന്തെങ്കിലും കാര്യത്തിനായി നമുക്ക് സമീപിക്കേണ്ടതായി വരുന്നില്ല.

നല്ല ഡോക്ടര്‍മാരും നല്ല ബ്രാന്‍ഡുകളും നല്ല സംഘാടകരും നല്ല മാനുഫാക്ചറിംഗ് കമ്പനികളും കേരളത്തില്‍ ധാരാളമുണ്ട്. പക്ഷെ ആയുര്‍വേദത്തിന്റെ മൊത്തം ടേണോവര്‍ കൈവിരലിലെണ്ണാവുന്നത്ര മാത്രമാണ്. പണം ആഗ്രഹിക്കാത്ത, സൗജന്യ ചികിത്സ നല്‍കുന്ന പൈതൃകം പിന്തുടരുന്നവര്‍ വേറെയുണ്ട്. ഇവരെയെല്ലാം ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചു താങ്കള്‍ തന്നെ നേരത്തെ നിര്‍ദേശിച്ചിരുന്നു. അതിന്റെ സാധ്യതകള്‍ എത്രത്തോളമാണ്?

അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കെയര്‍ കേരള പദ്ധതിയുടെ ഉദ്ദേശ്യം തന്നെ അതായിരുന്നു. അത് ശക്തിപ്പെടുത്തണമെങ്കില്‍ കൂറേ കൂടി നിക്ഷേപം വേണ്ടിവരും. പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പലതും നടന്നു. ഇപ്പോഴത് ടേക്കോഫ് ചെയ്യാവുന്ന ഘട്ടത്തിലാണ്. കേരള ഗവണ്‍മെന്റുമായി സംസാരിച്ചു. പ്രതികരണങ്ങള്‍ വളരെ പൊസിറ്റീവാണ്. എന്താണെന്നു വെച്ചാല്‍ ചെയ്യാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ ആയി വരുന്നില്ലെന്നു മാത്രം. ഡല്‍ഹിയില്‍ നിന്ന് ആയുര്‍വേദ ഫൗണ്ടേഷന്‍ എന്ന സംഘടന മുന്നോട്ടുവന്നിട്ടുണ്ട്. മൂന്നു നാലു കോടി രൂപ കൂടി കിട്ടിയാല്‍ തുടങ്ങാനാകും. ചെറിയ പാര്‍ട്ടികള്‍ സഹകരിക്കാത്തത് ഇത് നിലനില്‍ക്കുമോ എന്ന സംശയത്തിന്റെ പേരിലാണ്. ഇവിടെ കമ്പനികളുടെ വലിപ്പച്ചെറുപ്പത്തിന്റെ പ്രശ്‌നമൊന്നുമില്ല. ആയുര്‍വേദ ഉള്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുടെ സെന്‍ട്രലൈസ്ഡ് പര്‍ച്ചേസാണ് ഇതില്‍ ഉദ്ദേശിച്ചിട്ടുള്ളത്. കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ കമ്പനികള്‍ക്കും ലഭ്യമാകും. ഇതില്‍ ഒരു ആശങ്കയുടെയും പ്രശ്‌നമില്ല. കെയര്‍ കേരള പുഴ കടക്കാന്‍ പോകുക തന്നെയാണ്.

ഇത്തരത്തില്‍ ഒരു ഗ്ലോബല്‍ ആയുര്‍വേദ പ്ലേസിംഗിന് ശ്രമിക്കുമ്പോള്‍ തന്നെ, 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആയുര്‍വേദത്തില്‍ ഈയൊരു ട്രീറ്റ്‌മെന്റ് കിട്ടിയാല്‍ മതിയോ എന്ന ഒരു വലിയ ചോദ്യം ഉയരുന്നില്ലേ?

ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ആയുര്‍വേദത്തിന് കഴിയും. വൈദ്യന്‍മാര്‍ക്ക് കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അത് സംഭവിച്ചേ തീരൂ. ഇന്ന് ക്വാളിറ്റ് കോണ്‍ഷ്യസ് വളരെയധികമാണ്. ഒരിക്കല്‍ മാത്രമേ ഒരാളെ വിഡ്ഢിയാക്കാന്‍ കഴിയൂ.

കേരള ആയുര്‍വേദത്തെ ബില്യന്‍ ബ്രാന്‍ഡ് ആയി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാമോ ?

കേരളത്തില്‍ സ്‌കൂള്‍ തലം തൊട്ട് തന്നെ ആയുര്‍വേദം പഠിപ്പിക്കുക എന്നതാണ് ആദ്യ നിര്‍ദേശം. പി കെ ശ്രീമതി ടീച്ചര്‍ ആരോഗ്യമന്ത്രിയും എം എ ബേബി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സര്‍ക്കാരിന്റെ കാലത്ത് ഈ നിര്‍ദേശത്തിനു വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. സിലബസ് തയാറാക്കാന്‍ അവര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഈ പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ദേശം അവര്‍ അംഗീകരിക്കുകയും ചെയ്തു. ആദ്യത്തെ ഒരു ദിവസം തുളസിയുടെ ഇല കുട്ടികള്‍ക്കു കൊടുക്കുക എന്നായിരുന്നു എന്റെ നിര്‍ദേശം. തുളസി, ആല്, ചെമ്പരത്തി, തെച്ചി ഇവയെല്ലാം ഔഷധമാണെന്ന് അവര്‍ക്കു മനസിലാക്കിക്കൊടുക്കുക. തുളസിയില ഇട്ടുവെച്ച വെള്ളം രാവിലെ കുടിക്കുന്നതു ശരീരത്തിന് പ്രതിരോധശേഷി കൂട്ടും. തെച്ചിയുടെ ഇല ഉണക്കിപ്പൊടിച്ച് തൈരിലോ പാലിലോ കലക്കി മുഖസൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാം. മാതളനാരകത്തിന്റെ തോട് ഉണക്കിപ്പൊടിച്ച് വെച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിനെ ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാകും. നമ്മുടെ അസുഖങ്ങളില്‍ 80 ശതമാനവും വയറിന്റെ പ്രവര്‍ത്തനത്തിലുള്ള തകരാറുകളുമായി ബന്ധപ്പെട്ടതാണ്. ഇതിന് പ്രകൃതിയില്‍ തന്നെ പ്രതിവിധിയുണ്ട്.

ആയുര്‍വേദം ഒരു ചികിത്സാസമ്പ്രദായം എന്നതിലുപരി ജീവിതശൈലിയാണ്. ഇതുസംബന്ധിച്ച അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് രണ്ടാമത് ചെയ്യേണ്ടത്. ഇതിനായി ക്യാമ്പെയ്ന്‍ സംഘടിപ്പിക്കണം. ആയുര്‍വേദ വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി കോളേജുകളില്‍ നിന്നു പുറത്തേക്കിറങ്ങണം. റോട്ടറി, ലയണ്‍സ്, ചേംബര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ബോധവല്‍ക്കരണ ക്ലാസ് എടുക്കുക. ഇതാണ് നമ്മുടെ മഹത്തായ പൈതൃകമെന്നും ഇതാണ് നമ്മുടെ ജീവിതരീതിയെന്നും പഠിപ്പിക്കുക. മൂന്നാമതായി ആയുര്‍വേദത്തിന്റെ സംഭാവനകള്‍ ഡോക്യുമെന്റ് ചെയ്യാന്‍ തുടങ്ങുക. അതിനായി പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക. ആയുര്‍വേദ പഠനത്തിന് പാശ്ചാത്യ ചികിത്സയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും. അതും ഉപയോഗപ്പെടുത്തണം.

Comments

comments

Categories: FK Special, Slider

Related Articles