ജിയോ ഇഫക്റ്റ് തുടരുന്നു; ഭാരതി എയര്‍ടെലിന്റെ അറ്റാദായം 75% ഇടിഞ്ഞു

ജിയോ ഇഫക്റ്റ് തുടരുന്നു; ഭാരതി എയര്‍ടെലിന്റെ അറ്റാദായം 75% ഇടിഞ്ഞു

മൊബീല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 33.7 ശതമാനം വര്‍ധിച്ച് 48.9 മില്യണിലെത്തി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ആദ്യ പാദഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തിക വര്‍ഷം (2017-2018) ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 75 ശതമാനം ഇടിഞ്ഞതായാണ് എയര്‍ടെല്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,462 കോടി രൂപയില്‍ നിന്നും എയര്‍ടെലിന്റെ സംയോജിത അറ്റാദായം 367 കോടി രൂപയായി ചുരുങ്ങി.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവ് ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഇതോടെ ടെലികോം സേവനങ്ങളുടെ നിരക്ക് നിര്‍ണയത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും, ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 15 ശതമാനത്തിലധികം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയതായും ഭാരതി എയര്‍ടെലിന്റെ ഇന്ത്യന്‍, സൗത്ത് ഏഷ്യന്‍ മേഖലാ ചുമതലുള്ള എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയിലുണ്ടായ മാറ്റങ്ങളുടെ പരിണിതഫലമായി തങ്ങളുടെ വരുമാനം പത്ത് ശതമാനം ഇടിഞ്ഞിട്ടുണ്ടെന്നും പലിശ, നികുതി, മറ്റ് ചെലവുകള്‍ എന്നിവ മാറ്റി നിര്‍ത്തിയുള്ള വരുമാനത്തില്‍ (ഇബിഐടിഡിഎ) 5.3 ശതമാനത്തിന്റെ വാര്‍ഷിക ഇടിവ് ഉണ്ടെന്നും ഗോപാല്‍ വിത്തല്‍ പറഞ്ഞു. മികച്ച നിലവാരമുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ എയര്‍ടെലിനുള്ള പ്രതിബദ്ധത നിലനിര്‍ത്തികൊണ്ട് നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ഡാറ്റ, വോയിസ് ട്രാഫിക് വാര്‍ഷിക വളര്‍ച്ച യഥാക്രമം 200 ശതമാനവും 34 ശതമാനവും ആണെന്ന് വിത്തല്‍ ചൂണ്ടിക്കാട്ടി. ജൂണില്‍ അവസാനിച്ച പാദത്തില്‍ 5.2 മില്യണ്‍ ഡാറ്റ ഉപയോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ എയര്‍ടെലിന് സാധിച്ചിട്ടുണ്ടെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ വരിക്കാരെയാണ് ഇക്കാലയളവില്‍ നേടിയതെന്നും വിത്തല്‍ പറയുന്നു.
ആദ്യ പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 17,244 കോടി രൂപയുടെ വരുമാനമാണ് എയര്‍ടെല്‍ നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനത്തില്‍ പത്ത് ശതമാനത്തിന്റെ ഇടിവാണുള്ളത്. മൊബീല്‍ വഴിയുള്ള വരുമാനത്തില്‍ 14.1 ശതമാനത്തിന്റെ ഇടിവ് നേരിട്ടതാണ് കമ്പനിയുടെ മൊത്തം വരുമാനത്തില്‍ പ്രതിഫലിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ പാദത്തില്‍ മൊബീല്‍ ഡാറ്റ ട്രാഫിക്, മുന്‍ വര്‍ഷം ഇതേ പാദത്തിലെ 158 ബില്യണ്‍ എംബിഎസില്‍ നിന്നും മൂന്ന് മടങ്ങ് വര്‍ധിച്ച് 472 ബില്യണ്‍ എംബിഎസില്‍ എത്തി. മൊബീല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 33.7 ശതമാനം വര്‍ധിച്ച് 48.9 മില്യണിലെത്തിയതായും എയര്‍ടെല്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy, Slider