ഹരേഷിന്റെ ‘കടലാസ്’ ജോലികള്‍

ഹരേഷിന്റെ ‘കടലാസ്’ ജോലികള്‍

പരിസ്ഥിതിയുടെ സുസ്ഥിരഭാവിക്ക് കാര്‍ഡ്‌ബോര്‍ഡ് ഫര്‍ണിച്ചറുകള്‍

തൊട്ടില്‍ മുതല്‍ ശവപ്പെട്ടി വരെ… മനുഷ്യന്റെ പിറവി മുതല്‍ അന്ത്യം വരെ ഉപയോഗിക്കാനുള്ള പ്രധാന സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിന് മരത്തടി അനിവാര്യമാണ്. ഓരോ വര്‍ഷവും ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ഗൃഹോപകരണ നിര്‍മ്മാണത്തിനായി ലക്ഷക്കണക്കിന് മരങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. വര്‍ധിച്ചുവരുന്ന മരത്തടിക്കുള്ള ആവശ്യം താങ്ങാന്‍ ഇനി അധികനാള്‍ കാടുകള്‍ക്ക് കഴിയില്ല. ഇത് പരിസ്ഥിതിക്കും വിനാശകരമാണ്. പകരം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കും അത്രതന്നെ പരിസ്ഥിതിക്ക് ദോഷകരമാണ്. അതിനാല്‍ ഇവയ്ക്കു രണ്ടിനും ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇതിനുള്ള ശ്രമമാണ് ഹരേഷ് മേത്തയെ ‘പേപ്പര്‍ഷേപ്പര്‍’ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്. മര ഉരുപ്പടികള്‍ക്കു തുല്യമായ കാര്‍ഡ്‌ബോര്‍ഡ് ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണിത്. കൈയില്‍ക്കൊണ്ടു നടക്കാവുന്ന, അഴിച്ചു മാറ്റാനും കൂട്ടിയോജിപ്പിക്കാനുമാകുന്ന, പുനരുല്‍പ്പാദിപ്പിക്കാകുന്ന, നെടുനാള്‍ നിലനില്‍ക്കുന്ന, കുറഞ്ഞ വിലയ്ക്കുള്ള ഉല്‍പ്പന്നങ്ങളാണ് ഇവരുടേത്.

അഭ്യസ്തവിദ്യനല്ലാത്ത സംരംഭകന്‍

ഗുജറാത്തിലെ ബിസിനസ് കുടുംബത്തില്‍ നിന്നാണ് ഹരേഷിന്റെ വരവ്. കടലാസ് കൂട് നിര്‍മ്മാണമായിരുന്നു കുടുംബബിസിനസ്. വിവിധ വലുപ്പത്തിലുള്ള കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ നിര്‍മ്മിക്കുന്ന ആ ബിസിനസില്‍ ഹരേഷിന് പണ്ടേ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഫാക്റ്ററിയുടെ മൂലയ്ക്കിരുന്നു നിയന്ത്രിക്കുന്ന ബിസിനസ് വിരസമായി തോന്നിയതായിരുന്നു കാരണം. കോളെജ് പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തുക കൂടി ചെയ്തപ്പോള്‍ കുടുംബം അദ്ദേഹത്തെ മുടിയനായ പുത്രനായി കണക്കാക്കി തള്ളിക്കളഞ്ഞു. കുടുംബാംഗങ്ങള്‍ക്കിടയിലും സൗഹൃദവലയത്തിലുമെല്ലാം അയാള്‍ പരിഹാസപാത്രമായി. എന്നാല്‍ ഹരേഷിനുള്ളില്‍ തീഷ്ണതയോടെ കത്തുന്ന ആശയം അവര്‍ക്കു കണ്ടെത്താനായില്ല. തന്റെ മനസില്‍ ഉരുവം കൊണ്ട ചിന്ത പ്രാവര്‍ത്തികമാക്കാന്‍ അയാള്‍ തികഞ്ഞ പ്രതിബദ്ധതയോടെ ഇറങ്ങിപ്പുറപ്പെട്ടു. തന്റെ അഭിനിവേശം എന്താണോ അതില്‍ പൂര്‍ണമായി വിശ്വസിച്ചു മുന്നേറിയ ഹരേഷ്, വീട്ടുകാര്‍ സമ്മാനിച്ച പാരമ്പര്യ നിഷേധിയെന്ന പട്ടം ആഭരണമായി കരുതി മുന്നേറി.

ഈടു നില്‍ക്കുന്ന, വലുപ്പവും കനവും കുറഞ്ഞ, പുതുപ്രവണതയാര്‍ന്ന ഗൃഹോപകരണങ്ങളാണ് പേപ്പര്‍ ഷേപ്പര്‍ അവതരിപ്പിച്ചത്. ആവശ്യം കഴിഞ്ഞാല്‍ അഴിച്ചു മടക്കിവെക്കാമെന്നതിനാല്‍ സ്ഥലം ലാഭിക്കാനും കഴിയുന്നു. തൊട്ടില്‍, കസേര, റാക്ക്, ശവപ്പെട്ടികള്‍ തുടങ്ങി വിപുലമായ ഉല്‍പ്പന്ന ശ്രേണിയാണ് കമ്പനി പുറത്തിറക്കുന്നത്

പേപ്പര്‍ ഷേപ്പര്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ കാല്‍ നൂറ്റാണ്ടോളമെടുത്തെന്ന് ഹരേഷ് പറയുന്നു. ” കാര്‍ഡ് ബോര്‍ഡ് ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുകയെന്ന ആഗ്രഹം 25 വര്‍ഷം മനസിലിട്ടു താലോലിച്ച ശേഷമാണ് പ്രാവര്‍ത്തികമാക്കാനായത്. 2017 മേയില്‍ പേപ്പര്‍ ഷേപ്പര്‍ ഓണ്‍ലൈന്‍ ആരംഭിക്കുമ്പോള്‍ ഇതു താരതമ്യേന പുതിയൊരു സംരംഭമായിരുന്നു. ആളുകളെ ബോധവാന്മാരാക്കുകയായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി. ചുരുങ്ങിയ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് ഉറപ്പുള്ളതും ഈടു നില്‍ക്കുന്നതുമായ ഉപകരണങ്ങളുണ്ടാക്കാമെന്ന കാര്യം വിശ്വസിക്കാന്‍ പലരും ബുദ്ധിമുട്ടി. എന്നാല്‍ ഒരു കസേരയുണ്ടാക്കി ആളുകളെ അതിലിരുത്തിക്കൊണ്ട് ഞാനവരെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്,” അദ്ദേഹം ഓര്‍ക്കുന്നു.

പരിസ്ഥിതിക്ക് അനുയോജ്യം

നാഗരികതയ്ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങളാണ് ഹരേഷ് ഇറക്കിയത്. ഈടു നില്‍ക്കുന്ന, വലുപ്പവും കനവും കുറഞ്ഞ, പുതുപ്രവണതയാര്‍ന്ന ഗൃഹോപകരണങ്ങളാണ് പേപ്പര്‍ ഷേപ്പര്‍ അവതരിപ്പിച്ചത്. ആവശ്യം കഴിഞ്ഞാല്‍ അഴിച്ചു മടക്കിവെക്കാമെന്നതിനാല്‍ സ്ഥലം ലാഭിക്കാനും കഴിയുന്നു. തൊട്ടില്‍, കസേര, റാക്ക്, ശവപ്പെട്ടികള്‍ തുടങ്ങി വിപുലമായ ഉല്‍പ്പന്ന ശ്രേണിയാണ് കമ്പനി പുറത്തിറക്കുന്നത്. മരം കൊണ്ടുണ്ടാക്കുന്നവയേക്കാള്‍ എളുപ്പം ജീര്‍ണിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് ശവപ്പെട്ടികള്‍ മൃതദേഹം മണ്ണിലലിയാന്‍ എളുപ്പം സഹായിക്കുന്നു. അങ്ങനെ പരിസ്ഥിതിക്കു കോട്ടം വരുത്താതെ മണ്ണില്‍ നിന്നു ജനിച്ചവന്‍ അതിലേക്കു തന്നെ പോകുന്നു. കാര്‍ഡ് ബോര്‍ഡ് ഗൃഹോപകരണങ്ങള്‍ മരംവെട്ട് ഗണ്യമായി കുറയ്ക്കാനും ഉപകരിക്കുന്നു.

3,000 രൂപയിലാണ് ഉല്‍പ്പന്നവില തുടങ്ങുന്നത്. ലോകമെമ്പാടും ഇവ വിതരണം ചെയ്യുന്നു. അഞ്ചു വര്‍ഷം കൊണ്ട് 30- 40 കോടി രൂപ വിറ്റുവരവുണ്ടാക്കുകയാണ് ഹരേഷിന്റെ ലക്ഷ്യം. തന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്കായുള്ള കസേരയും ടീപ്പോയിയുമൊക്കെയാണ് ആദ്യം അദ്ദേഹം ഓണ്‍ലൈനില്‍ വിറ്റത്. അന്നു വിപണിയിലുണ്ടായിരുന്നത് മരഉരുപ്പടികളായിരുന്നു. ഇവ താരതമ്യേന വലുതും കൂര്‍ത്ത അഗ്രങ്ങളുള്ളതുമായിരുന്നു. ഇവ മറിഞ്ഞുവീണും അവയുടെ മൂലകളില്‍ ഉരഞ്ഞും കുട്ടികളുടെ ശരീരത്തില്‍ മുറിവും ചതവുമുണ്ടാകുമായിരുന്നു. എന്നാല്‍ കനംകുറഞ്ഞ കാര്‍ഡ്‌ബോര്‍ഡ് ഗൃഹോപകരണങ്ങള്‍ എളുപ്പം എടുത്തുമാറ്റാവുന്നവയും മുറിപ്പെടുത്താത്ത വിധം സുരക്ഷിതവുമാണ്. കൂടാതെ അഴിച്ചും കൂട്ടിയോജിപ്പിച്ചും വെക്കാവുന്നതിനാല്‍ കളിപ്പാട്ടമായും അവര്‍ക്ക് ഉപയോഗിക്കാം.

ചെറു ഓവറകള്‍

നമ്മുടെ നാട്ടില്‍ പൊതുശൗചാലയങ്ങളുടെ കുറവ് ഇപ്പോഴും വലിയ പ്രശ്‌നമായി തുടരുന്നു. വിരളമായി ഉള്ളവയാകട്ടെ ദുര്‍ഗന്ധപൂരിതവും വൃത്തിഹീനവുമായിരിക്കും. ദൂരയാത്രയ്ക്കിടെ നമ്മില്‍ പലരും നേരിട്ട പ്രശ്‌നമായിരിക്കുമിത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഹരേഷ് എടുത്തുകൊണ്ടു പോകാവുന്ന കാര്‍ഡ്‌ബോര്‍ഡ് ഓവറകള്‍ കണ്ടുപിടിച്ചത്. ഭാരം കുറഞ്ഞ, എടുത്തുമാറ്റാവുന്ന, ലളിതമായി ഉപയോഗിക്കാവുന്ന, പരിസ്ഥിത സൗഹൃദ ഓവറകളാണിത്.

3,000 രൂപയിലാണ് ഉല്‍പ്പന്നവില തുടങ്ങുന്നത്. ലോകമെമ്പാടും ഇവ വിതരണം ചെയ്യുന്നു. അഞ്ചു വര്‍ഷം കൊണ്ട് 30- 40 കോടി രൂപ വിറ്റുവരവുണ്ടാക്കുകയാണ് ഹരേഷിന്റെ ലക്ഷ്യം. തന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്കായുള്ള കസേരയും ടീപ്പോയിയുമൊക്കെയാണ് ആദ്യം അദ്ദേഹം ഓണ്‍ലൈനില്‍ വിറ്റത്

പൊതുശുചിത്വരംഗത്ത് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാര്‍ഗ്ഗമാണ് കാര്‍ഡ്‌ബോര്‍ഡ് ഓവറകള്‍. മറ്റ് ഉപകരണങ്ങള്‍ക്കുപയോഗിക്കുന്ന അതേ നിലവാരത്തിലുള്ള കാര്‍ഡ്‌ബോര്‍ഡാണ് ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കനംകുറഞ്ഞ ഇവ എളുപ്പം മടക്കിയെടുത്തുകൊണ്ടു പോകാനുമാകും. പരിസ്ഥിതിസംരക്ഷണം മനസില്‍വെച്ചു കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണത്തിന്റെ ഓരോഘട്ടവും പൂര്‍ത്തീകരിച്ചത്. യാത്രക്കാര്‍ക്കും ശയ്യാവലംബികളായ വയോജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാണിവ.

ഹരേഷിലെ നൂതനസംരംഭകനെ മനസിലാക്കിയ അദ്ദേഹത്തിന്റെ പ്രധാന കക്ഷികളായ പ്രമുഖ ബ്രാന്‍ഡുകള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കാംലിന്‍, ഫിലിപ്‌സ്, ബജാജ്, റെയ്മണ്ട്, ജിനി ആന്‍ഡ് ജോണി തുടങ്ങിയ പ്രമുഖകമ്പനികള്‍, പേപ്പര്‍ ഷേപ്പറിന്റെ കക്ഷികളാണ്. മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയെ വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഹരേഷ്. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു പദ്ധതിയുണ്ട്.

Comments

comments

Categories: Entrepreneurship