തൊഴില്‍ നല്‍കുന്നതില്‍ ഗുജറാത്ത് മുന്നില്‍; കൂടുതല്‍ തൊഴിലന്വേഷകര്‍ തമിഴ്‌നാട്ടില്‍

തൊഴില്‍ നല്‍കുന്നതില്‍ ഗുജറാത്ത് മുന്നില്‍; കൂടുതല്‍ തൊഴിലന്വേഷകര്‍ തമിഴ്‌നാട്ടില്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ രജിസ്‌ട്രേഷനില്‍ 60 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന്

ന്യൂഡെല്‍ഹി: തൊഴില്‍ നല്‍കുന്നതില്‍ ഏറ്റവും മുന്നില്‍ ഗുജറാത്ത് (30%). ദേശീയ ശരാശരി 0.57 ശതമാനമാണ്. 2012 മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015ല്‍ ജോലിക്കായി അപേക്ഷിച്ചിട്ടുള്ള 500 പേരില്‍ മൂന്ന് പേര്‍ക്കാണ് ജോലി ലഭിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് ഗുജറാത്ത് ആണെങ്കിലും സംസ്ഥാനത്ത് തൊഴില്‍ തേടുന്നവരുടെ എണ്ണം കുറവാണ്. ഏറ്റവും കൂടുതല്‍ തൊഴില്‍ അന്വേഷകരുള്ളത് തമിഴ്‌നാട്ടിലാണ്. 2015 സെപ്റ്റംബര്‍ വരെയുള്ള കണക്കെടുത്താല്‍ 80 ലക്ഷം തൊഴില്‍ അന്വേഷകരാണ് തമിഴ്‌നാട്ടില്‍ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം ഗുജറാത്തില്‍ 6.88 ലക്ഷം പേരാണ് ജോലിക്കായി രജിസ്റ്റര്‍ ചെയ്തത്.

തമിഴ്‌നാട് കഴിഞ്ഞാല്‍ പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, കേരളം, മഹാരാഷ്ട്ര തുടങ്ങിയവയാണ് ഏറ്റവും അധികം തൊഴില്‍ അന്വേഷകരുള്ള മറ്റ് സംസ്ഥാനങ്ങള്‍. 2015ലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനില്‍ 60 ശതമാനത്തോളം വരുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. എന്നാല്‍, മൊത്തം രജിസ്‌ട്രേഷനില്‍ 0.1 ശതമാനം പേര്‍ക്കു മാത്രമെ തൊഴില്‍ നേടിയിട്ടുള്ളു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും തൊഴില്‍ അന്വേഷകരുടെ എണ്ണവും ചേര്‍ന്ന് പോകുന്നില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിയമന ശതമാനം 2012ലെ 0.95 ശതമാനത്തില്‍ നിന്നും 2013ല്‍ 0.74 ശതമാനമായി കുറഞ്ഞു. 2014ല്‍ ഇത് വീണ്ടും ഇടിഞ്ഞ് 0.7 ശതമാനമായി. 2015ല്‍ ആദ്യത്തെ ഒന്‍പത് മാസങ്ങളില്‍ നിയമന ശതമാനം 0.57 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്ത് നടന്നിട്ടുള്ള 2.53 ലക്ഷം നിയമനങ്ങളില്‍ 83.3 ശതമാനം ഗുജറാത്തിലാണ്. 13,400 പ്ലേസ്‌മെന്റുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.

ഇക്കാലയളവില്‍ 53 പൊതു സ്വകാര്യ മേഖലകള്‍ കേന്ദ്രീകരിച്ച് 3,000ല്‍ അധികം ജോലികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി എന്‍സിഎസ് (നാഷണല്‍ കരിയര്‍ സര്‍വീസ്) ലഭ്യമാക്കിയിട്ടുള്ളത്. ഏകദേശം 14.85 ലക്ഷം ജീവനക്കാരാണ് എന്‍സിഎസില്‍ രജിസ്റ്റര്‍ ചെയ്തതെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭൂരിപക്ഷം എക്‌സ്‌ചേഞ്ചുകളും സ്വകാര്യ മേഖല കേന്ദ്രീകരിച്ചാണ്.

Comments

comments

Categories: Slider, Top Stories