ഡ്രോണുകളെ ഉപയോഗിച്ച് ഡെലിവറി സര്‍വീസ് നടത്താന്‍ ദുബായ്

ഡ്രോണുകളെ ഉപയോഗിച്ച് ഡെലിവറി സര്‍വീസ് നടത്താന്‍ ദുബായ്

ദുബായില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനി എനിവേഴ്‌സ് ടെക്‌നോളജീസും സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ നിര്‍മാണ കമ്പനി സ്‌കൈകാര്‍ട്ടും ചേര്‍ന്നാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്

ദുബായ്: ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാന്‍ സാധിക്കുന്ന ഡ്രോണുകളെ നിര്‍മിക്കുന്നതിനായി ദുബായില്‍ പുതിയ പങ്കാളിത്ത കമ്പനിക്ക് രൂപം നല്‍കി. ദുബായില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനി എനിവേഴ്‌സ് ടെക്‌നോളജീസും സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ നിര്‍മാണ കമ്പനി സ്‌കൈകാര്‍ട്ടും ചേര്‍ന്നാണ് പുതിയ പങ്കാളിത്ത കമ്പനിയായ സ്‌പേയ്‌സ് ഓട്ടോണമസ് ഡ്രോണ്‍സ് രൂപീകരിച്ചിരിക്കുന്നത്.

ലോജിസ്റ്റിക്‌സ്, ഡെലിവറി വ്യവസായത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ കമ്പനി ആരംഭിച്ചിരിക്കുന്നത്. അഞ്ച് കിലോ വരെ താങ്ങാന്‍ ശേഷിയുള്ള ഡ്രോണുകളാണ് കമ്പനി നിര്‍മിക്കുക. ഡ്രോണുകള്‍ നിര്‍മിക്കുന്നതിനായി ദുബായ് ഗവണ്‍മെന്റില്‍ നിന്ന് നിയമപരമായ അനുവാദം ചോദിച്ചിരിക്കുകയാണ് സ്‌പേയ്‌സ് ഓട്ടോണമസ് ഡ്രോണ്‍. 2018-2019 ന് ഉള്ളില്‍ ഔദ്യോഗികമായി ഡ്രോണുകളുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പരമ്പരാഗത ഷിപ്പിംഗ്, ഡെലിവറി സര്‍വീസ് മേഖലയില്‍ മികച്ച വളര്‍ച്ച നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുത്തന്‍ ആശയവുമായി പുതിയ കമ്പനി രംഗപ്രവേശം ചെയ്യുന്നത്. എമിറേറ്റ്‌സ് പോസ്റ്റ്, സൗക്, ഡിഎച്ച്എല്‍, ആമസോണ്‍, യുപിഎ, അരാമെക്‌സ്, ആലിബാബ ഗ്രൂപ്പ് എന്നീ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും സ്‌പേയ്‌സ് ഓട്ടോണമസ് ഡ്രോണ്‍സ് പറഞ്ഞു.

ചെലവ് കുറച്ച് വളരെ വേഗത്തില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഡ്രോണുകളായിരിക്കും നിര്‍മിക്കുകയെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പിഡബ്ല്യൂസിയുടെ ഭാഗമായ സ്ട്രാറ്റജിആന്‍ഡ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഗള്‍ഫിലെ ഡ്രോണ്‍ മാര്‍ക്കറ്റും ഡ്രോണ്‍ ടെക്‌നോളജിയും 2022 ആവുമ്പോഴേക്കും 1.5 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉപഭോക്താക്കളിലേക്ക് അഞ്ച് കിലോഗ്രാമില്‍ താഴെ ഭാരമുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സ്‌പേയ്‌സ് ഓട്ടോണമസ് ഡ്രോണുകളുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാം. പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഘട്ടത്തില്‍ പ്രത്യേക മേഖലകള്‍ക്കുള്ളില്‍ മാത്രമായിരിക്കും കമ്പനി സര്‍വീസ് കൊണ്ടുവരുന്നത്. എമിറേറ്റ്‌സ് ഹില്‍സ്, മീഡൗസ്, ദ സ്പ്രിംഗ്, ദ ഗ്രീന്‍സ്, ജുമൈറ, ഉം സുഖൈം എന്നീ മേഖലകളെയായിരിക്കും ഇതിനായി തെരഞ്ഞെടുക്കുക.

മിഡില്‍ ഈസ്റ്റില്‍ ഓട്ടോണമസ് ഡ്രോണ്‍ ടെക്‌നോളജിക്ക് മികച്ച സാധ്യതകളാണുള്ളതെന്ന് എനിവേഴ്‌സ് ടെക്‌നോളജീസിന്റെ സിഇഒയും സ്‌പേയ്‌സ് ഓട്ടോണമസ് ഡ്രോണ്‍സിന്റെ സ്ഥാപകനുമായ മൊഹമ്മെദ് ജൊഹ്മാനി പറഞ്ഞു. സ്‌കൈകാര്‍ട്ടുമായി സഹകരിച്ച് കമ്പനിക്ക് മികച്ച വളര്‍ച്ച കൈവരിക്കാനും വ്യത്യസ്തമായ സേവനത്തിലൂടെ ദുബായിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം സമ്മാനിക്കാനും സാധിക്കുമെന്നും അദ്ദേഹം.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വയം പറക്കുന്ന ഡ്രോണുകള്‍ നിര്‍മിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെ ട്രാക്ക് ചെയ്യാന്‍ മൊബീല്‍ ആപ്ലിക്കേഷനും ഒരുക്കും. ഡെലിവറി ചെയ്യാന്‍ എടുക്കുന്ന സമയത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമെന്നും ജൊഹ്മാനി. മനുഷ്യന്‍മാരുടെ സഹായമില്ലാതെ പൂര്‍ണമായും സ്വതന്ത്രമായാകും ഡ്രോണുകള്‍ പ്രവര്‍ത്തിക്കുക. വര്‍ഷത്തില്‍ 365 ദിവസവും ഇവ സര്‍വീസ് നടത്തും.

Comments

comments

Categories: Arabia

Related Articles