നിക്ഷേപസമാഹരണത്തിന് മാര്‍ഗങ്ങള്‍ തേടി കാത്തലിക് സിറിയന്‍ ബാങ്ക്

നിക്ഷേപസമാഹരണത്തിന് മാര്‍ഗങ്ങള്‍ തേടി കാത്തലിക് സിറിയന്‍ ബാങ്ക്

കൊച്ചി: നിക്ഷേപസമാഹരണത്തിനുള്ള വഴികള്‍ തേടുകയാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലാ ബാങ്കായ കാത്തലിക് സിറിയന്‍ ബാങ്ക്(സിഎസ്ബി). ഫെയര്‍ഫാക്‌സ് ഹോള്‍ഡിംഗുമായുള്ള ഓഹരി ഇടപാട് മൂല്യത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ അലസിപോയ സാഹചര്യത്തിലാണ് നടപടി. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് കൂടി വിവിധ മൂലധന നിക്ഷേപ സമാഹരണ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ആദ്യ പൊതു ഓഹരി വില്‍പ്പന(ഐപിഒ) പദ്ധതി വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുക, അഞ്ച് ശതമാനം ഓഹരികള്‍ വിവിധ നിക്ഷേപകര്‍ക്കായി വില്‍ക്കുക, 51 ശതമനത്തിന്റെ തന്ത്രപരമായ ഓഹരി വില്‍പ്പനയുമായി മുന്‍പോട്ട് പോകുക എന്നിങ്ങനെ നിക്ഷേപ സമാഹരണത്തിനായി മൂന്നു മാര്‍ഗങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതെന്ന് സിഎസ്ബി ചെയര്‍മാന്‍ ടി എസ് അനന്തരാമന്‍ പറഞ്ഞു.

2015 ജൂണിലാണ് സെബി ഐപിഒ നടത്താന്‍ സിഎസ്ബിയ്ക്ക് അനുവാദം നല്‍കിയത്. എന്നാല്‍ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് പദ്ധതി നീട്ടിവെക്കുകയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.15 ശതമാനമായിരുന്നു ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം. ഇത് 10.25 ശതമാനം എന്ന ബേസെല്‍ III മാനദണ്ഡങ്ങളനനുസരിച്ചുള്ള മൂലധന പര്യാപതത അനുപാതത്തേക്കാള്‍ കൂടുതലാണ്.

മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനായി 2016-17 സാമ്പത്തിക വര്‍ഷം 3.4 ശതമാനമായിരുന്ന വായ്പകളുടെ മൂല്യം അതിവേഗത്തില്‍ ബാങ്ക് ഉയര്‍ത്തേണ്ടതുണ്ട്്. നേരത്തെ ജെം ഫിനാന്‍ഷ്യല്‍, എവര്‍‌സ്റ്റോണ്‍ പിന്തുണക്കുന്ന ഇന്‍ഡോസ്റ്റാര്‍ കാപിറ്റല്‍ എന്നിവര്‍ സിഎസ്ബി ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. രണ്ടു വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന ബാങ്ക് 2016-17 സാമ്പത്തികവര്‍ഷം 1.5 കോടി രൂപയുടെ ലാഭമാണ് നേടിയത്. കഴിഞ്ഞ മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ബങ്കിന്റെ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ 7.25 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 5.62 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി.

Comments

comments

Categories: Banking