ബൈജൂസ് 40 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു

ബൈജൂസ് 40 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംസ് ലിമിറ്റഡില്‍ നിന്ന് 40 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. പുതിയ വിപണികളിലെ ഉല്‍പ്പന്ന വികസനം ത്വരിതപ്പെടുത്തുന്നതിനും ഏറ്റെടുക്കലുകള്‍ വഴി വളര്‍ച്ച നേടുന്നതിനുമുള്ള പദ്ധതിക്ക് പുതിയ നിക്ഷേപം ബൈജൂസിന് സഹായകരമാകും.ഇതോടെ ബൈജൂസിന്റെ മൂല്യം 775 ദശലക്ഷം ഡോളര്‍ ആയി ഉയര്‍ന്നു.

2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇതു വരെ 250 ദശലക്ഷം ഡോളറിന്റെ നിക്ഷേപസമാഹരണം നടത്തിയിട്ടുണ്ട്. സോഫീന, സെക്ക്വോയ കാപിറ്റല്‍, ദ ചാന്‍ സുക്കന്‍ബെര്‍ഗ് ഫൗണ്ടേഷന്‍, വെര്‍ലിന്‍വെസ്റ്റ്, ആരിന്‍ കാപിറ്റല്‍, ടൈംസ് ഇന്റര്‍നെറ്റ്, ലൈറ്റ്സ്സ്പീഡ് വെഞ്ച്വര്‍ തുടങ്ങിയവരാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രധാന നിക്ഷേപകര്‍. നാലു മാസങ്ങള്‍ക്ക് മുമ്പ് ബെല്‍ജിയം ആസ്ഥാനമായ വെര്‍ലിന്‍വെസ്റ്റില്‍ നിന്നും 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ബൈജൂസ് നേടിയിരുന്നു. അടുത്തിടെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രസാധകരായ പിയേഴ്‌സണില്‍ നിന്ന് ടൂര്‍വിസ്ത, എജുറൈറ്റ് എന്നീ എഡുടെക് കമ്പനികളെയും ബെംഗളൂരു ആസ്ഥാനമായ എജുടെക് കമ്പനിയായ വിദ്യായാത്രയെയും ബൈജൂസ് ഏറ്റെടുത്തിരുന്നു.

‘ടെന്‍സെന്റ് നിക്ഷേപം കമ്പനിയുടെ ശക്തമായ നിക്ഷേപക പിന്തുണയെ കൂടുതല്‍ വൈവിധ്യവല്‍ക്കരിച്ചിരിക്കുകയാണ്. ബ്രാന്‍ഡ് ച്രചാരണം വര്‍ധിക്കുന്നതായും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കപ്പെടുന്നതുമായാണ് ഇപ്പോള്‍ കാണുന്നത്. ഈ വര്‍ഷം ഇരട്ടി വരുമാനം നേടാനാണ് കമ്പനി പദ്ധതിയിടുന്നത്’-ബൈജൂസ് സഹസ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

ഇന്ത്യന്‍ എജുടെക് മേഖലയിലെ പ്രമുഖ നേതൃത്വമായി ബൈജൂസ് വളര്‍ന്നു വരികയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ പഠനാനുഭവം സമ്മാനിച്ചുകൊണ്ട് വിദ്യാഭ്യാസമേഖലയില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനുള്ള സ്റ്റാര്‍ട്ടപ്പിന്റെ ദൗത്യത്തില്‍ പങ്കുചേരാന്‍ സന്തോഷമുണ്ടെന്നും ടെന്‍സെന്റ് ഇന്‍വെസ്റ്റ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഹോംഗ്‌വെ ചെന്‍ പറഞ്ഞു.

ഇന്ത്യയ്ക്കു പുറത്ത് നിലവില്‍ മിഡില്‍ ഈസ്റ്റിലും ബൈജൂസ് പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസ്, യുകെ, ആഫ്രിക്ക മറ്റ് കോമണ്‍വെല്‍ത്ത് വിപണികള്‍ എന്നിവയിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ബൈജൂസിന്റെ ലേണിംഗ് ആപ്ലിക്കേഷന് എട്ടു ദശലക്ഷം ഉപഭോക്താക്കളും 400,000 വാര്‍ഷിക സബ്‌ക്രൈബര്‍മാരുമുണ്ടെന്നാണ് കണക്ക്. നാലു മുതല്‍ 12 ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികളാണ് ബൈജ്യബൂസിന്റെ ഉപഭോക്താക്കള്‍.

Comments

comments

Categories: Business & Economy