ജിഎസ്ടി നാള്‍വഴികള്‍: വിശദമായ പഠന റിപ്പോര്‍ട്ട് അരുണ്‍ ജയ്റ്റ്‌ലി പുറത്തിറക്കി

ജിഎസ്ടി നാള്‍വഴികള്‍: വിശദമായ പഠന റിപ്പോര്‍ട്ട് അരുണ്‍ ജയ്റ്റ്‌ലി പുറത്തിറക്കി

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പുറത്തിറക്കി. ‘ദ ജിഎസ്ടി സാഗ: എ സ്റ്റോറി ഓഫ് എക്‌സട്രാഓര്‍ഡിനറി നാഷണല്‍ അംബിഷന്‍’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2017 ജൂലൈ 1ന് ജിഎസ്ടി വിജയകരമായി പ്രാബല്യത്തില്‍ വരുത്തിയത് കണക്കിലെടുത്ത് ജിഎസ്ടി എങ്ങിനെ വികസിച്ചു, അതിന്റെ ടൈംലൈന്‍, ജിഎസ്ടിയുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച അഭിപ്രായങ്ങള്‍ തുടങ്ങി പാര്‍ലമെന്റിലെ ജിഎസ്ടിയുടെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് പ്രസ്താവനയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

2003ലെ ഖേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ ജിഎസ്ടിയുടെ നാള്‍വഴികളും വ്യക്തമാക്കുന്നു. 31 സംസ്ഥാനങ്ങളില്‍ എസ്ജിഎസ്ടി നിയമനിര്‍മാണം നടത്തിയ തിയതി, ഇന്ത്യന്‍ ജിഎസ്ടി മാതൃകയുടെ പ്രത്യേകത, നിരക്കുകള്‍ നിര്‍ണയിച്ച രീതി, ജിഎസ്ടിയുടെ സാങ്കേതിക നട്ടെല്ലായ ജിഎസ്ടിഎന്‍ തുടങ്ങിയവയെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.

ജിഎസ്ടി ചരിത്രത്തിലെ പ്രധാന സന്ദര്‍ഭങ്ങളുടെ ടൈംലൈന്‍ നോക്കിയാല്‍ വ്യത്യസ്ത രാഷ്ട്രീയ ധാരകളുടെ പിന്തുണ നേടി എങ്ങിനെ ജിഎസ്ടി കടന്നുവന്നുവെന്ന് കാണാന്‍ സാധിക്കും. 2004ലെ ഖേല്‍ക്കര്‍ കമ്മിറ്റി ശൂപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2006 ഫെബ്രുവരി 28നാണ് ജിഎസ്ടി ആദ്യമായി ബജറ്റ് പ്രസംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. 2010 ഏപ്രില്‍ 1 മുതല്‍ ജിഎസ്ടി നടപ്പാക്കുമെന്ന് അന്നത്തെ ധനകാര്യമന്ത്രി പി ചിദംബരം പ്രസ്താവിച്ചു. 2008 ല്‍ സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതിക്ക് രൂപംകൊടുത്തു.

2009ല്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ജിഎസ്ടിയുടെ അടിസ്ഥാന ഘടന പ്രഖ്യാപിച്ചു. എന്നാല്‍ ബിജെപി ഇതിനെ എതിര്‍ത്തു. പുതിയ നികുതി സംവിധാനമായ ജിഎസ്ടി മൂലം പ്രതിവര്‍ഷം 14,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് വരുമെന്ന് ചൂണ്ടിക്കാട്ടി 2013 ഒക്‌റ്റോബറില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി ബില്ലിനെ എതിര്‍ക്കുകയായിരുന്നു. 2014 ഡിസംബര്‍ 19ന് നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കേ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ജിഎസ്ടി സംവിധാനത്തിനു വഴിയൊരുക്കുന്ന 122-ാം ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

Comments

comments

Categories: More