സ്‌പെക്ട്രം പേമെന്റ് കാലാവധി 16 വര്‍ഷമാക്കും

സ്‌പെക്ട്രം പേമെന്റ് കാലാവധി 16 വര്‍ഷമാക്കും

ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി ഐഎംജി ശുപാര്‍ശ

ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ സമ്മര്‍ദം അനുഭവിക്കുന്ന കമ്പനികള്‍ക്ക് സ്‌പെക്ട്രം പേമന്റിനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി (ഐഎംജി)യുടെ ശുപാര്‍ശ. നിരക്കുമല്‍സരവും വായ്പാ ബാധ്യതയും പ്രതിസന്ധിയിലാക്കിയ ടെലികോം കമ്പനികള്‍ക്ക് ഇത് ആശ്വാസം നല്‍കും. ബാക്കിയായ സ്‌പെക്ട്രം പേമെന്റുകള്‍ക്കു (ഇപ്പോള്‍ 10.5 ശതമാനം) മേലുള്ള പലിശ നിരക്കില്‍ കുറവു വരുത്തുന്നതും ഐഎംജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ടെലികോം മേഖലയിലെ പ്രതിസന്ധികള്‍ പരിശോധിക്കുന്നതിനായാണ് കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചത്.

പുതിയ ശുപാര്‍ശ പ്രകാരം നിലവിലെ 8 വര്‍ഷത്തിന് പകരമായി ടെലികോം കമ്പനികള്‍ക്ക് സ്‌പെക്ട്രം പേമെന്റിനായി 16 വര്‍ഷം ലഭിക്കുമെന്നാണ് സൂചന. പ്രാരംഭ ഡൗണ്‍പേമെന്റിനെ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ മോറട്ടോറിയത്തിന് ശേഷമായിരിക്കും തിരിച്ചടവ് കാലാവധി ആരംഭിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഐഎംജി തീരുമാനമെടുത്തിട്ടില്ല. ഇന്റര്‍കണക്ഷന്‍ ചാര്‍ജില്‍ ഇളവ് നല്‍കണമെന്ന റിലയന്‍സ് ജിയോയുടെ ആവശ്യത്തെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ എതിര്‍ത്തിട്ടുണ്ട്. ടെലികോം റെഗുലേറ്ററായ ട്രായ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ടെലികോം കമ്പനികളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് ചെലവുകളില്‍ എന്തെങ്കിലും ഇളവ് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ ക്രമീകൃത മൊത്ത വരുമാനത്തിന്റെ 8 ശതമാനമാണ് വാര്‍ഷിക ലൈസന്‍സ് ഫീസായി ടെലികോം കമ്പനികള്‍ അടയ്ക്കുന്നത്. ഇതില്‍ 5 ശതമാനം യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിലേക്ക് (യുഎസ്ഒഎഫ്) മാറ്റി വെക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം പരിഗണിക്കപ്പെടുമെന്നാണ് സൂചന.

റിലയന്‍സ് ജിയോ സേവനം ആരംഭിച്ചതിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്തെ ടെലികോം മേഖല നേരിടുന്നത്. ജിയോയുടെ സൗജന്യ സേവനങ്ങള്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ സാമ്പത്തികമായി തകര്‍ത്തു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ എന്നിവ പ്രവര്‍ത്തന നഷ്ടത്തിലേക്ക് നീങ്ങിയപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ ലാഭം ചുരുങ്ങി.

വിവിധ നികുതികള്‍, നിരക്കുകള്‍ എന്നിവയിലൂടെ ടെലികോം മേഖലയില്‍ നിന്ന് മികച്ച വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ വ്യവസായത്തിന്റെ വരുമാനത്തില്‍ ഇടിവ് നേരിടുനന്തില്‍ ടെലികോം മന്ത്രാലയത്തിലെ ഒരു വിഭാഗം ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ ടെലികോം കമ്പനികള്‍ സര്‍ക്കാരിന് നല്‍കുന്ന സ്‌പെക്ട്രം ഉപയോഗ നിരക്കില്‍ (എസ്‌യുസി) മാറ്റങ്ങള്‍ക്ക് ഐഎംജി ശുപാര്‍ശ ചെയ്തിട്ടില്ല. മൊത്ത വരുമാനത്തിന്റെ ഏകദേശം 4 ശതമാനമാണ് സ്‌പെക്ട്രം നിരക്കായി ടെലികോം കമ്പനികള്‍ നല്‍കുന്നത്. ടെലികോം സേവനങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന 15 ശതമാനം നികുതി ജിഎസ്ടിക്ക് കീഴില്‍ 18 ശതമാനമാക്കിയത് സംബന്ധിച്ച കാര്യത്തിലും ഐഎംജി ശുപാര്‍ശകളൊന്നും നടത്തിയിട്ടില്ല.

Comments

comments

Categories: Tech