14-ാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് ചുമതലയേറ്റു

14-ാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് ചുമതലയേറ്റു

എതിര്‍ക്കാഴ്ചപ്പാടുകളോടുള്ള ബഹുമാനമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് രാഷ്ട്രപതി

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍ ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലി, രാജ്യത്തിന്റെ പ്രഥമ പൗരനായി റാം നാഥ് കോവിന്ദ് അധികാരമേറ്റു. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്. ദളിത് വിഭാഗത്തില്‍ നിന്നും കെ ആര്‍ നാരായണന് ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യത്തെയാളാണ് റാം നാഥ് കോവിന്ദ്.

ഇന്ത്യയുടെ രാഷ്ട്രപതിയെന്ന ബഹുമതിയെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത ശേഷം റാം നാഥ് കോവിന്ദ് പറഞ്ഞു. ഡോ. രാധാകൃഷ്ണന്‍, ഡോ. അബ്ദുല്‍ കലാം, പ്രണബ് മുഖര്‍ജി തുടങ്ങിയവര്‍ നടന്ന വഴിയിലൂടെ നടക്കാന്‍ സാധിക്കുന്നത് അഭിമാനകരമാണെന്നും റാം നാഥ് പറഞ്ഞു. എതിര്‍ക്കാഴ്ചപ്പാടുകളോടുള്ള ബഹുമാനമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും ഈ സഭയില്‍ വച്ച് പലരുമായി സംവാദത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ വിയോജിപ്പുകളെ ബഹുമാനിച്ചിട്ടുണ്ടെന്നും റാം നാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യത്തോടൊപ്പം, ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സമത്വാധിഷ്ഠിത സമൂഹമാണ് പടുത്തുയര്‍ത്തേണ്ടതെന്നും രാഷ്ട്രപതി വിശദീകരിച്ചു.

21 ആചാരവെടി മുഴക്കിയാണ് പുതിയ രാഷ്ട്രപതിയുടെ കസേര റാം നാഥ് കോവിന്ദിന് കൈമാറിയത്.സത്യപ്രതിജ്ഞ ചടങ്ങിനു പുറപ്പെടും മുമ്പ് റാം നാഥ് കോവിന്ദ് രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയിരുന്നു. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹം സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടൊപ്പം ഒരേ വാഹനത്തിലാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയത്.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ബിജെപി മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, റാം നാഥ് കോവിന്ദിന്റെ അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 65.65 ശതമാനം വോട്ടുകളുടെ വ്യക്തമായ പിന്തുണയോടെയാണ് റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories