നിഫ്റ്റി ആദ്യമായി 10,000 പോയ്ന്റ് കടന്നു

നിഫ്റ്റി ആദ്യമായി 10,000 പോയ്ന്റ് കടന്നു

റിലയന്‍സിന്റെ ഓഹരിയിലുണ്ടായ കുതിപ്പാണ് സൂചിക റെക്കോര്‍ഡിലേക്ക് ഉയര്‍ത്തിയ പ്രധാന ഘടക

മുംബൈ: ചരിത്രം നേട്ടം കുറിച്ചുകൊണ്ടാണ് ഇന്നലെ ഓഹരി വിപണികള്‍ വ്യാപാരം ആരംഭിച്ചത്. 21 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,000 പോയ്ന്റ് കടന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 100 പോയ്ന്റ് ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന റെക്കോഡ് ആയ 32,350ല്‍ എത്തി. പ്രീ ഓപ്പണിങ് സെഷനിലാണു നിഫ്റ്റിയുടെ നേട്ടം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിയിലുണ്ടായ കുതിപ്പാണ് സൂചിക റെക്കോഡിലേക്ക് ഉയര്‍ത്തിയ പ്രധാന ഘടകം. ഇന്‍ഡക്‌സ് വെയ്‌റ്റേജില്‍ റിലയന്‍സിന്റെ മാത്രം പങ്ക് ആറ് ശതമാനത്തിലധികമാണ്. ഈ മാസം മാത്രം 17 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത്. മികച്ച പാദ ഫലങ്ങളും റിലയന്‍സിന്റെ ഓഹരി വില ഉയര്‍ത്തി. കുറേക്കാലം ഓഹരി വിലയില്‍ കാര്യമായ നേട്ടമില്ലാതെ തുടര്‍ന്നെങ്കിലും മികച്ച ഓഫറുകളുമായി ജിയോ അവതരിപ്പിച്ചതും ജിയോ ഫോണിന്റെ പ്രഖ്യാപനവും കമ്പനിക്ക് നേട്ടമായി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഎസ്ടിയുടെ വലിയ സ്വാധീനം പ്രകടമായിട്ടില്ല എന്നതും ഓഹരി വിപണിയെ തുണച്ചു. മിക്ക കമ്പനികളുടെയും പാദ ഫലങ്ങള്‍ വിപണി പ്രതീക്ഷകളോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, എഫ്എംസിജി കമ്പനിയായ എച്ച്‌യുഎല്‍ തുടങ്ങിയവ ആരോഗ്യകരമായ പ്രകടനം കാഴ്ചവെച്ചു. ഐടി രംഗത്ത് ടിസിഎസ് നിരാശപ്പെടുത്തിയെങ്കിലും ഇന്‍ഫോസിസിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. പ്രായേഗിക തടസങ്ങളില്ലാതെ ജിഎസ്ടി നടപ്പാക്കാന്‍ സാധിച്ചതിനും രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിച്ചതിനുമൊപ്പം മികച്ച മണ്‍സൂണ്‍, ആര്‍ബിഐ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയും സൂചികകള്‍ക്ക് കരുത്തായി. വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും പണപ്പെരുപ്പം കുറഞ്ഞതും ഓഹരി വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ആദ്യമാണ് ആര്‍ബിഐയുടെ അടുത്ത ധനനയ അവലോകന യോഗം. പണപ്പെരുപ്പം താഴ്ന്ന തലത്തിലെത്തിയത് പലിശ നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്ര ബാങ്കിനെ സമ്മര്‍ദത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒക്‌റ്റോബറിനു ശേഷം റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തുകയായിരുന്നു എന്നതും പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയ്ക്ക് വകതരുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനങ്ങളും ഓഹരി വിപണിക്ക് പ്രോത്സാഹനമായിട്ടുണ്ട്. 2018ല്‍ ഇന്ത്യ 7.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

ബിഎസ്ഇയില്‍ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോകോര്‍പ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടം കൊയ്തപ്പോള്‍ ലുപിന്‍, സിപ്ല, ഒഎന്‍ജിസി, വിപ്രോ, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികള്‍ നഷ്ടത്തിലായി.

Comments

comments

Categories: Slider, Top Stories