മധു ഭാസ്‌കരന്‍ അഥവാ വിജയത്തിന്റെ മറുവാക്ക്

മധു ഭാസ്‌കരന്‍ അഥവാ വിജയത്തിന്റെ മറുവാക്ക്

തന്റെ കഴിവ് പ്രഭാഷണത്തിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുന്നതിലാണെന്നു പാരലല്‍ കോളേജില്‍ ട്യൂഷനെടുക്കുന്നതിനിടെ തിരിച്ചറിവുണ്ടായ ഒരു യുവാവ്, ആ കഴിവ് വികസിപ്പിക്കുന്നതിനു വേണ്ടി ആത്മാര്‍പ്പണം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അയാള്‍ മേഖലയില്‍ വിജയിച്ചു. ആ യുവാവാണു മധുഭാസ്‌കരന്‍. കാലടിയില്‍ നിന്നും ഉപജീവനത്തിനായി കുടുംബത്തോടെ തമിഴ്‌നാട്ടിലെത്തി ഒരു പുറമ്പോക്കില്‍ ചായക്കട നടത്തി ജീവിച്ച ഭാസ്‌കരന്റെ മകനാണ് മധു. ഇന്നു കേരളം അറിയുന്ന മോട്ടിവേഷനല്‍ ട്രെയ്‌നര്‍ മധു ഭാസ്‌കരനായി വളര്‍ന്നതിനു പിന്നിലുള്ളത് ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളുമായി അദ്ദേഹം നടത്തിയ നിരന്തരമായ പോരാട്ടത്തിന്റെ വിജയഗാഥയാണ്.

ബിസിനസില്‍, വിദ്യാഭ്യാസത്തില്‍, ജീവിതത്തില്‍ തോറ്റുപോയവരെ മധുഭാസ്‌കരന്റെ വാക്കുകള്‍ കൈപിടിച്ച് ഉയര്‍ത്തി. ആത്മഹത്യയുടെ വക്കില്‍ നിന്നു തിരിച്ചുവന്നവരും, ബിസിനസില്‍ വിജയം വരിച്ചവരും, കുടുംബ ജീവിതം തിരികെ കിട്ടിയവരും മധുഭാസ്‌കരനില്‍ നിന്ന് പ്രചോദനം നേടിയവരുടെ കൂട്ടത്തിലുണ്ട്. സ്വന്തം ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കി മാറ്റിയ മധുഭാസ്‌കരന്‍ ഇന്നു നിരവധി കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ മോട്ടിവേഷനല്‍ ട്രെയ്‌നറാണ്. മധു ഭാസ്‌കറുമായി ഫ്യൂച്ചര്‍ കേരളയുടെ ലേഖകന്‍ സജീവ് കോക്കാട്ട് നടത്തിയ അഭിമുഖത്തിലൂടെ

എന്താണ് മോട്ടിവേഷനല്‍ ട്രെയ്‌നിംഗ് ഒരു പ്രൊഫഷനായി തെരഞ്ഞെടുക്കാനുള്ള പ്രചോദനം ?

ലോകത്തുള്ള റിസോഴ്‌സുകളൊക്കെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പെട്രോളിയം അടക്കമുള്ള നാച്ചുറല്‍ റിസോഴ്‌സസ് കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിനു പകരം വയ്ക്കാന്‍ ഒരു മാര്‍ഗം ഉണ്ടായേ പറ്റൂ. ഒരിക്കലും തീരാത്ത അനന്തമായ ഒരു റിസോഴ്‌സ് ഉണ്ടാക്കുകയാണ് ഇതിനുള്ള മാര്‍ഗം. അത് ഹ്യൂമന്‍ റിസോഴ്‌സ് ആണ്. അതിന് ഒരിക്കലും ക്ഷാമം വരാനില്ല. എക്‌സ്‌പ്ലോര്‍ ചെയ്യുന്തോറും പെരുകിക്കൊണ്ടിരിക്കുന്ന സാധനമാണത്. ഭാവിയില്‍ അതിന് അനന്തമായ സാധ്യതയുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് 24 വര്‍ഷമായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത്.

വ്യക്തി ജീവിതത്തിലായാലും ബിസിനസിലായാലും എന്തുകൊണ്ടാണു മോട്ടിവേഷന് ഒരു ട്രെയ്‌നിംഗ് വേണ്ടി വരുന്നത്?

നിരന്തരം പഠിക്കാത്തവര്‍ക്കു പുതിയ ലോകത്ത് നിലനില്‍പ്പില്ല. 15 കൊല്ലം മുമ്പ് ഞാന്‍ ട്രെയ്‌നിംഗ് എടുത്തപ്പോള്‍ ട്രെയ്‌നര്‍ എനിക്ക് പുതിയ അറിവുകള്‍ തരും എന്നതാണ് ട്രെയ്‌നിയുടെ പ്രതീക്ഷ. വിവരവും അറിവും കൊടുക്കലായിരുന്നു അന്ന് ട്രെയ്‌നിംഗ്. പക്ഷെ ഇന്ന് അത്തരം അറിവുകള്‍ ലഭിക്കാന്‍ ഗൂഗിളില്‍ പോയാല്‍ മതി. വിവരം കൊടുക്കുന്ന ആളില്‍ നിന്ന് ഊര്‍ജം പകര്‍ന്നു നല്‍കുന്ന ആള്‍ എന്ന തലത്തിലേക്കു ട്രെയ്‌നര്‍ മാറി. ഇന്‍ഫര്‍മേഷന്‍ ട്രാന്‍സഫറിംഗ് അല്ല എനര്‍ജി ട്രാന്‍സ്ഫറിംഗ് ആണ് ട്രെയിനിംഗ്. പങ്കെടുക്കുന്ന ആളുടെ എനര്‍ജി ലെവല്‍ ഉയര്‍ത്തുകയാണ് ട്രെയ്‌നറുടെ കര്‍ത്തവ്യം. എനര്‍ജി ലെവല്‍ കുറയുമ്പോഴാണ് പ്രവര്‍ത്തിക്കാതിരിക്കുന്നത്. എനര്‍ജി കൂടുമ്പോള്‍ പ്രവര്‍ത്തി താനേ വരും. പ്രവൃത്തിയാണു മാറ്റം കൊണ്ടു വരുന്നത്.
ഇത്തരത്തില്‍ എനര്‍ജി ട്രാന്‍സ്ഫറിംഗ് സാധ്യമാകുന്നതു പറയുന്നവന്റെ ആത്മാര്‍ഥതയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്. മഹാത്മാഗാന്ധി മികച്ച പ്രാസംഗികനല്ല. മഹാത്മാഗാന്ധിയുടെ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടായിരുന്നുവെന്നതാണ് അതിന് രാജ്യം മുഴുവന്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതിനു കാരണം.

പ്രപഞ്ചം മുഴുവന്‍ ഊര്‍ജമാണ്. കോസ്മിക് എനര്‍ജി പ്രവഹിക്കുന്ന ഒരു കണ്ടക്ടറായാല്‍ ഊര്‍ജം നമ്മളിലൂടെ പ്രവഹിക്കും. ഊര്‍ജം പ്രവഹിച്ചാല്‍ ആക്ഷനുണ്ടാകും, ക്ഷീണമുണ്ടാകില്ല. ചില ആളുകള്‍ 20 മണിക്കൂര്‍ പണിയെടുത്താലും ക്ഷീണമുണ്ടാകില്ല. ചിലര്‍ക്ക് രാത്രി രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയാകും. ബാക്കി സമയം കര്‍മനിരതരായിരിക്കും. ഇത്തരം ആളുകളിലൂടെ സാധാരണയിലുമധികം ഊര്‍ജം പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ടാകും. ഇത് എല്ലാവര്‍ക്കും സംഭവിക്കും. ധ്യാനം ചെയ്ത് സംഭവിപ്പിക്കുന്നവരുണ്ട്. കുണ്ഡലീനി (ടെലിവിഷന്‍) ഉണര്‍ത്തി ഒരു ചാനല്‍ തുറന്ന് ഊര്‍ജപ്രവാഹം സംഭവിപ്പിക്കുന്നവരുണ്ട്. എന്റെ കാഴ്ചപ്പാടില്‍ കര്‍മം കൊണ്ടും ഇതു സംഭവിക്കാം. പെര്‍ഫോര്‍മറും പെര്‍ഫോമന്‍സും ഒന്നായാല്‍ ഇത്് സംഭവിക്കാം. അപ്പോള്‍ പ്രപഞ്ചശക്തി നമ്മളിലൂടെ ഒഴുകും. ബിസിനസിലും ഇത് ബാധകമാണ്. ബിസിനസ് അയാളുടെ ജീവിതം തന്നെയായാല്‍, അത് അയാളുടെ ശ്വാസം തന്നെയായാല്‍ ഇതു സംഭവിക്കും. ചെയ്യുന്ന ജോലി ശ്വാസോച്ഛ്വാസം പോലെ ചെയ്യാമെങ്കില്‍ ഈ എനര്‍ജി ഫ്‌ളോ നടക്കും. അപ്പോള്‍ നമുക്ക് ക്ഷീണമുണ്ടികില്ല. നൃത്തത്തിലും പാട്ടിലും അത് സംഭവിക്കാം. ഏത് ജോലിയിലും അത് സംഭവിക്കാം.

ബിസിനസ് ചെയ്യാനായി വരുന്നവരില്‍ കാണുന്ന പ്രധാനപ്രശ്‌നം എന്താണ് ?

പല ബിസിനസുകാരും ബിസിനസുകാരാണെന്നു തെറ്റിധരിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ബിസിനസുകാരല്ല, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ മാത്രമാണു പല ബിസിനസുകാരും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ സ്വയം വിശ്വസിക്കുന്നു, ഞാന്‍ ഒരു ബിസിനസുകാരനാണെന്ന്. രണ്ടും തീര്‍ത്തും വ്യത്യസ്തമായ സങ്കല്‍പമാണ്, മനശാസ്ത്രമാണ്. പത്തു നാല്‍പത് സ്റ്റാഫുണ്ടാകും. നല്ല വരുമാനവുമുണ്ടാകും. ബിസിനസ് ചെയ്യുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നോട് ഇത്് പറയുന്നവരോട് ഞാന്‍ ചോദിക്കും. സര്‍, നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും അന്റാര്‍ട്ടിക്കയിലേക്ക് ടൂര്‍ പോകുന്നു. ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത സ്ഥലത്താണ് പോകേണ്ടത്. നാടുമായി ഒരു ബന്ധവുമില്ല. ആറ് മാസം കഴിഞ്ഞേ തിരിച്ചുവരാന്‍ കഴിയൂ. തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിന്റെ അവസ്ഥയെന്തായിരിക്കും. ഒരു ചുക്കും സംഭവിക്കില്ല, അത് അങ്ങനെ തന്നെ പോകും എന്ന് പറയാന്‍ ധൈര്യമുള്ള ആളാണ് ബിസിനസുകാരന്‍.

നമ്മള്‍ കാണുന്ന 90 ശതമാനം ആളുകള്‍ പറയുക പോയാല്‍ പിന്നെ ബിസിനസ് ഉണ്ടാകില്ലെന്നാണ്. അവര്‍ യഥാര്‍ഥത്തില്‍ സ്വയം തൊഴില്‍ സംരംഭകന്‍ മാത്രമാണ്. സെല്‍ഫ് എംപ്ലോയിയില്‍ നിന്നുള്ള പ്രമോഷനാണു ബിസിനസുകാരന്റേത്. അതിനു വേണ്ട കഴിവുകളും മനോഭാവങ്ങളും വികസിപ്പിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ അയാള്‍ ബിസിനസുകാരനാകും. ലെ മെറിഡിയനില്‍ പൊറോട്ട കിട്ടും. പക്ഷെ ലെ മെറിഡിയന്റെ ഉടമക്ക് പൊറോട്ട അടിക്കാന്‍ അറിയണമെന്നില്ല. പൊറോട്ട അടിക്കാന്‍ അറിയാവുന്നവനെ വെച്ച് പൊറോട്ട അടിപ്പിക്കാനുള്ള ടീമും സിസ്റ്റവുമുണ്ടെങ്കില്‍ അയാള്‍ പൊറോട്ട വില്‍ക്കും. നമ്മുടെ ആളുകള്‍ക്ക് അതുരണ്ടും നടപ്പിലാക്കാനുള്ള ലീഡര്‍മാരും സിസ്റ്റവുമുണ്ടാകാറില്ല.

ഞാന്‍ ബിസിനസ് കോച്ചിംഗ് ചെയ്യുമ്പോള്‍ ട്രെയിനിംഗിന് വരുന്നവരും പേഴ്‌സനല്‍ കോച്ചിംഗിന് വരുന്നവരും ചോദിക്കുന്ന ചോദ്യം എങ്ങനെ ഒരു ബിസിനസ് ചെയ്യണം, എങ്ങനെ എന്റെ ജോലിക്കാരെ മോട്ടിവേറ്റ് ചെയ്യണം, ഒരു സിസ്റ്റം എങ്ങനെ ഇംപ്ലിമെന്റ് ചെയ്യണം, എങ്ങനെ പണക്കാരനാകണം എന്നൊക്കെയാണ്. ഇവരെല്ലാം ‘എങ്ങനെ’ എന്നാണ് ചോദിക്കുന്നത്. ബിസിനസ് എങ്ങനെ ചെയ്യണമെന്നത് ഒരു സ്‌കില്ലാണ്. ചിലപ്പോള്‍ ചിലര്‍ക്ക് വേഗത്തില്‍ പഠിക്കാന്‍ കഴിയും മറ്റു ചിലര്‍ക്ക് കൂടുതല്‍ സമയമെടുക്കേണ്ടി വരും. പക്ഷെ ഇതിനെക്കാള്‍ പ്രസക്തമായ ‘എന്തിന്’ എന്ന ചോദ്യമുണ്ട്. ഞാന്‍ എന്തിനു ബിസിനസുകാരനാകണം. ഞാന്‍ എന്തിനു ട്രെയ്‌നറാകണം. എന്തിന് എന്ന ചോദ്യം ഫിലോസഫിക്കലാണ്. വ്യക്തമായി ആ ഫിലോസഫി അറിയാവുന്നവന് ‘എന്തിന്’ വളരെ എളുപ്പമാകും. എന്തിന് അത് ചെയ്യണമെന്ന് വ്യക്തമായ ധാരണയുണ്ടെങ്കില്‍ എത്ര തടസമുണ്ടെങ്കിലും അത് ചെയ്തിരിക്കും. എന്തിനെന്ന് ബോധ്യമുള്ളവന് തടസങ്ങളില്ല. നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷവും എന്തിന് എന്നതിന്റെ ഉത്തരമറിയാത്തവരാണ്. എന്തിനാണ് ബിസനിസുകാരനായത് എന്ന ചോദിച്ചാല്‍ കാശുണ്ടാക്കാമല്ലോ എന്നായിരിക്കും മറുപടി. കാശുണ്ടാക്കാന്‍ അതിലും എളുപ്പമായി എന്തെല്ലാം വഴികളുണ്ട്.

ജീവനക്കാര്‍ക്ക് ട്രെയ്‌നിംഗ് നല്‍കുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍?

ജോലിക്കാരോടു പൊതുവായി പറയുന്ന കാര്യമുണ്ട്. നിങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നില്‍ക്കുന്ന കാലം രണ്ടു കാര്യങ്ങള്‍ മറക്കാതിരിക്കുക. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം അഞ്ചു കൊല്ലം ഒരു സ്ഥാപനത്തില്‍ പണിയെടുത്ത ശേഷം പുറത്തിറങ്ങുമ്പോള്‍ എന്റെ അഞ്ച് കൊല്ലം പോയി എന്ന് പറയാത്ത രീതിയില്‍ പണിയെടുക്കുക. അഞ്ച് കൊല്ലം ജീവിതത്തില്‍ നിറയെ അനുഭവങ്ങളുള്ള സ്ഥലമായി അതിനെ മാറ്റണം. നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ പണിയെടുക്കുമ്പോള്‍ ഉപയോഗിക്കാന്‍ കമ്പനി മൊബൈല്‍ ഫോണും വാഹനവും ടാഗും വിസിറ്റിങ് കാര്‍ഡുമൊക്കെ തന്നിട്ടുണ്ടാകും. എന്ന് സ്ഥാപനത്തില്‍ നിന്നും തിരിച്ചുപോകുന്നോ അന്ന് അതു തിരിച്ചു മേടിക്കും. പക്ഷെ ബുദ്ധിയുള്ളവന്‍ ചെയ്യുക തിരിച്ചുമേടിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ വികസിപ്പിക്കുന്നതിനു പകരം മാനേജ്‌മെന്റിന് തിരിച്ചെടുക്കാന്‍ സാധിക്കാത്ത സാധനങ്ങള്‍ വികസിപ്പിക്കുക എന്നതാണ്.
ഒട്ടേറെ ബന്ധങ്ങള്‍, കഴിവുകള്‍, മനോഭാവം എന്നിവ വളര്‍ത്തിയെടുക്കാം. നീ ഇവിടെ വന്നിട്ടല്ലേ സെയില്‍സ് പഠിച്ചത് സെയില്‍സ് ഇവിടെ വെച്ചിട്ടു പോ എന്ന് മാനേജ്‌മെന്റിന് പറയാന്‍ കഴിയില്ല.

അതുകൊണ്ട് തിരിച്ചെടുക്കാനാകാത്ത സാധനങ്ങള്‍ വികസിപ്പിക്കുക. ഏത് ജോലിയും പഠിക്കാനും സ്വയം മെച്ചപ്പെടാനുമുള്ള അവസരം കൂടിയാണ്. ഇവിടെ നിന്നുകൊണ്ട് എത്ര പഠിക്കാന്‍ പറ്റും എത്ര വളരാന്‍ പറ്റും അത്രയും ചെയ്യുക. ഇത് നടക്കണമെങ്കില്‍ അവിടെ നില്‍ക്കുന്ന കാലത്തോളം അതിന് വേണ്ടി മരിക്കുക. കമ്മിറ്റഡ് ആയിരിക്കുക. എന്ന് അതിനോട് കമ്മിറ്റ്‌മെന്റ് കാണിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെടുന്നുവോ അന്ന് ആ സ്ഥലത്തു നിന്നും വിട്ടേക്കുക. കമ്മിറ്റ്‌മെന്റ് ഇല്ലാതെ പണിയെടുക്കുമ്പോള്‍ നിങ്ങളല്ല പണിയെടുക്കുന്നത് നിങ്ങളുടെ ശവമാണ് പണിയെടുക്കുന്നത്.
പുതിയ കാലത്ത് വിജയകരമായി ജോലി ചെയ്യുന്നവര്‍ക്കു വേണ്ടതു ജോലക്കാരെയല്ല, ഉടമയെ അല്ലെങ്കില്‍ പങ്കാളിയെയാണ്. ഉടമ ലീഡറാണ്. ഉടമക്ക് ഒരു ചുമതലയും ജീവനക്കാരന് മറ്റൊരു ചുമതലയുമാണ്. കമ്പനിയിലെ എക്കൗണ്ടന്റിന് ഒരു റോളുണ്ട്. എഗ്രിമെന്റില്‍ എഴുതിവെച്ചിട്ടുള്ള റോള്‍ അയാള്‍ കൃത്യമായി ചെയ്യുന്നുണ്ട്. ഒരു ദിവസം അയാള്‍ പുറത്തിറങ്ങിപ്പോകുമ്പോള്‍ ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ആ റൂമില്‍ മറ്റാരുമില്ല. നമ്മള്‍ എഴുതിക്കൊടുത്ത ജോലിയില്‍ ഫാന്‍ ഓഫ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല.

പക്ഷെ അയാള്‍ ഫാന്‍ ഓഫ് ചെയ്തു. അത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഈ ഫാന്‍ ഇവിടെ കറങ്ങിയാല്‍ ഇലക്ട്രിസിറ്റി ബില്‍ കൂടും. ഇലക്ട്രിസിറ്റി ബില്‍ കൂടിയാല്‍ അത് ഈ സ്ഥാപനത്തിന്റെ ലാഭത്തെ ബാധിക്കും. സ്ഥാപനത്തിന്റെ ലാഭത്തെ ബാധിച്ചാല്‍ അത് എന്നെ ബാധിക്കും. ഇത് ലീഡര്‍മാരുടെ ചിന്താഗതിയാണ്. നമുക്ക് ജീവനക്കാരെയല്ല വേണ്ടത് ഇത്തരം ലീഡര്‍മാരെയാണ്. കമ്മിറ്റഡ് ആയ അത്തരം ജോലിക്കാരുടെ എണ്ണം കുറയുകയാണ്. ആളുകള്‍ക്ക് അവസരങ്ങള്‍ കൂടിയത് ഇതിന് കാരണമാണ്. പലരും ജോലിയെ ഇടത്താവളമായിട്ട് കണ്ട് കയറുന്നവരാണ്.

പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?

നമ്മളൊക്കെ വളര്‍ന്നുവന്ന കാലത്തു ധാരാളം റോള്‍ മോഡലുകള്‍ സമൂഹത്തിലുണ്ടായിരുന്നു. ഇന്ന് അങ്ങനെ കുട്ടികളെ പ്രചോദിപ്പിക്കുന്ന മാതൃകാ പുരുഷന്‍മാര്‍ സമൂഹത്തില്‍ കുറവായി. യുവജനങ്ങള്‍ ഇന്ന് ഒരു ആശയക്കുഴപ്പത്തിലാണ്. അവസരങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. എവിടെ തിരിഞ്ഞാലും അവസരങ്ങളാണ്. ഒരു കഞ്ഞിയും ചമ്മന്തിയും ഉള്ള സമയത്ത് നല്ല വിശപ്പുണ്ടായിരുന്നു. ഇപ്പോള്‍ 25 തരം കറിയുള്ളതു കൊണ്ട് വിശപ്പ് കുറഞ്ഞു. ചോയ്‌സ് കൂടുന്നത് സ്വാതന്ത്ര്യമാണ്. പക്ഷെ ചോയ്‌സ് കൂടുമ്പോള്‍ കണ്‍ഫ്യൂഷനും കൂടും. കുട്ടികള്‍ക്ക് ചോയ്‌സ് കൂടിയപ്പോള്‍ കണ്‍ഫ്യൂഷനായി. ആരെയാണ് ഫോളോ ചെയ്യേണ്ടത് എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനായി. പൈസയുണ്ടാക്കുന്നതാണോ പ്രധാനം, പൈസക്കാരെ ഫോളോ ചെയ്യണോ, എത്തിക്‌സ് ഉള്ള സമ്പന്നനെയാണോ എത്തിക്‌സ് ഇല്ലാത്ത സമ്പന്നനെയാണോ ഫോളോ ചെയ്യേണ്ടത് എന്നറിയാന്‍ വയ്യാത്ത അവസ്ഥയായി.

ഡിമാന്‍ഡ് ആന്റ് സപ്ലെ എന്ന ബിസിനസ് കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഡിമാന്‍ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള്‍ വില കൂടും എന്നാണു നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് ഒന്നിനും വിലയില്ലാത്തതിനു കാരണം സപ്ലൈ കൂടുതലായതാണ്്. ഞാന്‍ പഠിച്ച കാലത്ത് ഒരു പെന്‍സിലാണ് ഒന്നോ രണ്ടോ ടേം ഉപയോഗിക്കുന്നത്. ഇന്ന് ദിവസവും ഓരോ പെന്‍സിലാണ്. അപ്പോള്‍ സപ്ലൈ സ്വാഭാവികമായി കൂടി. ഡിമാന്‍ഡ് കുറയുകയും ചെയ്തു. അതോടെ അതിനു വിലയില്ലാതായി. അതുകൊണ്ട് കുട്ടികള്‍ക്ക് ജീവിതത്തിന്റെ ഗൗരവം എന്താണെന്ന തിരിച്ചറിവ് നഷ്ടപ്പെടുകയാണ്. ആ തിരിച്ചറിവ് ഉള്ളവരെല്ലാം ലോകത്ത് വിജയിച്ചവരായി ജീവിക്കുകയും ചെയ്യുന്നു.

വിജയം എന്ന് പറയുന്നത് ഒരു തെരഞ്ഞെടുക്കലാണ്. അതിന് ഒരു ബാക്ക്ഗ്രൗണ്ടും വേണ്ട എന്ന് അടിയുറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍. കാരണം അങ്ങനെയാണെങ്കില്‍ ഞാന്‍ ഇവിടെ എത്താന്‍ പാടില്ലായിരുന്നു. തമിഴ്‌നാട്ടിലെ പുറമ്പോക്കില്‍ ജീവിച്ച ഞാന്‍ അവിടെ നിന്ന് ഇവിടെ എത്തിയെങ്കില്‍ അതിന് മറ്റൊരു കാരണവുമില്ല. നമ്മുടെ ജീവിതം എങ്ങനെയാകണം എന്നു നമ്മള്‍ തെരഞ്ഞെടുത്തതാണ്. ആ തെരഞ്ഞെടുപ്പുള്ളവര്‍ക്കെല്ലാം ജീവിതം സുന്ദരമാണ്. പക്ഷെ തെരഞ്ഞെടുപ്പില്‍ റിസ്‌കുണ്ട്. തെരഞ്ഞെടുത്തത് ഞാനായതിനാല്‍ അതിന്റെ പ്രത്യാഘാതം ഞാന്‍ അനുഭവിക്കണം. മറ്റുള്ളവര്‍ തെരഞ്ഞെടുത്താല്‍ ഉത്തരവാദിത്വം കുറവാണ്. മൂന്നു തലമുറക്കു ശേഷം സ്വത്ത് നിലനില്‍ക്കില്ലെന്ന് ഒരു ചൈനീസ് വിശ്വാസമുണ്ട്. കാരണം ലളിതമാണ്. ആദ്യത്തെ തലമുറ ഏറെ കഷ്ടപ്പെട്ട് ഓരോന്നിന്റെയും മൂല്യം മനസിലാക്കിയവരാണ്. രണ്ടാമത്തെ തലമുറ അത് കണ്ടു പഠിച്ചവരാണ്. മൂന്നാമത്തെ തലമുറക്ക് അതു കാണാനില്ല. അറിയാനില്ല. ഇവരുടെ കൈയില്‍ നിന്ന് ഇതു നഷ്ടമാകും. കൊടികുത്തി വാണ തറവാടുകള്‍ പലതും പില്‍ക്കാലത്ത് കാണാതാകുന്നതിന്റെ കാരണം അതാണ്. ഇതിന് അപവാദങ്ങളുണ്ട്. പക്ഷെ പൊതുവില്‍ ഇതാണ് സംഭവിക്കുന്നത്. വലിയ ഒരു കോടീശ്വരന്‍ തന്റെ ചെറുമകനു സൈക്കിള്‍ വാങ്ങിക്കൊടുക്കാന്‍ അവനെക്കൊണ്ട് പച്ചക്കറി കൃഷി ചെയ്യിച്ച് അതിന്റെ പണം കൊണ്ട് സൈക്കിള്‍ വാങ്ങിക്കൊടുത്ത അനുഭവമുണ്ട്. അത്തരം കുടുംബങ്ങളില്‍ സ്വത്ത് നിലനില്‍ക്കും.

മനുഷ്യന്റെ അപാരമായ കഴിവിനെക്കുറിച്ച് എല്ലാ പ്രസംഗങ്ങളിലും പറയാറുണ്ട്. വിശദീകരിക്കാമോ?

ഈ ലോകത്ത് ഒരു ജന്‍മമുണ്ടെങ്കില്‍, ജീവന്‍ തുടിച്ചു വരുന്നുണ്ടെങ്കില്‍ അതിന് ഒരു പ്രത്യേകതയുണ്ടാകും. ഒരു സവിശേഷത (uniqueness) ഇല്ലാതെ ലോകത്ത് ഒരു ജീവനുണ്ടാകില്ല. അത് പ്രകൃതിയുടെ പ്രത്യേകതയാണ്. നമ്മുടെ മുഖത്തിന്റെ അതേ പ്രത്യേകതയുള്ള മറ്റൊരാളെ നമുക്ക് കണ്ടുമുട്ടാന്‍ കഴിയില്ല. മുഖത്തിന്റെ ചെറിയ സ്‌പേസില്‍ ഇത്രയും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രകൃതിക്കു കഴിയുമെങ്കില്‍ ഈ മനുഷ്യന്റെ ഉള്ളില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ അവനു സവിശേഷമായ കഴിവുകള്‍ ഉണ്ടാക്കാന്‍ പ്രകൃതിക്കു കഴിയുമെന്നതില്‍ സംശയം വേണ്ട. ഒരു യുണീക്‌നസ് (uniqueness) ഇല്ലാതെ നിങ്ങള്‍ക്കു ജന്‍മമില്ല. ആ യൂണീക്‌നസില്‍ നിങ്ങള്‍ക്ക് അനന്തമായ കഴിവുണ്ടാകും. ഒരാള്‍ക്ക് അനന്തമായ കഴിവുകളുള്ള ഒരു കാര്യത്തില്‍ മറ്റൊരാള്‍ക്ക് അതേ കഴിവ് ഉണ്ടാകണമെന്നില്ല. ഒരു മനുഷ്യന്‍ ജീവതത്തില്‍ രക്ഷപ്പെടാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി. എന്റെ കഴിവ് ഏതിലാണ് എന്ന് നിരന്തരമായി അന്വേഷിക്കുക. അവിടെ നിരന്തരമായി എക്‌സ്‌പ്ലോര്‍ ചെയ്യുക. അതിന് ലോകത്ത് എന്തെല്ലാം വഴിയുണ്ട്. ആരെ കാണണം എന്തെല്ലാം ചെയ്യണം എന്തെല്ലാം പുസ്തകങ്ങള്‍ വായിക്കണം. എന്ന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക. നിങ്ങള്‍ കുഴിക്കേണ്ട സ്ഥലത്ത് ഞാന്‍ കുഴിച്ച് വെള്ളം കിട്ടുന്നില്ല എന്ന പറയുന്നതാണ് നമ്മുടെ നാട്ടില്‍ പറ്റുന്ന അബദ്ധം. അബുദാബിയില്‍ മുളക്കുന്ന ഈന്തപ്പന കേരളത്തില്‍ മുളക്കില്ല. കേരളത്തില്‍ മുളക്കുന്ന ജാതിക്ക അബുദാബിയില്‍ മുളക്കില്ല. ഇത് നമ്മളെ പഠിപ്പിക്കുന്ന പാഠം ഇതാണ്- ഓരോ വിത്തിനും വീഴാന്‍ ഒരു സ്ഥലമുണ്ട്. ആ സ്ഥലത്ത് വീണാലേ വൃക്ഷമുണ്ടാകൂ. അതുപോലെ ഓരോ മനുഷ്യനും വീഴാന്‍ ഒരു സ്ഥലമുണ്ട്. അവിടെ അവന്‍ വൃക്ഷമാകും. നമ്മുടെ ആളുകള്‍ ചെയ്യുന്നത് ഒന്നുകില്‍ തെറ്റായ സ്ഥലത്ത് കൊണ്ടു ചെന്നിടും. ശരിയായ സ്ഥലത്ത് ഇട്ടാലും വെള്ളവും വളവുമൊന്നും കൊടുത്ത് വളര്‍ത്തില്ല. ശരിയായ സ്ഥലം എങ്ങനെ കണ്ടെത്താന്‍ കഴിയും എന്നതിന് നിരന്തരമായ അന്വേഷണം ആവശ്യമുണ്ട്. ഈ അന്വേഷണമാണ് ജീവിതം.

24 വര്‍ഷത്തെ മോട്ടിവേഷനല്‍ ട്രെയ്‌നിംഗ് അനുഭവങ്ങളില്‍ അവിസ്മരണീയമായത്?

നിരവധിയുണ്ട്. ട്രെയ്‌നിംഗ് കണ്ട് പലരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി എന്നു പറയുന്നതാണ് ഏറ്റവും സംതൃപ്തി തരുന്ന അനുഭവം. മൂന്നു ദിവസത്തെ ട്രെയ്‌നിംഗില്‍ പങ്കെടുത്ത ആളുടെ ഭാര്യ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു. സ്വയം പരിചയപ്പെടുത്തി. നിങ്ങള്‍ ഇയാളെ എന്താണ് ചെയ്തത്. കല്യാണം കഴിഞ്ഞിട്ട് 13 വര്‍ഷമായി. ഇന്നു വരെ ഇയാള്‍ എന്നോട് മര്യാദക്ക് പെരുമാറിയിട്ടില്ല. രണ്ടു ദിവസമായി ഇയാള്‍ക്ക് ഷോക്കടിപ്പിച്ച പോലെയുള്ള മാറ്റം. ഭയങ്കര സ്‌നേഹം. ബിസിനസ് ട്രെയ്‌നിംഗ് ആയിരുന്നു. പക്ഷെ കുടുംബവുമായി ബന്ധപ്പെടുത്തിയാണു ക്ലാസെടുക്കുക. ഒരാള്‍ കുടുംബത്തില്‍ ആത്മാര്‍ഥതയില്ലാത്തവനാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥലത്തും ആത്മാര്‍ഥത ഉണ്ടാകാനിടയില്ല. കാരണം ആത്മാര്‍ഥത തൊഴില്‍പരമായതല്ല, വ്യക്തിത്വപരമായതാണ്.

ഒരിക്കല്‍ വിദേശത്ത് നിന്ന് ഒരു കാള്‍ വന്നു. കേരളത്തില്‍ ബിസിനസ് ചെയ്തു പൊളിഞ്ഞ് നാടുവിട്ടു വന്നതാണ്. കോടികളുടെ സാമ്പത്തിക ബാധ്യതയുണ്ട്. ഇവിടെ വന്നിട്ടും ജോലി ശരിയായില്ല. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ആത്മഹത്യക്ക് വേണ്ടി തുണി ഫാനില്‍ കെട്ടിയപ്പോള്‍ ചെവിയില്‍ ഒരു ശബ്ദം മുഴങ്ങി. ‘ആത്മഹത്യ ചെയ്യുന്നവന്‍ മൃഗത്തേക്കാള്‍ മോശപ്പെട്ടവനാണ്’. ഞാന്‍ കയര്‍ ഊരിവെച്ചു. അത് സാറിന്റെ വീഡിയോയില്‍ കേട്ട ശബ്ദമായിരുന്നു. ഞാന്‍ ഇനി ആത്മഹത്യചെയ്യാന്‍ ശ്രമിക്കില്ല- അയാള്‍ പറഞ്ഞു.

ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ട്രെയ്‌നര്‍, പേഴ്‌സനല്‍ കോച്ച്, സമഗ്ര പ്രോഗ്രസീവ് ലേണിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഒ, ഇന്റര്‍നാഷണല്‍ യോഗ ടീച്ചര്‍, ഹിപ്‌നോതെറാപ്പിസ്റ്റ്, ഇന്റര്‍നാഷണല്‍ ഫയര്‍വാക്ക് ഇന്‍സ്ട്രക്ടര്‍, എന്‍ എല്‍ പി പ്രാക്ടീഷനര്‍.

വി ഗാര്‍ഡ്, സാംസങ് മൊബൈല്‍സ്, സിംടെല്‍, ഡിലൈഫ്, 3 എഫ്, ടാറ്റാ മോട്ടോഴ്‌സ്, എ എം മോട്ടോഴ്‌സ്, കെല്‍ട്രോണ്‍, മലയാള മനോരമ, ഡി സി ബുക്‌സ്, എസ് ബി ഐ ലൈഫ്, എല്‍ ഐ സി, സ്റ്റാര്‍ഹെല്‍ത്ത് കജിമ(ജപ്പാന്‍) തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ട്രെയിനര്‍. യൂനിസെഫ് പ്രോജക്ടിന്റെ മാസ് ട്രെയ്‌നര്‍. നിരവധി എന്‍ ജി ഒ കളുടെ ട്രെയിനിംഗ് കണ്‍സള്‍ട്ടന്റ്. തൃശൂരിലെ കിലയിലും സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കരിയര്‍ ഗൈഡ് പ്രോജക്ടിലും ഫാക്കല്‍റ്റി. മലയാള മനോരമ പ്രസിദ്ധീകരിച്ച തോറ്റവര്‍ക്കും വിജയിക്കാം, വീഴ്ചകളില്‍ നിന്ന് വിജയത്തിലേക്ക്, ലക്ഷ്യം നേടാന്‍ ശരിയായ തീരുമാനങ്ങള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവ്. യൂട്യൂബില്‍ ഏറ്റവുമധികം പേര്‍ കാണുന്ന മലയാളത്തിലുള്ള പ്രചോദന പ്രഭാഷകന്‍.

Mobile- +91 9447 12 6353
Phone – +91 484 2302353

Web- www.madhubhaskaran.com
Email- madhubhaskaran123@gmail.com

 

Comments

comments

Categories: FK Special, Motivation