ഖത്തറുമായി ബന്ധമുണ്ടെന്നാരോപിച്ച് വ്യക്തികളേയും സംഘടനകളേയും ബ്ലാക് ലിസ്റ്റ് ചെയ്തു

ഖത്തറുമായി ബന്ധമുണ്ടെന്നാരോപിച്ച് വ്യക്തികളേയും സംഘടനകളേയും ബ്ലാക് ലിസ്റ്റ് ചെയ്തു

ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും ഖത്തര്‍, യെമന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെയുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

റിയാദ്: ഖത്തറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒന്‍പത് സ്ഥാപനങ്ങളേയും ഒന്‍പത് വ്യക്തികളേയും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഖത്തറുമായി ചേര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കിയവരെയാണ് നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ജൂണ്‍ ആദ്യം വിച്ഛേദിച്ചിരുന്നു. രാജ്യവുമായി ബന്ധമുണ്ടായിരുന്ന നിരവധി പേരെ നേരത്തേതന്നെ അറബ് രാജ്യങ്ങള്‍ ബ്ലാക് ലിസ്റ്റ് ചെയ്തിരുന്നു.

ഖത്തറിന്റെ സ്ഥാപനങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും ഖത്തര്‍, യെമന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചാരിറ്റി, മീഡിയ സ്ഥപനങ്ങള്‍ക്കെതിരേയാണ് നടപടി.

നുശ്ര ഫ്രണ്ട് ജിഹാദിസ്റ്റ് ഉള്‍പ്പടെയുള്ള സിറിയയിലെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചു എന്നതാണ് ചില വ്യക്തികള്‍ക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. അല്‍ ഖൈദയ്ക്ക് ധനസഹായവും പിന്തുണയും നല്‍കുന്നെന്നാരോപിച്ചായിരുന്നു മറ്റുള്ളവര്‍ക്കെതിരേ നടപടിയെടുത്തത്. ഖത്തര്‍ അധികൃതര്‍ ഇവര്‍ക്കെതിരേ അടുത്ത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തീവ്രവാദ ഗ്രൂപ്പുകളേയും അതിലെ അംഗങ്ങളേയും പ്രോസിക്യൂട്ട് ചെയ്യണമെന്നും സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിലില്‍ പറഞ്ഞു.

യെമനില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സംഘടനകളും ലിബിയയിലെ ആറും സംഘടനകളുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഖത്തറില്‍ നിന്നും യെമനില്‍ നിന്നുമുള്ള മൂന്ന് വീതം പേരും ലിബിയയില്‍ നിന്നുള്ള രണ്ടുപേരും ഒരു കുവൈറ്റ് പൗരനുമാണ് നടപടി നേരിടുന്നത്.

Comments

comments

Categories: Arabia