പ്രതികളെ ഓടിച്ചിട്ട് പിടിക്കാന്‍ ദുബായ് പൊലീസിന്റെ റോബോ കാര്‍ ; ഡ്രോണുകള്‍ പറത്താനും മടിക്കില്ല

പ്രതികളെ ഓടിച്ചിട്ട് പിടിക്കാന്‍ ദുബായ് പൊലീസിന്റെ റോബോ കാര്‍ ; ഡ്രോണുകള്‍ പറത്താനും മടിക്കില്ല

സിംഗപുരിലെ റോബോട്ടിക്‌സ് സ്റ്റാര്‍ട്ട് അപ്പായ ഓട്‌സോ ഡിജിറ്റലാണ് ഒ-ആര്‍3 നിര്‍മ്മിച്ചത്

ദുബായ് : അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ നൈറ്റ് റൈഡറിലെ ‘കിറ്റ്’ അല്ല ഈ കാര്‍. എന്നാല്‍ ഏതാണ്ട് അതിനടുത്ത് വരും ദുബായ് പൊലീസിലെ ഈ പുതിയ ഓഫീസര്‍. സംഭവ ബഹുലമാണ് ഒ-ആര്‍3 എന്ന് പേരുള്ള ഈ റോബോ കാറിന്റെ വിശേഷങ്ങള്‍. നാല് പാടും നോക്കിക്കാണുന്നതിന് 360 ഡിഗ്രി കാമറയാണ് കാറിന്റെ ഒരു പ്രത്യേകത. വാണ്ടഡ് ക്രിമിനലുകളെയും സ്ഥിരം കുറ്റവാളികളെയും സ്‌കാന്‍ ചെയ്ത് തിരിച്ചറിയുന്നതിനും ഈ കാമറ ഒ-ആര്‍3 എന്ന പൊലീസ് ഓഫീസറെ സഹായിക്കും. നൂതന ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയറാണ് കാറിന് ഇക്കാര്യത്തില്‍ സഹായകമാകുന്നത്.

സിംഗപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ് സ്റ്റാര്‍ട്ട് അപ്പായ ഓട്‌സോ ഡിജിറ്റലാണ് ഒ-ആര്‍3 നിര്‍മ്മിച്ചത്. മനുഷ്യ പൊലീസ് ഓഫീസര്‍ക്ക് പകരം വെയ്ക്കാവുന്ന റോബോ പൊലീസ് ഓഫീസറായല്ല ഈ കാറിനെ രൂപകല്‍പ്പന ചെയ്തത്. മനുഷ്യ പൊലീസിന്റെ ജോലി ഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയെന്നതാണ് റോബോ കാറിന്റെ ഡ്യൂട്ടി. ഈ സായുധ കാറിന് സ്വയം ചാര്‍ജ് ചെയ്യാന്‍ കഴിയും. ഡ്രോണ്‍ (ആളില്ലാ ചെറു വിമാനം) ആണ് ഒ-ആര്‍3 കൈവശം വെച്ചിരിക്കുന്ന ആയുധം. പിന്തുടരാന്‍ കഴിയാത്ത വിധം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ റോബോ കാര്‍ ഡ്രോണ്‍ പറത്തിവിടും.

റോബോട്ട് പോലെയുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ദുബായ് പൊലീസ് ശ്രമിക്കുന്നതെന്ന് മേജര്‍ ജനറല്‍ പറഞ്ഞു. വന്‍ സേനാ വിന്യാസം നടത്താതെ തെരുവുകളും വഴികളും തന്ത്രപ്രധാന കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ റോബോ കാറിന് കഴിയും. വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉദ്ദേശിച്ചാണ് റോബോട്ടുകളെ സേനയുടെ ഭാഗമാക്കിയിരിക്കുന്നത്.

2030 ഓടെ സേനയുടെ അംഗബലം 25 ശതമാനം വെട്ടിക്കുറച്ച് റോബോട്ടുകളെ നിയമിക്കുകയാണ് ദുബായ് പൊലീസിന്റെ ലക്ഷ്യം. ബുഗാട്ടി, മക്‌ലാറന്‍ കാറുകള്‍ പൊലീസിന്റെ ഗാരേജില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ടെലിപ്രസന്‍സ് റോബോട്ടുകളിലെ തുടക്കക്കാരനാണ് ഒ-ആര്‍3.

Comments

comments

Categories: Auto