രണ്ടാം പാദത്തില്‍ ഡൂവിന്റെ വരുമാനം വര്‍ധിച്ചു

രണ്ടാം പാദത്തില്‍ ഡൂവിന്റെ വരുമാനം വര്‍ധിച്ചു

കമ്പനിയുടെ അറ്റലാഭം 0.3 ശതമാനം ഉയര്‍ന്ന് 446.7 മില്യണ്‍ ദിര്‍ഹമായി

അബുദാബി: യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഡുവിന്റെ ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ വരുമാനത്തില്‍ 6.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ കമ്പനിയുടെ വരുമാനം 3.26 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്ന് എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍ കമ്പനി (ഡു) അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 3.07 ബില്ല്യണ്‍ ദിര്‍ഹം ആയിരുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഓഹരിയുടമകള്‍ക്ക് 589.3 മില്യണ്‍ ദിര്‍ഹം ഡിവിഡന്റായി നല്‍കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി വ്യക്തമാക്കി. സെപ്റ്റംബറില്‍ ഇതിന് അംഗീകാരം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തില്‍ ടെലികോമിന്റെ അറ്റലാഭം 446.7 മില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 0.3 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

അതുപോലെ കമ്പനിയിലെ മൊബീല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ 8.1 മില്യണായിരുന്ന ഉപഭോക്താക്കളുടെ എണ്ണം 8.2 മില്യണായി വര്‍ധിച്ചെന്ന് ഡു കൂട്ടുച്ചേര്‍ത്തു. മൊബീല്‍ വില്‍പ്പന വര്‍ധിച്ചതും ഹോള്‍സെയ്ല്‍ പ്രകടനം മെച്ചപ്പെട്ടതും വരുമാനം വര്‍ധിക്കാന്‍ കാരണമായി. വിര്‍ജിന്‍ മൊബീല്‍ ബ്രാന്‍ഡിനെ കൊണ്ടുവന്നതും രണ്ടാം പാദത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്തു.

മൊബീല്‍ ഡാറ്റയിലും ഡാറ്റ മോണിറ്റൈസേഷനിലും നിലനില്‍ക്കുന്ന സമ്മര്‍ദ്ദം മാര്‍ക്കറ്റില്‍ വെല്ലുവിളി സൃഷ്ടിക്കുമ്പോഴും രണ്ടാം പാദത്തിലും വര്‍ഷത്തിന്റെ ആദ്യ പകുതിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ഡു സിഇഒ ഒസ്മാന്‍ സുല്‍ത്താന്‍ പറഞ്ഞു. ഭാവിയില്‍ സ്മാര്‍ട്ട് ദുബായ്, വിര്‍ജിന്‍ മൊബീല്‍ ബ്രാന്‍ഡ് തുടങ്ങിയവയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം.

Comments

comments

Categories: Arabia, Business & Economy